Injured | കാഞ്ഞങ്ങാട്ട് ഗുണ്ടാ അക്രമമെന്ന് പരാതി; വഴിയോര കച്ചവടക്കാരന്റെ നില ഗുരുതരം
Dec 29, 2023, 21:06 IST
കാഞ്ഞങ്ങാട്: (KasargodVartha) വഴിയോര കച്ചവടക്കാരനെ മൂന്നംഗ ഗുണ്ടാ സംഘം തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഗുരുതരമായി പരുക്കേറ്റ യുവാവിനെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ യുവാവിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. പള്ളിക്കര മൗവ്വലിലെ അബൂബകർ മാങ്ങാടിൻ്റെ മകൻ മുഹമ്മദ് ശബീറിന് (26) ആണ് അക്രമണത്തിൽ പരുക്കേറ്റത്.
കാഞ്ഞങ്ങാട് ടൗണിൽ പഴ കച്ചവടം നടത്തുന്ന ശബീറിനെ വ്യാഴാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെ മധ്യവയസ്കനും മറ്റ് മൂന്നുപേരും ചേർന്നാണ് അക്രമിച്ചതെന്നാണ് പരാതി. സംഭവത്തിൽ ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്. ശബീറിൻ്റെ കടയിൽ നിന്നും വാങ്ങിയ നാരങ്ങ മോശമാണെന്ന് പറഞ്ഞ് യുവാവുമായി വാക്കേറ്റമുണ്ടായിരുന്നതായും ശബീറിനെ ആദ്യം കയ്യേറ്റം ചെയ്തയാൾ മറ്റ് മൂന്നുപേരെ ഫോണിൽ വിളിച്ചുവരുത്തുകയും ഇവർ സംഘം ചേർന്ന് ക്രൂരമായി അക്രമിച്ച് പരുക്കേൽപിക്കുകയായിരുന്നുവെന്നാണ് പറയുന്നത്
തലയ്ക്ക് മാരകമായി അടിയേൽക്കുകയും ദേഹത്തും അടിവയറ്റിലും ഉൾപെടെ ശബീറിന് സാരമായി പരുക്കേൽക്കുകയും ചെയ്തതായാണ് പരാതി. യുവാവിന് ബോധം തിരിച്ച് കിട്ടിയാൽ മാത്രമേ അക്രമം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പൊലീസ് പറഞ്ഞു. അതേസമയം ശബീർ അക്രമിച്ചുവെന്നാരോപിച്ച് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ടയാൾ കാഞ്ഞങ്ങാട് സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. അക്രമത്തിൽ പരുക്കുണ്ടെന്നാണ് പരാതി.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Youth injured in attack.