city-gold-ad-for-blogger

കുമ്പള പഞ്ചായത്ത് ഓഫീസില്‍ എന്താണ് പ്രശ്‌നം; പ്രസിഡന്റ് പി.എച്ച്. റംല രാജിക്കത്ത് നല്‍കിയോ?

കുമ്പള: (www.kasargodvartha.com 19.07.2014) കുമ്പള പഞ്ചായത്ത് ഓഫീസില്‍ എന്താണ് പ്രശ്‌നം? ഒരാഴ്ചയോളമായി പ്രസിഡന്റ് പഞ്ചായത്ത് ഓഫീസിന്റെ വരാന്തയിലാണത്രെ ഇരിക്കുന്നത്. ഇതിനിടയില്‍ തന്റെ ഓഫീസിന്റെ പൂട്ട് പൊളിച്ചുവെന്നാരോപിച്ച് കുമ്പള എസ്.ഐക്ക് പ്രസിഡന്റ് പരാതിയും നല്‍കിയിട്ടുണ്ട്. തനിക്ക് ഈ രീതിയില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കാണിച്ച് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിക്കും മണ്ഡലം കമ്മിറ്റിക്കും പഞ്ചായത്ത് കമ്മിറ്റിക്കും പഞ്ചായത്ത് പ്രസിഡന്റ് പി.എച്ച്. റംല രാജിക്കത്ത് നല്‍കിയതായും വിവരമുണ്ട്.

കുമ്പള ബായിക്കട്ട അംബിലടുക്കയിലെ പഞ്ചായത്തിന്റെ അധീനതയിലുള്ള 18 ഏക്കര്‍ ഗ്രേസിംഗ് ഗ്രൗണ്ട് ചിലര്‍ കയ്യേറി മതില്‍ നിര്‍മിക്കുന്നതായി ഉളുവാറിലെ സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ പരാതി നല്‍കിയതാണ് പ്രശ്‌നത്തിന് തുടക്കം. ഈ പരാതിയില്‍ അന്വേഷണം നടത്താനും മതില്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ സ്റ്റോപ്പ് മെമോ നല്‍കണമെന്നും കാണിച്ച് പ്രസിഡന്റ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടയില്‍ പരാതിയുടെ ഫയല്‍ കാണാതായതായും ആക്ഷേപമുയര്‍ന്നു. കമ്പ്യൂട്ടറില്‍ പരാതി സ്വീകരിച്ചതായി രേഖയുണ്ട്. സെക്രട്ടറിയും ചില ലീഗ് പഞ്ചായത്ത് മെമ്പര്‍മാരും ചേര്‍ന്ന് ഭൂമാഫിയയ്‌ക്കെതിരെയുള്ള നടപടിക്ക് തടസം നിന്നത് പഞ്ചായത്ത് പ്രസിഡന്റും ലീഗ് മെമ്പര്‍മാരും തമ്മിലുള്ള കടുത്ത ഭിന്നതയ്ക്ക് കാരണമായിരുന്നു.

ഇതിനിടയിലാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസിന്റെ പൂട്ട് പൊളിച്ചനിലയില്‍ കണ്ടെത്തിയത്. പരാതികത്ത് കണ്ടെടുക്കാനാണ് ഓഫീസിന്റെ പൂട്ട് പൊളിച്ചതെന്നാണ് വിവരം. ഇതുസംബന്ധിച്ച് പ്രസിഡന്റ് എസ്.ഐക്ക് പരാതി നല്‍കുകയും പുതിയ പൂട്ടിട്ട് പൂട്ടുകയും ചെയ്തിരുന്നു. ഈ പൂട്ടും തകര്‍ത്തതോടെയാണ് പ്രസിഡന്റ് ഓഫീസില്‍ കയറാതെ വരാന്തയില്‍ ഇരിക്കാന്‍ തുടങ്ങിയത്. അഞ്ച് ദിവസമായി പ്രസിഡന്റ് ഓഫീസില്‍ കയറുന്നില്ലെന്ന് ജീവനക്കാര്‍ സൂചിപ്പിക്കുന്നു.

അതിനിടെ പഞ്ചായത്തിലെ 11 ഓളം അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് നിര്‍ദേശപ്രകാരം പഞ്ചായത്ത് പ്രസിഡന്റിന് തിരുവനന്തപുരത്ത് നിന്നും ഉത്തരവ് ലഭിച്ചിരുന്നു. ഈ ഉത്തരവില്‍ നടപടി സ്വീകരിക്കാന്‍ പ്രസിഡന്റ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇനിയും നടപ്പിലാക്കിയില്ല. ഇതിന് പിന്നിലും ചില ലീഗ് പഞ്ചായത്ത് മെമ്പര്‍മാരുടെ ഇടപെടലാണെന്നാണ് ആരോപണം.

നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ പഞ്ചയത്ത് പ്രസിഡന്റ് സെക്രട്ടറിയോട് ക്ഷോഭിക്കുകയും ചെയ്തിരുന്നു. അതേസമയം പ്രസിഡന്റിനെ ഒരു ലീഗ് നേതാവ് ഫോണില്‍വിളിച്ച് ഭീഷണി മുഴക്കിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് അറിയാതെ പഞ്ചായത്തില്‍ മൂന്ന് തവണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗംചേര്‍ന്നതും വിവാദമായിട്ടുണ്ട്. ചില വനിതാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരുടെ ഭര്‍ത്താക്കന്മാര്‍ പഞ്ചായത്ത് ഓഫീസിലും സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ നടപടികളിലും ഇടപെടുന്നത് പഞ്ചായത്ത് പ്രസിഡന്റ് വിലക്കിയതും പ്രശ്‌നം രൂക്ഷമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് പ്രസിഡന്റ് പി.എച്ച്. റംല പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് ഈ രീതിയില്‍ തുടരാന്‍ കഴിയില്ലെന്ന് കാണിച്ച് രാജിക്കത്ത് നല്‍കിയത്.

ഒരുവര്‍ഷം മുമ്പും പഞ്ചായത്ത് പ്രസിഡന്റ് റംല പാര്‍ട്ടി നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ ചില പഞ്ചായത്ത് അംഗങ്ങളുടെ ഒത്താശയോടെ സെക്രട്ടറി തന്റെ അനുമതിയോ അറിവോ കൂടാതെ സുപ്രധാന രേഖകളില്‍ ഒപ്പുവെച്ചുവെന്ന് ആരോപിച്ചാണ് അന്ന് റംല രാജിക്കൊരുങ്ങിയത്. രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.

പ്രസിഡന്റ് തീരുമാനം കൈക്കൊള്ളേണ്ട പല ഫയലുകളും സാവകാശം നല്‍കാതെ സെക്രട്ടറി ധൃതിയില്‍ ഒപ്പുവെപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. റംലയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ ലീഗിലെ ചിലര്‍ പലഘട്ടങ്ങളിലായി ശ്രമം നടത്തിവരികയായിരുന്നു.

കുമ്പള പഞ്ചായത്ത് ഓഫീസില്‍ എന്താണ് പ്രശ്‌നം; പ്രസിഡന്റ് പി.എച്ച്. റംല രാജിക്കത്ത് നല്‍കിയോ?

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kumbala, Panchayath, President, Kasaragod, Kerala, P.H. Ramla, Resignation Letter, File, Complaint, Muslim League, Kumbala Panchayath President Issue.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia