Tragedy | വയനാട്: ഒരു ദുരന്തത്തിന്റെ നടുക്കും പാഠങ്ങൾ; എകെഎം അശ്റഫ് എം എൽ എയുടെ കുറിപ്പ്
വയനാട്ടിലെ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ നടുക്കവും പാഠങ്ങളും എം എൽ എ അശ്റഫ് പങ്കുവച്ചു. രക്ഷാപ്രവർത്തനങ്ങളും പുനരധിവാസവും ശ്രദ്ധേയമായിരുന്നു.
(KasargodVartha) വയനാട്ടിൽ അടുത്തിടെ സംഭവിച്ച മണ്ണിടിച്ചിൽ ദുരന്തം കേരളത്തെ നടുക്കിയ സംഭവമാണ്. ഈ ദുരന്തത്തിന്റെ ഭീകരത നേരിട്ട് അനുഭവിച്ച ഒരു ജനപ്രതിനിധിയുടെ ദൃക്‌സാക്ഷി വിവരണമാണിത്. ആ ദുരന്തത്തിന്റെ ആഴവും പരിധിയും വ്യക്തമാക്കി എം എൽ എ ഫൈബുക്കിൽ കുറിച്ച കാര്യങ്ങളാണ് ചുവടെ.
ദുരന്തത്തിന്റെ ആഘാതം
ഷിരൂരിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയ വിനീതൻ, തുടർന്ന് വയനാട്ടിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിന്റെ വാർത്ത കേട്ട് ഞെട്ടിപ്പോയി. ആദ്യ മണിക്കൂറുകളിൽ പതിനഞ്ചോളം മൃതദേഹങ്ങൾ കണ്ടെത്തിയെന്ന വാർത്ത കേട്ട് മരണസംഖ്യ കൂടാതിരിക്കാൻ പ്രാർത്ഥിച്ചു. എന്നാൽ, സമയം കഴിയുംതോറും മരണസംഖ്യ വർധിച്ചു കൊണ്ടിരുന്നു. വയനാട്ടിലെ വിശാലമായ പ്രദേശത്താണ് ദുരന്തം പതിച്ചത് എന്ന യാഥാർഥ്യം നാം തിരിച്ചറിഞ്ഞു.
രക്ഷാപ്രവർത്തനത്തിലെ പങ്കാളിത്തം
മഞ്ചേശ്വരത്തു നിന്നുള്ള സുഹൃത്തുക്കളോടൊപ്പം മേപ്പാടിയിലെയും മുണ്ടക്കൈയിലെയും ദുരിത മേഖല സന്ദർശിച്ച ഞാൻ, അവിടെ കണ്ട ദൃശ്യങ്ങൾ വാക്കുകളിൽ വിവരിക്കാൻ കഴിയാത്തത്ര ഭയാനകമായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ദുഃഖത്തിന്റെ നിമിഷങ്ങളായിരുന്നു അത്. അവിടെ എന്തു ചെയ്യണമെന്നറിയാത്ത സങ്കടകരമായ നിമിഷങ്ങളാണ് കടന്നു പോയത്.
ദുരിതമനുഭവിക്കുന്നവരോടുള്ള സാമൂഹിക ഉത്തരവാദിത്തം
മുസ്ലീം ലീഗിന്റെ സ്വാന്തന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അവിടെ ഉണ്ടായിരുന്ന പികെ ബഷീർ എംഎൽഎ യും പികെ ഫിറോസ്, മമ്മൂട്ടി സാഹിബ് അടക്കമുള്ള പ്രിയപെട്ട നേതാക്കൻമാരുടെ ഉപസമിതി യോഗത്തിലും പങ്കെടുത്തു. കളക്ടർ അടക്കമുള്ള രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുളള പല ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ചൂരൽമലയിലെയും മുണ്ടക്കയത്തെയും ഇതിന്റെ ഉത്ഭവ സ്ഥലം മുതലുള്ള പല സ്ഥലങ്ങളും സന്ദർശിച്ചു. ഭാഗ്യം കൊണ്ട് ജീവൻ തിരിച്ചു കിട്ടുകയും പ്രാണൻ ഒഴിച്ച് സർവ്വതും നഷ്ടപെട്ട അനേകം സാധാരണക്കാരെ കണ്ടു. അവരുടെ നിസ്സഹായവസ്ഥക്ക് മുന്നിൽ പകച്ചു നിന്നെങ്കിലും എന്നാലാവുന്ന സമാധാന വാക്കുകൾ കൊണ്ട് ആശ്വസിപ്പിച്ചു. ഉറ്റവരുടെ മൃതദേഹങ്ങളുണ്ടോ എന്നവർ അന്വേഷിച്ച് ചെല്ലുമ്പോൾ തിരിച്ചറിയാനാവാത്ത ദുഃഖകരമായ കാഴ്ചകൾ!
മറവ് ചെയ്യപ്പെട്ട മൃതദേഹങ്ങൾ
മേപ്പാടി പഞ്ചായത്തിലെ മേപ്പാടി ജുമാ മസ്ജിദ് ജമാഅത് ഭാരവാഹികളെ കണ്ടു. അവരും സർവ്വതും നഷ്ടപ്പെട്ട നാല്പതോളം മയ്യിത്തുകളെ മറവ് ചെയ്യാൻ കാത്തിരിപ്പാണ്. മേപ്പാടി ഗ്രാമ പഞ്ചായത്തു സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത് തിരിച്ചറിയപ്പെടാത്ത മുഴുവൻ മൃതദേഹങ്ങളും ഉചിതമായ സ്ഥലം കണ്ടെത്തി സർവ്വമത പ്രാർത്ഥനകളോടെ മറവ് ചെയ്യാനുള്ള തീരുമാനമെടുത്തിരുന്നു.
ദുരിതമനുഭവിക്കുന്ന കുട്ടികൾ
ഒരു ക്യാമ്പിനകത്ത് കണ്ട ഒരു നിഷ്കളങ്കമായ കൊച്ചു കുട്ടി സ്റ്റെതസ്കോപ്പ് വെച്ചു ആ ക്യാമ്പിനകത്ത് കളിക്കുകയായിരുന്നു. ആ കുഞ്ഞിനടുത്ത് ഞാൻ കുശലം പറയാൻ തുനഞ്ഞപ്പോൾ എന്റെ ഹൃദയത്തിലോട്ട് സ്റ്റെതസ്കോപ്പ് വെച്ച് നിങ്ങൾക്ക് പനിയൊന്നുമില്ല എന്ന് ആ കുട്ടി പറഞ്ഞപ്പോൾ ആ കുട്ടിയുടെ നിഷ്കളങ്കമായ കളി തമാശകൾക്ക് മുന്നിൽ ഞാൻ ഒരു നിമിഷത്തേക്ക് വഴങ്ങി കൊടുത്തെങ്കിലും തല ഉയർത്തി നോക്കിയപ്പോൾ ഭീതിപെടുത്തിയ ദുരന്തഭൂമിയിൽ നിന്നും ജീവൻ മാത്രം കയ്യിലൊതുക്കി വന്നവരുടെ മുഖങ്ങളാണ് ചുറ്റും.
മോർച്ചറിയിലെ ദൃശ്യങ്ങൾ
മോർച്ചറിയിലേക്ക് ഒരു നോക്ക് കാണാനായി പോയി. ഒരല്പം നീങ്ങിയപ്പോൾ അവിടെ പറയുന്നുണ്ടായിരുന്നു നിങ്ങൾ അങ്ങോട്ട് പോവരുത് ചെറിയ ചെറിയ കുഞ്ഞു കാലുകളും വിരലുകളുമാണ്. പത്തിരുപ്പതഞ്ച് മനുഷ്യ ശരീര അവയവങ്ങളാണ് അവിടെ ചിന്നി ചിതറി കിടക്കുന്നത്.
ഭാവിയിലേക്കുള്ള പാഠങ്ങൾ
ഇതെന്തൊരു അവസ്ഥയാണ്! നമുക്കു മുന്നിൽ ഒരു വഴിയേ ഉള്ളൂ.. എല്ലാം നഷ്ടപെട്ട് കഴിയുന്ന ദുരിത മുഖത്തെ ജനങ്ങളെ തിരിച്ചുപിടിക്കാൻ അവരെ ചേർത്തു നിർത്താനുതകുന്ന പദ്ധതികളെ കുറിച്ചാലോചനകളാണ് നടത്തേണ്ടത്. ഒരു എംഎൽഎ എന്ന നിലക്ക് അതിനു വേണ്ടിയുള്ള ശ്രമങ്ങൾ എന്റെ പാർട്ടിയും കേരള സർക്കാറും നടത്തുമ്പോൾ അതിന്റെ കൂടെ നിന്ന് ആ പ്രവർത്തനങ്ങൾക്കൊക്കെ മതിയായ പിന്തുണ നൽകി വിജയിപ്പിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ് .
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരുടെ സേവനങ്ങൾ
ദുരിത മുഖത്ത് രക്ഷാപ്രവർത്തിലേർപ്പെട്ട ഇന്ത്യൻ ആർമി വിവിധ ഫോഴ്സുകൾ പോലീസ് സേന വൈറ്റ്ഗാർഡ് അടക്കമുള്ള സന്നദ്ധ സംഘടന വോളണ്ടിയർമാർ നാട്ടുകാർ അവരുടെയൊക്കെ സേവനങ്ങൾ എത്രകണ്ട് പ്രശംസിച്ചാലും മതിവരില്ല. പ്രത്യേകിച്ച് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർക്കടക്കം ദിനേന പതിനായിരം പേർക്ക് മൂന്ന് നേരം വിശപ്പടക്കിയ എന്റെ പാർട്ടിയുടെ ഭാഗമായ നരിപ്പെറ്റ യൂത്ത് ലീഗ് കമ്മിറ്റിയുടെ സമാനതകളില്ലാത്ത സേവനങ്ങൾ അവിസ്മരണീയമാണ്.
കേരളം മാറേണ്ടിയിരിക്കുന്നു
ദുരിതമേറ്റവരെ പുനരധിവസിപ്പിക്കുന്നതിനൊപ്പം ഇനിയൊരു ദുരിതമുണ്ടാകാതിരിക്കാനുള്ള ആസൂത്രണങ്ങളും പദ്ധതി നടത്തിപ്പുകളുമായി നമ്മുടെ ആവാസവ്യവസ്ഥയെ മാറ്റിയെഴുതേണ്ട ഘട്ടത്തിലേക്ക് കേരളം മാറേണ്ടിയിരിക്കുന്നു.
ഈ ദുരന്തം കേരളത്തിന് പല പാഠങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രകൃതിയുടെ ശക്തിയെ അവഗണിക്കാതെ, പ്രതിരോധ സംവിധാനങ്ങൾ കരുത്തുറ്റതാക്കേണ്ടതിന്റെ ആവശ്യകത ഈ ദുരന്തം വ്യക്തമാക്കിയിട്ടുണ്ട്. പാരിസ്ഥിതിക സന്തുലനം നിലനിർത്തുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കേണ്ടതുണ്ട്.
അതോടൊപ്പം തന്നെ, ദുരന്തനിവാരണത്തിനും പുനരധിവാസത്തിനുമുള്ള സർക്കാറിന്റെയും സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകതയും ഉയർന്നുവരുന്നു. പൊതുജനങ്ങളുടെ അവബോധവും സഹകരണവും ഈ മേഖലയിൽ നിർണായകമാണ്.
നാം ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
വയനാട് ദുരന്തം ഒരു വലിയ നഷ്ടമാണ്. എന്നാൽ, ഈ ദുരന്തം നമ്മെ പാഠം പഠിപ്പിച്ചിട്ടുണ്ട്. ഈ പാഠങ്ങൾ ഉൾക്കൊണ്ട്, കേരളത്തെ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന സുരക്ഷിത സംസ്ഥാനമാക്കി മാറ്റാൻ നാം ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
ഈ ദുരന്തം നമ്മെ ഏകീകരിക്കുകയും മനുഷ്യത്വത്തിന്റെ മികച്ച വശങ്ങൾ പ്രകടമാക്കുകയും ചെയ്തു. സഹായത്തിന്റെയും പിന്തുണയുടെയും കൈമാറ്റത്തിൽ കാണിച്ച ഐക്യം നമ്മുടെ സമൂഹത്തിന്റെ ശക്തിയാണ്. ഈ ദുരന്തത്തെ ഒരു വെല്ലുവിളിയായി കണ്ട്, പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ഏകോപനത്തോടെ പ്രവർത്തിക്കുമ്പോൾ മാത്രമേ നമുക്ക് ഈ ദുരന്തത്തിന്റെ ആഘാതത്തെ മറികടക്കാൻ കഴിയൂ.