മാനത്ത് വര്‍ണങ്ങള്‍ ചാലിച്ച് കരിമരുന്ന് പ്രയോഗം; ഭരണി ഉത്സവത്തിന് കൊടിയിറങ്ങി
Mar 13, 2013, 19:30 IST
പാലക്കുന്ന്: മാനത്ത് വര്‍ണങ്ങള്‍ ചാലിച്ച നയന മനോഹരമായ കരിമരുന്ന് പ്രയോഗങ്ങള്‍ തീര്‍ത്തും ജനസഞ്ചയങ്ങള്‍ക്ക് ഭക്തിയുടെ ധന്യത പകര്‍ന്നും പാലക്കുന്ന് ഭഗവതി ക്ഷേത്രം ഭരണി മഹോത്സവത്തിന് കൊടിയിറങ്ങി. കാഴ്ചാ സമര്‍പണങ്ങളും ആയിരത്തിരി ഉത്സവവും ജനങ്ങളെ അഭൗമമായ അനുഭൂതിയിലാഴ്ത്തി. പുലര്‍ചവരെ നീണ്ട ഉത്സവ പരിപാടികള്‍ ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാര വീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെയാണ് സമാപിച്ചത്.
കാഴ്ചാ കമ്മിറ്റികളുടെയും ക്ഷേത്രകമ്മിറ്റിയുടെയും വകയായിട്ടാണ് ഗംഭീരമായ കരിമരുന്ന് പ്രയോഗം നടന്നത്. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഉത്സവത്തിന് എത്തിയവരുടെ സൗകര്യം കണക്കിലെടുത്ത് സ്വകാര്യ ബസുകളും, കെഎസ്ആര്‍ടിസി ബസുകളും രാത്രി പ്രത്യേകം സര്‍വീസുകള്‍ നടത്തി.
ചൊവ്വാഴ്ച വൈകിട്ട് ക്ഷേത്രത്തില്‍ നടന്ന ഭക്തിഗാനമേളയും പൂരക്കളിയും ആഘോഷങ്ങള്‍ക്ക് പൊലിമ പകര്‍ന്നു. തിരുമുല്‍ക്കാഴ്ചകളുടെ സമര്‍പണങ്ങളോടനുബന്ധിച്ച് നടന്ന കലാരൂപങ്ങളുടെ അരങ്ങേറ്റവും കരിമരുന്ന് പ്രയോഗവും ഭക്തരെ അനുഭൂതിയുടെ പാരമ്യതയിലെത്തിച്ചു.
വാദ്യസംഘം, ശിങ്കാരിമേളം, നാസിക് ബാന്‍ഡ്, കരകാട്ടം, കാവട്ടിയാട്ടം, പൊയ്ക്കുതിരയാട്ടം, ബ്രേക്ക്ഡാന്‍സ്, വൈദ്യുത ദീപാവലി, പുലിക്കളി, ബൊമ്മക്കളി, അനാര്‍ക്കലി ഡാന്‍സ്, മയില്‍നൃത്തം, നരിവേഷം, പൂക്കാവടി, മുത്തുക്കുടകള്‍, താലപ്പൊലി തുടങ്ങിയവ കാഴ്ചാ സമര്‍പണ ഘോഷയാത്രകളില്‍ അണിനിരന്നു.
ക്ഷേത്രം അലങ്കാരമണ്ഡപത്തിന്റെ തറഭാഗം ഗ്രാനൈറ്റ് പതിപ്പിക്കല്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയാണ് തുടര്‍ചയായി 40ാം തവണ ഉദുമ-പടിഞ്ഞാറേക്കര കാഴ്ചാ സമിതി കാഴ്ചാ സമര്‍പണം നടത്തിയത്. മാങ്ങാട് ബാര പ്രദേശ് കമ്മിറ്റി ക്ഷേത്രത്തിലെ ഭഗവതിമാര്‍ക്കു ചാര്‍ത്താനുള്ള സ്വര്‍ണ ചന്ദ്രക്കലയാണ് സമര്‍പിച്ചത്. എഴുന്നള്ളത്തിനായി ഉപയോഗിക്കുന്ന മേലാപ്പ് പള്ളിക്കര തണ്ണീര്‍പുഴ പ്രദേശ് കമ്മിറ്റി സമര്‍പിച്ചു. പൊയിനാച്ചി കൂട്ടപ്പുന്ന പ്രദേശ് കമ്മിറ്റി ക്ഷേത്രം ധ്വജസ്തംഭത്തിന്റെ തറഭാഗം പിച്ചള പതിപ്പിക്കല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചാണ് ഇത്തവണത്തെ കാഴ്ചാ സമര്‍പണം നടത്തിയത്. ഇന്‍ഡാലിയം വാര്‍പുകളാണ് ഉദുമ കൊക്കാല്‍ കമ്മിറ്റി കാഴ്ചയായി സമര്‍പിച്ചത്.
ബേക്കല്‍ എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് സംഘം ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് ഉത്സവത്തിന്റെ സമാധാനപരമായ നടത്തിപ്പിന് സഹായകമായി. കഴിഞ്ഞ ദിവസം തോരണങ്ങള്‍ കെട്ടുന്നതിനെ ചൊല്ലിയുണ്ടായ ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ഇവിടെ കനത്ത സുരക്ഷാനടപടികള്‍ കൈക്കൊണ്ടത്. മദ്യലഹരിയില്‍ അഴിഞ്ഞാടാന്‍ തുനിഞ്ഞ ചിലരെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു.
Keywords: Temple Fest, Palakunnu, KSRTC-Bus, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.










