Wildlife | വന്യജീവി ആക്രമണം; നടപടികളിൽ നിന്ന് തലയൂരി കേന്ദ്രവും, കേരളവും; ജനജീവിതം ദുരിതത്തിൽ തന്നെ
● പുലിയുടെ അടക്കം സാന്നിധ്യം ഭീതി പരത്തുന്നു.
● തെരുവ് നായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
● സുരക്ഷയൊരുക്കാൻ ഫോറസ്റ്റ് സ്റ്റേഷനുകളിൽ സംവിധാനങ്ങളില്ല.
എം എം മുഹ്‌സിൻ
തിരുവനന്തപുരം: (KasargodVartha) സംസ്ഥാനത്ത് വീടിന് പുറത്തിറങ്ങിയാൽ വന്യജീവികളുടെ ആക്രമണം. ജനങ്ങളുടെ ഭീതിയകറ്റാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നുമില്ല. വന്യ മൃഗങ്ങളുടെ ആക്രമണം നേരിടാൻ കേന്ദ്രത്തിന്റെ പക്കൽ വഴികളൊന്നുമില്ലെന്ന് കേന്ദ്രസർക്കാരും, തെരുവുനായ ശല്യത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള സർക്കാർ പദ്ധതികൾക്ക് ജനപിന്തുണ ലഭിക്കുന്നില്ലെന്ന് കേരളവും വ്യക്തമാക്കിയതോടെ ഈ വിഷയത്തിൽ ജനങ്ങളുടെ ഭീതി ഒഴിയുന്നില്ല.
വന്യജീവി ആക്രമണങ്ങളെ നേരിടാൻ കേന്ദ്രവും സംസ്ഥാനവും യോജിച്ച നടപടി സ്വീകരിക്കുന്നതിന് പകരം അന്യോന്യം ചുമതലയുടെ കാര്യം പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്ന് ആക്ഷേപമുയരുന്നുണ്ട്. കാസർകോട് ജില്ലയിലടക്കം വിവിധ ഭാഗങ്ങളിൽ ഇപ്പോൾ പുലിയുടെ സാന്നിധ്യമാണ് ജനങ്ങളെ ഏറെ ഭയപ്പെടുത്തുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹകരണത്തോടെ പരിശോധന നടത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ ഭീതി അകറ്റാൻ ഇത് സഹായകമാകുന്നില്ല. പല ഭാഗങ്ങളിലും പുലിയെ നാട്ടുകാർ നേരിട്ട് കണ്ടുവരുന്നുമുണ്ട്.
കുട്ടികളൊക്കെ അതിരാവിലെ സ്കൂളുകളിലേക്കും, മദ്രസയിലേക്കും, അംഗൻവാടികളിലേക്കും പോകുന്ന വഴികളിലാണ് പുലിയുടെ സാന്നിധ്യം കണ്ടത് എന്നത് ജനങ്ങളുടെ ഭയാശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഒളിച്ചിരിക്കുന്ന പുലികൾ ഏതുസമയത്തും ചാടി വീഴാൻ സാഹചര്യമുണ്ടെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. അതിനിടെ സുരക്ഷയൊരുക്കാൻ ഫോറസ്റ്റ് സ്റ്റേഷനുകളിൽ ആവശ്യമായ സംവിധാനങ്ങളും, വാഹനങ്ങളുമില്ലെന്ന ജീവനക്കാരുടെ പരാതിക്കും പരിഹാരമുണ്ടാകുന്നുമില്ല.
നാട്ടിലുടനീളം വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ചികിത്സ നേടിയത് 12.93 ലക്ഷം പേരാണ്. 94 പേ വിഷബാധ മരണവും റിപ്പോർട്ട് ചെയ്തു. എന്നിട്ടും ഇത് തടയാനുള്ള നടപടികൾക്ക് വേഗത ഉണ്ടായിട്ടില്ല. തെരുവുനായ ശല്യം ഒഴിവാക്കാൻ വന്ദ്യംകരണ പദ്ധതികൾക്ക് ജനപിന്തുണയും, ആവശ്യമായ സ്ഥല ലഭ്യതയുമില്ലെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞിരുന്നു. നടപടി നടപ്പിലാക്കേണ്ടവർ തന്നെ ഇങ്ങനെ തടസ്സവാദങ്ങൾ പറയുന്നതിനാൽ ജനങ്ങളുടെ ആശങ്ക ഒഴിയുന്നുമില്ല.
അതിനിടെ വന്യമൃഗ ആക്രമണങ്ങൾ തുടരുമ്പോഴും 1972ലെ വന്യജീവി സംരക്ഷണ നിയമം പരിഷ്കരിക്കാൻ ഒരു ആലോചനയും ഇപ്പോഴില്ലെന്ന് കേന്ദ്രമന്ത്രി പറയുന്നുണ്ട്. ഈ വിഷയത്തിൽ അഡ്വ. ഹാരിസ് ബീരാൻ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇതോടെ വന്യജീവി ആക്രമണങ്ങളിൽ കേരളവും കേന്ദ്രവും തലയൂരിയ നടപടി ഏറെ പ്രതിഷേധങ്ങൾക്ക് വഴി വച്ചിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Wild animal attacks continue to terrorize Kerala, with no significant action from the central and state governments, leaving public life in distress.
#WildlifeAttacks #KeralaNews #AnimalAttacks #GovernmentInaction #PublicDistress #KasaragodNews






