Railway | റെയിൽവേ ഗതാഗത സൗകര്യങ്ങൾ വർധിപ്പിച്ചില്ലെങ്കിൽ പലയിടങ്ങളിലും ഡൽഹി ദുരന്തം ആവർത്തിക്കുമെന്ന് യാത്രക്കാർ

● കേരളത്തിലും ട്രെയിനുകളിൽ തിക്കും തിരക്കും.
● സാധാരണക്കാർക്കുള്ള ട്രെയിനുകൾ കുറവാണ്.
● കൂടുതൽ ട്രെയിനുകൾ, സുരക്ഷാ നടപടികൾ അനിവാര്യമെന്ന് യാത്രക്കാർ.
ന്യൂഡൽഹി: (KasargodVartha) ഡൽഹിയിൽ തിക്കിലും തിരക്കിലും 18 പേർ മരിച്ചത് ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തിന്റെ മുഴുവൻ മെട്രോ നഗരങ്ങളിലെയും ട്രെയിൻ യാത്രക്കാരുടെ സ്ഥിതി ഇതുതന്നെയാണ്. കേരളവും ഇതിൽനിന്ന് വിഭിന്നമല്ല. ഡൽഹിയെപ്പോലെ മുംബൈ, കൊൽക്കത്ത, ചെന്നൈ നഗരങ്ങളിലെയും കാഴ്ച ഇതുതന്നെയാണ്. തിക്കിലും, തിരക്കിലും അമർന്നാണ് ശ്വാസംമുട്ടി ട്രെയിനുകളിൽ യാത്ര ചെയ്യേണ്ടത്.
യാത്രക്കാരെ ഒരിക്കലും നിയന്ത്രിക്കാനാവില്ല. അവർക്ക് പോകേണ്ട സ്ഥലത്ത് എത്തിപ്പെടാൻ തൂങ്ങിപ്പിടിച്ചാണെങ്കിലും യാത്ര ചെയ്യും. ഇതിനിടയിലെ അപകടങ്ങൾ നിത്യ സംഭവങ്ങളാണ്. ഡൽഹിയിലെത് മരണസംഖ്യ കൂടി എന്നു മാത്രം. മറ്റുവിടങ്ങളിൽ ഒറ്റപ്പെട്ട മരണങ്ങൾ ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്.
മുംബൈ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നോ രണ്ടോ ട്രെയിൻ അല്പസമയം വൈകിയാൽ മതി, ഫ്ലാറ്റ്ഫോമുകളിൽ യാത്രക്കാർ നിറഞ്ഞു കവിയും. പിന്നെ ട്രെയിനിൽ കയറിപറ്റാനാണ് പാട്. ട്രെയിനുകൾക്ക് സ്റ്റേഷനിൽ ഒരു മിനിറ്റ് പോലും സ്റ്റോപ്പ് ഉണ്ടാവില്ല. ഇതിനിടയിൽ ഓരോ സ്റ്റേഷനുകളിലും യാത്രക്കാർ ഇറങ്ങുകയും, കയറുകയും വേണം. ട്രെയിനുകളിലാകട്ടെ കോച്ചുകൾ ചെറുതാണ്. ഇതിൽ ഇരിപ്പിടങ്ങൾ നൂറിന് താഴെയും. കയറി പറ്റുന്നത് മൂന്നിരട്ടി യാത്രക്കാരാണ്. ഇതാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നതും.
മെട്രോ നഗരങ്ങളിൽ ട്രെയിൻ യാത്ര മാത്രമാണ് യാത്രക്കാർക്ക് ആശ്രയം. എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴി ട്രെയിൻ യാത്ര തന്നെയാണ്. അതുകൊണ്ടുതന്നെയാണ് തിക്കും, തിരക്കും അനുഭവപ്പെടുന്നത്. യാത്രക്കാരുടെ വർദ്ധനവിന് അനുസരിച്ചുള്ള ഗതാഗത സൗകര്യം ഏർപ്പെടുത്താൻ റെയിൽവേ മന്ത്രാലയം തയ്യാറാവുന്നില്ല. എന്നാൽ റെയിൽവേ സ്റ്റേഷൻ വികസനം മുറപോലെ എല്ലായിടത്തും നടക്കുന്നുമുണ്ട്.
പ്ലാറ്റ്ഫോമുകളിലെ യാത്രക്കാരുടെ വർധനവ് സ്റ്റേഷൻ മാസ്റ്ററും, ജീവനക്കാരും നോക്കിക്കാണുന്നുണ്ട്. എന്നാൽ അവർ നിസ്സഹായരുമാണ്. അപകട സൂചനകൾ എല്ലാം അവർ മുറപോലെ നൽകുന്നുമുണ്ട്. എന്നാൽ ദിവസേന യാത്രചെയ്യുന്ന പതിനായിരങ്ങളെ നിയന്ത്രിക്കാൻ ഇവർക്കാവില്ല. പേരിന് ഒന്നോ രണ്ടോ പൊലീസുകാർ മാത്രമാണ് സ്റ്റേഷനുകളിൽ ഉണ്ടാകാറ്.
കേരളത്തിൽ തന്നെ ട്രെയിനുകളിൽ യാത്രക്കാർ കയറിക്കൂടുന്നത് വാഗൺ ട്രാജഡിയെ ഓർമ്മപ്പെടുത്തുന്ന വിധത്തിലാണ്. സാധാരണക്കാർക്കുള്ള കൂടുതൽ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാൽ വിഐപി യാത്രക്കാർക്കുള്ള 'വന്ദേ ഭാരത്' പോലുള്ള ട്രെയിനുകളാണ് റെയിൽവേ മന്ത്രാലയം അനുവദിക്കുന്നത്.
പരമാവധി 110 ഓളം യാത്രക്കാർക്ക് അനുവദിക്കപ്പെട്ട ജനറൽ കോച്ചുകളിൽ കയറിപ്പറ്റുന്നത് ഇതിന്റെ മൂന്നിരട്ടി യാത്രക്കാരാണ്. ഇതുമൂലം സ്ത്രീകളും, കുട്ടികൾ അടക്കമുള്ള യാത്രക്കാർക്ക് ശ്വാസംമുട്ടൽ പോലും അനുഭവപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. സ്ലീപ്പർ ക്ലാസുകളിലെ സ്ഥിതിയും വിഭിന്നമല്ല. യാത്രക്കാരുടെ ദുരിതം ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും റെയിൽവേ അധികൃതർക്ക് യാതൊരു കുലുക്കവുമില്ലെന്നാണ് ആക്ഷേപം.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Overcrowding in trains and platforms continues to cause risks, with no adequate increase in facilities to accommodate the growing number of passengers.
#RailwaySafety, #TrainOvercrowding, #DelhiAccident, #MumbaiRailway, #KeralaTrains, #TransportIssues