Relief | വയനാട് ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് സഹായഹസ്തങ്ങൾ ഒഴുകുന്നു; ശനിയാഴ്ച വരെ എത്തിയത് 593 ക്വിന്റല്‍ അരി, 5000 പാക്കറ്റ് ബ്രഡ്
വയനാട്: (KasargodVartha) പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കൽപ്പറ്റ സെന്റ് ജോസഫ്സ് കോൺവെന്റ് ഹൈസ്കൂളിൽ ആരംഭിച്ച അവശ്യ സാധന കളക്ഷൻ സെന്റർ 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകൾ അവശ്യ സാധനങ്ങളുമായി എത്തുന്നുണ്ട്. ശനിയാഴ്ച വൈകിട്ട് വരെയുള്ള കണക്കുകൾ പ്രകാരം 592.96 ക്വിന്റൽ അരി, 30,767 പാക്കറ്റ് ബിസ്‌ക്കറ്റ്, 5000 പാക്കറ്റ് ബ്രഡ്, 2947 ബെഡ് ഷീറ്റുകൾ, 430 ബേബി സോപ്പുകൾ, 3383 കിലോഗ്രാം ഗോതമ്പ് പൊടി, 1628 ബോട്ടില്‍ ഡെറ്റോൾ, 1100 ബക്കറ്റുകൾ, 268 ഫീഡിങ് ബോട്ടിൽ, 2544 പായകൾ, 3979 കിലോഗ്രാം പച്ചക്കറികൾ, 70229 ബോട്ടില്‍ കുടിവെള്ളം ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ ഇവിടെ എത്തി.
മാനന്തവാടി സബ് കളക്ടർ മിസാല്‍ സാഗർ ഭരത്, ഡെപ്യൂട്ടി കളക്ടർ (എൽ.എ) ഇ അനിതാകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്. 500-ലധികം വളണ്ടിയർമാരും വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള 30 ഉദ്യോഗസ്ഥരും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
സോപ്പ്, ഡെറ്റോൾ, കുട്ടികൾക്കുള്ള ഡയപ്പറുകൾ, മെഴുകുതിരി, പുതപ്പുകൾ, പഞ്ചസാര, തുണിത്തരങ്ങൾ, പരിപ്പ്, ബ്രഷ്, ടൂത്ത് പേസ്റ്റ്, ടോർച്ചുകൾ ഉൾപ്പെടെയുള്ള വിവിധ അവശ്യ സാധനങ്ങളും മരുന്നുകളും മറ്റും കേന്ദ്രത്തിലേക്കെത്തുന്നുണ്ട്. ഇവിടെ ശേഖരിക്കുന്ന സാധനങ്ങൾ കിറ്റുകളാക്കി വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്