ഷിരൂരില്‍ അര്‍ജുനിന് വേണ്ടിയുളള തിരച്ചില്‍ ഏകോപിപ്പിക്കുന്നതിനായി തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലും കല്യാശ്ശേരി എംഎല്‍എ എന്‍ വിജിനും പുറപ്പെട്ടു; പോയത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരം
രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് സർകാർ.
കാസര്‍കോട്: (KasargodVartha) ഷിരൂരില്‍ (Shirur) അര്‍ജുനിന് വേണ്ടിയുളള തിരച്ചില്‍ ഏകോപിപ്പിക്കുന്നതിനായി തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലും കല്യാശ്ശേരി എംഎല്‍എ എന്‍ വിജിനും പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ (CM Pinarayi Vijayan) നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് ജനപ്രതിനിധികള്‍ തിരച്ചില്‍ കേന്ദ്രത്തിലേക്ക് പോയിരിക്കുന്നത്. നിലവില്‍ അവിടെ മന്ത്രി എകെ ശശീന്ദ്രനും (Minister AK Saseendran) കോഴിക്കോട് എംഎല്‍എ ലിന്റോയും ബാലുശ്ശേരി എംഎല്‍എ കെഎന്‍ സച്ചിന്‍ ദേവും അവിടെയുണ്ട്. ഇവര്‍ കേരളത്തിലേക്ക് മടങ്ങുന്നതിനാലാണ് രാജഗോപാലിനെയും വിജിനെയും പകരം നിയോഗിച്ചിരിക്കുന്നത്.
കേരളത്തിന്റെ ഭാഗത്തുനിന്നും തിരച്ചിലിന് മറ്റെന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ അവിടെയെത്തിയശേഷം ജില്ലാഭരണകൂടവുമായി ആശയവിനിമയം നടത്തി മുഖ്യമന്ത്രി അറിയിക്കുമെന്ന് എം രാജഗോപാല്‍ എംഎല്‍എ യാത്രാമധ്യേ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മഞ്ചേശ്വരം എകെഎം അശ്‌റഫും സംഭവസ്ഥലത്തുണ്ടെന്നും അശ്‌റഫുമായും ഇതുവരെയുള്ള കാര്യങ്ങളെകുറിച്ച് കൂടിയാലോചന നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സംഭസ്ഥലം സന്ദര്‍ശിച്ചിരുന്നു. കര്‍ണാടക സര്‍കാരിന്റെ ഭാഗത്തുനിന്നും നിലവിലുള്ള തിരച്ചിലിന്റെ കാര്യത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചാണ് റിയാസ് മടങ്ങിയത്. സാധ്യമായ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ചുള്ള തിരച്ചിലാണ് നടത്തിവരുന്നത്. ഷിരൂര്‍ കുന്ന് ഒന്നാകെ ഇടിഞ്ഞി ഗംഗാവാലി പുഴയോരത്ത് പതിച്ചതിനാല്‍ 60 മീറ്റര്‍ താഴ്ചയില്‍ ലോധി കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്. മരത്തടി കയറ്റിയ ലോറി ഉയര്‍ത്താനുള്ള ശ്രമം 12-ാം ദിവസവും വിജയത്തിലെത്തിയിട്ടില്ല.
ഇത്രയും വലിയ രക്ഷാദൗത്യം ഇന്‍ഡ്യയില്‍ ഒരാള്‍ക്ക് വേണ്ടിയും നടത്തിയിട്ടില്ല. തുടക്കത്തില്‍ തിരച്ചില്‍ മന്ദഗതിയിലായിരുന്നുവെങ്കിലും മൂന്നാം ദിനമാണ് കര്‍ണാടക സര്‍കാരും മറ്റ് ഏജന്‍സികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയത്. അര്‍ജുന്‍ ഇപ്പോഴും ഓരോ മലയാളികളുടെയും മനസിലെ നൊമ്പരമായി അവശേഷിക്കുകയാണ്.