ലോക ബധിര ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ അംഗൻവാടി ടീച്ചർ മാർക്ക് വെബിന്നാർ സംഘടിപ്പിച്ചു
Sep 28, 2020, 16:32 IST
കാസർകോട്: (www.kasargodvartha.com 28.09.2020) ലോക ബധിര ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ അംഗൻവാടി ടീച്ചർ മാർക്ക് 'കുട്ടികളിലെ ബധിരത കാരണങ്ങളും പ്രതിവിധിയും' എന്ന വിഷയത്തിൽ വെബിന്നാർ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശിയ ആരോഗ്യ ദൗത്യം, ജില്ലാ ഐ സി ഡി എസ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ വി രാംദാസ് നിർവഹിച്ചു. പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഇ എ എൻ ടി സെപ്ഷ്യലിസ്ററ് ഡോ . അശ്വതി കെ ജി ക്ലാസ് കൈകാര്യം ചെയ്തു
ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസർ കവിത റാണി രഞ്ജിത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സയന എസ് നന്ദിയും പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്തിൽ ഏകദേശം 466 മില്യൺ ജനങ്ങൾ ഭാഗികമായോ, പൂർണമായോ ശ്രവണ വൈകല്യമുള്ളവരാണ്. ഇതിൽ 432 മില്യൺ പ്രായപൂർത്തിയായവരും, 34 മില്യൺ കുട്ടികളുമാണ്. ഇന്ത്യയിൽ ഏകദേശം 63 മില്യൺ ജനങ്ങൾ ശ്രവണവൈകല്യം നേരിടുന്നവരാണ്. ജനിതക തകരാറുകൾ, ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടാവുന്ന ചിക്കൻപോക്സ്, റൂബെല്ല, മുണ്ടിവീക്കം, പ്രമേഹം, അമിത രക്തസമ്മർദം തുടങ്ങിയ അസുഖങ്ങൾ, മാസം തികയാതെയുള്ള പ്രസവം, ഭാരക്കുറവോടെ ജനിക്കുന്ന കുട്ടികൾ, ജന്മനാ മഞ്ഞപ്പിത്തം ബാധിച്ച കുഞ്ഞുങ്ങൾ എന്നിവയെല്ലാമാണ് ജന്മനാലുള്ള ശ്രവണവൈകല്യത്തിന് കാരണമായിത്തീരുന്നത്.
പ്രായപൂർത്തിയായ ഒരു വ്യക്തിയിൽ ഉണ്ടാകുന്ന ശ്രവണ വൈകല്യത്തിന് പ്രമേഹം, അമിത രക്തസമ്മർദ്ദം, തൈറോയ്ഡ് പ്രശ്നങ്ങൾ, അപകടങ്ങൾ, പുകവലി, മധ്യകർണത്തിലുണ്ടാകുന്ന നീർക്കെട്ട്, സ്ഥിരമായി വലിയ ശബ്ദങ്ങൾ കേൾക്കാനുള്ള സാഹചര്യം, ചില ദീർഘകാല മരുന്നുകളുടെ ഉപയോഗം, കോക്ലിയയുടെ കോശങ്ങൾക്കുണ്ടാകുന്ന തേയ്മാനം എന്നിവ കാരണമായിത്തീരുന്നു.
കുട്ടികളിൽ കാണപ്പെടുന്ന കേൾവി വൈകല്യം അവരുടെ ആശയവിനിമയ ശേഷി, വസ്തുക്കൾ ഗ്രഹിക്കാനുള്ള കഴിവ്, പെരുമാറ്റം, സാമൂഹിക വൈകാരിക ശേഷികൾ, വിദ്യാഭ്യാസം, തൊഴിൽ സാധ്യതകൾ എന്നിവയെ ബാധിക്കും. വികസ്വര രാജ്യങ്ങളിൽ ശരിയായ രോഗനിർണയത്തിനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയും, തുടർ ചികിത്സാ സൗകര്യക്കുറവും ശ്രവണവൈകല്യശ്രവണവൈകല്യമുള്ള കുട്ടികളുടെ ഭാവി ഇരുളടഞ്ഞതാക്കുന്നു. ഈ സാഹചര്യത്തിൽ ഇതിനെക്കുറിച്ച് പൊതുജങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് ലോക ബധിര ദിനാചരണം സംഘടിപ്പിക്കപ്പെടുന്നത്. 'ബധിരരുടെ മനുഷ്യാവകാശം ഉറപ്പു വരുത്തുക' എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.
Keywords: Kerala, News, Health, Health-Department, Celebration, Students, Children, Teacher, Webinar to Anganwadi teachers organized as part of the World Deaf Day.
< !- START disable copy paste -->