Wildlife Attack | വന്യജീവി ആക്രമണം: കോടതി കനിഞ്ഞു, സർക്കാർ കനിയുമോ?

● കാസർകോട് ജില്ലയിൽ മൃഗാധിപത്യത്തിൻ്റെ നടുവിലാണ് ജനങ്ങൾ ജീവിക്കുന്നത്.
● സംസ്ഥാനത്ത് കഴിഞ്ഞ ആറു വർഷത്തിനിടെ 55 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു.
● വന്യജീവി ആക്രമണം തടയാൻ നടപ്പിലാക്കുന്ന പദ്ധതികൾക്ക് വേഗതയില്ലാത്തത് കോടതി ചൂണ്ടിക്കാട്ടി.
● സർക്കാരാണ് ഇനി കണ്ണു തുറക്കേണ്ടതെന്ന് മലയോര മേഖലയിലെ ജനങ്ങൾ പറയുന്നു.
കൊച്ചി: (KasargodVartha) മലയോര മേഖലയിലുള്ളവർ വന്യജീവി ആക്രമണം ഭയന്ന് ജീവിക്കേണ്ടി വരുന്നത് ‘മൗലികാവകാശ ലംഘന’മാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഇനിയെങ്കിലും ശക്തമായ നടപടികൾ ഉണ്ടാകുമോ എന്നതാണ് നോക്കിക്കാണേണ്ടത്.
‘വനാതിർത്തിയിലുള്ള ഞങ്ങളുടെ ജീവന് സംരക്ഷണമില്ല, ഹൈക്കോടതി തന്നെ ഇത് വ്യക്തമാക്കി കഴിഞ്ഞു, ഇനി വേണ്ടത് സർക്കാർ നടപടിയാണ്’ മലയോര മേഖലയിലെ ജനങ്ങൾ പറയുന്നു. കാസർഗോഡ് ജില്ലയിൽ മൃഗാധിപത്യത്തിൻ്റെ നടുവിലാണ് ജനങ്ങൾ. മലയോര മേഖലയിൽ പുലിയും, കാട്ടാനകളും, നാടുനീളെ തെരുവ് നായ്ക്കളും, കൂടാതെ കാട്ടുപന്നികളും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് വലിയ ഭീഷണിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഹൈക്കോടതി ഈ വിഷയത്തിൽ മൗലികാവകാശ ലംഘനത്തിനെതിരെ ശബ്ദമുയർത്തിയതും.
പുലി ശല്യവും പുലിയെ കണ്ടെത്തലുകളും ജില്ലയിൽ ഏറി വരികയാണ്. വലിയ ഭയപ്പാടോടെയാണ് മലയോരമേഖലയിലെ വനാതിർത്തിയിലുള്ളവർ കഴിഞ്ഞു കൂടുന്നത്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ജനങ്ങൾക്ക് ഭയമാണ്. പുലിയുടെ മുന്നിൽ പെട്ടാൽ പിന്നെ ജീവൻ അപായം അവർ മുന്നിൽ കാണുന്നുണ്ട്.
സംസ്ഥാനത്തെ വന്യജീവി ആക്രമണവും ഭിന്നമല്ല. കഴിഞ്ഞദിവസം ആറളത്ത് 70 കഴിഞ്ഞ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന ഹൃദയഭേദക വാർത്ത കേട്ടതിന് തൊട്ടു പിന്നാലെയാണ് ഹൈക്കോടതി ഈ വിഷയത്തിൽ നിരീക്ഷണം നടത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ ആറു വർഷത്തിനിടെ 55 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത ചെറുതായി കാണേണ്ടതില്ല. ഇവർക്ക് ആശ്വാസവചനങ്ങളും, ധനസഹായവും ആശ്രിതർക്ക് നഷ്ടപ്പെട്ട ജീവന് ഒരിക്കലും പകരമാവില്ല. വന്യജീവി ആക്രമണം ശാശ്വതമായി തടയാൻ ഫലപ്രദമായ നടപടികളാണ് ആവശ്യം. കോടതി നിരീക്ഷിച്ചു. വന്യജീവി ആക്രമണം തടയാൻ നടപ്പിലാക്കുന്ന പദ്ധതികൾക്ക് വേഗതയില്ലാത്തതും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. സർക്കാരാണ് ഇനി കണ്ണു തുറക്കേണ്ടതെന്ന് മലയോര മേഖലയിലെ ജനങ്ങൾ പറയുന്നു.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
The High Court has declared that living in fear of wildlife attacks is a violation of fundamental rights. People in the hilly areas are now waiting for the government to take strong action.
#WildlifeAttack, #Kerala, #HighCourt, #FundamentalRights, #GovernmentAction, #AnimalConflict