Allegation | രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കണം, കേസെടുക്കണം: യുവമോർച്ച
കോഴിക്കോട്: (KasargodVartha) സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി പരസ്യമായി ആരോപണം ഉന്നയിച്ച സംഭവത്തിൽ, രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും അദ്ദേഹത്തിനെതിരെ കേസ് എടുക്കണമെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.
രഞ്ജിത്തിന് എതിരെ ഉയർന്ന ആരോപണം സംസ്കാരിക കേരളത്തിന് അപമാനകരമാണ്. രഞ്ജിത്തിനെ സംരക്ഷിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണം. ഒരു നടി പരസ്യമായി മാധ്യമങ്ങൾക്ക് മുൻപിൽ തനിക്കു നേരിട്ട അപമാനം തുറന്നു പറഞ്ഞിട്ടും അത് കാര്യമായി എടുക്കാത്ത സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ കേരള സമൂഹത്തിനു തന്നെ അപമാനം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രഞ്ജിത് ഇനിയും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ പാടില്ല. അദ്ദേഹത്തെ ആ ചുമതലയിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. അല്ലാത്ത പക്ഷം രഞ്ജിത്തിനെ പോലുള്ള വൃത്തികെട്ടവരെ സംസ്ഥാന സർക്കാർ സംരക്ഷിക്കുകയാണെന്ന് കരുതേണ്ടി വരുമെന്നും സി ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
രഞ്ജിത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കുകയോ ചലച്ചിത്ര അക്കാദമി സ്ഥാനത്തു നിന്ന് പുറത്താക്കുകയോ ചെയ്യാത്ത പക്ഷം ശക്തമായ സമര രീതികളുമായി യുവമോർച്ച തെരുവിലേക്ക് ഇറങ്ങുമെന്നും സർക്കാർ വലിയ പ്രക്ഷോഭങ്ങൾ നേരിടേണ്ടി വരുമെന്നും പ്രഫുൽ കൃഷ്ണ കൂട്ടിച്ചേർത്തു.