Accident | കാഞ്ഞങ്ങാട് ആര്‍ടിഒ ടെസ്റ്റിംഗ് മൈതാനത്ത് അപകടം പതിവാകുന്നു; യുവതി 'എച്' എടുക്കുന്നതിനിടെ കാര്‍ കുഴിയില്‍ പതിച്ചു
Oct 3, 2023, 18:30 IST
കാഞ്ഞങ്ങാട്: (KasargodVartha) ഗുരുവനത്തെ ആര്‍ ടി ഒ ടെസ്റ്റിംഗ് മൈതാനത്ത് അപകടം പതിവാകുന്നു. ടെസ്റ്റിംഗ് മൈതാനം ഉയര്‍ന്ന സ്ഥലത്തായതാണ് അപകടത്തിനിടയാക്കുന്നതെന്നാണ് ആരോപണം. ചൊവ്വാഴ്ച (03.10.2023) ഉച്ചയോടെ യുവതി എച് എടുക്കുന്നതിനിടെ കാര്‍ കുഴിയിലേക്ക് പതിച്ചു.
തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. ഡ്രൈവിംഗ് സ്‌കൂളിന്റെ കാറാണ് അപകടത്തില്‍പെട്ടത്. ബ്രേക് ചവിട്ടുതിന് പകരം ക്ലച് മാത്രം ചവിട്ടിയതിനാല്‍ കാര്‍ മുന്നോട്ട് നീങ്ങി മൈതാനത്തിന് പുറത്ത് താഴെ റോഡരികിലെ കുഴിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ആഴ്ച മറ്റൊരു ഡ്രൈവിംഗ് സ്‌കൂളിന്റെ കാര്‍ പെട്ടന്ന് ആക്‌സിലേറ്റര്‍ കൊടുത്തതിനെ തുടര്‍ന്ന് കാര്‍ പറന്ന് താഴേക്ക് പതിച്ച് സമീപത്തെ അക്ഷയ കേന്ദ്രത്തിനടുത്ത് വീണിരുന്നു. അന്നും ഭാഗ്യം കൊണ്ടാണ് ടെസ്റ്റിനെത്തിയ ആള്‍ രക്ഷപ്പെട്ടത്.
മൈതാനം അവസാനിക്കുന്ന സ്ഥലത്ത് മതില്‍ കെട്ടുകയോ പൂഴിയോ മറ്റോ ഇറക്കി തടസ്സം ഉണ്ടാക്കുകയോ ചെയ്തില്ലെങ്കില്‍ വലിയ ദുരന്തം സംഭവിക്കാനിടയുണ്ടെന്ന് ചൂണ്ടി കാട്ടുന്നു. മൈതാനത്തിന് താഴെയുള്ള റോഡിലൂടെ ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നു പോകുന്നതിനാല്‍ കാറുകള്‍ താഴെ വീഴുമ്പോള്‍ അപകടസാധ്യത കൂടുതലാണ്.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Woman, Guruvanam, Taking 'H', Car, Fell, Pothole, Kanhangad News, RTO Testing Ground, Woman taking 'H' when the car fell into pothole at Kanhangad RTO testing ground.







