കടിച്ച മൂര്‍ഖനെ പിടികൂടി വനപാലകരെ ഏല്‍പിക്കാന്‍ കാത്തുനിന്ന യുവാവ് മരിച്ചു
പുനലൂര്‍: (www.kasargodvartha.com 05.12.2021) കടിച്ച മൂര്‍ഖനെ പിടികൂടി വനപാലകരെ ഏല്‍പിക്കാന്‍ കാത്തുനിന്ന യുവാവ് മരിച്ചു. പുനലൂര്‍ തെന്മല പഞ്ചായത്തിലെ ഇടമണ്‍ ഉദയഗിരി നാലുസെന്റ് കോളനിയിലെ സികെ ബിനു(34)വാണ് മരിച്ചത്. തോളിക്കാട്ടെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുംവഴി ബിനു കാല്‍ കഴുകാന്‍ തോട്ടിലിറങ്ങിയപ്പോഴാണ് കടിയേറ്റതെന്നാണ് സമീപവാസികള്‍ പറയുന്നത്.
കടിയേറ്റ ഉടന്‍ തന്നെ ഇയാള്‍ മൊബൈല്‍ ടോര്‍ചിന്റെ സഹായത്തോടെ അടുത്തുള്ള പൊന്തയില്‍ നിന്നും മൂര്‍ഖനെ പിടികൂടി. ബിനു അറിയിച്ചതിനെ തുടര്‍ന്ന് അഞ്ചല്‍ ഫോറെസ്റ്റ് റേന്‍ജ് റാപിഡ് ഫോഴ്‌സ് സ്ഥലത്ത് 20 മിനുട്ടിനുള്ളില്‍ സ്ഥലത്ത് എത്തി. ഇത്രയും സമയം ബിനു പാമ്പിനെയും പിടിച്ച് സ്ഥലത്ത് തന്നെ നില്‍ക്കുകയായിരുന്നുവെന്ന് വനപാലകര്‍ പറഞ്ഞു. പാമ്പിനെ ഏറ്റുവാങ്ങി ഇവര്‍ സ്ഥലത്തുനിന്നും പോയി.
പിന്നാലെയാണ് ബിനുവിന് അസ്വസ്ഥത അനുഭവപ്പെട്ടത്. പാമ്പിനെ പിടിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് വീണ്ടും കടിയേറ്റതായി സംശയമുണ്ട്. പുനലൂര്‍ താലൂക് ആശുപത്രിയിലും, വെഞ്ഞാറന്‍മൂട് സ്വകാര്യ മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പോസ്റ്റ്‌മോര്‍ടെത്തിന് ശേഷം ശനിയാഴ്ച വൈകിട്ടോടെ ചിറ്റാലംകോട് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. കടിയേറ്റ ആദ്യ നിമിഷങ്ങളില്‍ എടുക്കേണ്ട പ്രാഥമിക ചികില്‍സ ലഭിക്കാത്തതും, ഉടന്‍തന്നെ ആശുപത്രിയിലേക്ക് പോകാത്തതുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
Keywords: News, Kerala, State, Top-Headlines, Death, Snake, Snake Bite, Hospital, Young man died after cobra's bite in Thenmala