Wayanad Landslide | വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ ഏഴാം ദിവസവും തിരച്ചില്‍ തുടരുന്നു; കണ്ടെത്താനുള്ളത് 200 ല്‍ അധികം പേരെ
കല്‍പറ്റ: (KasargodVartha) വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ ഏഴാം ദിവസവും തിരച്ചില്‍ തുടരുകയാണ്.
ദുരന്തത്തില്‍പ്പെട്ട 200-ല്‍ അധികം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതായവരുടെ എണ്ണം തിരിച്ചറിയാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ പത്തംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഐജി കെ സേതുരാമന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സോണുകളായി തിരിച്ചാണ് പരിശോധന നടന്നതെങ്കില്‍ ചൂരല്‍മല കേന്ദ്രീകരിച്ചാണ് ചൊവ്വാഴ്ചത്തെ തിരച്ചില്‍. ചൂരല്‍മലയില്‍ ബെയ്‌ലി പാലത്തിനോട് ചേര്‍ന്ന ഭാഗങ്ങളിലും പുഴയുടെ ഭാഗങ്ങളിലുമാണ് പരിശോധന കേന്ദ്രീകരിക്കുന്നത്. ഏറെ മൃതദേഹങ്ങള്‍ കണ്ടെടുത്തതിനാലും ബാക്കിയുള്ളവര്‍ ക്യാംപിലേക്ക് പോയതിനാലും മുണ്ടക്കൈയിലെ മുകള്‍ ഭാഗത്തേക്കുള്ള തിരച്ചില്‍ വലിയ രീതിയില്‍ നടത്തേണ്ടെന്ന നിലപാടിലാണ് ദൗത്യസംഘം.
തിരച്ചിലിനായി ജില്ലാഭരണകൂടം, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, പ്രദേശവാസികള്‍, പൊലീസ്, സൈന്യം എന്നിവരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കുമെന്ന് എഡിജിപി എംആര്‍ അജിത് പറഞ്ഞു. സമിതി രൂപവത്കരിക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് പൊലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. സൈന്യത്തിന്റെ ആവശ്യപ്രകാരമാണിത്. തീരുമാനം പെട്ടെന്ന് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉരുള്‍പൊട്ടിയ മുകള്‍ഭാഗം മുതല്‍ താഴെവരെ എത്ര വീടുകളും പ്രദേശവാസികളും ഉണ്ടെന്ന് കണ്ടെത്തുകയാണ് പ്രധാനം. തുടര്‍ന്ന് കാണാതായവരെ തിരയാന്‍ ഈ സമിതിയുടെ നേതൃത്വത്തില്‍ ഒരു ചെക്ക് ലിസ്റ്റ് ഉണ്ടാക്കും. ഓരോ ഭാഗങ്ങളില്‍ തിരച്ചില്‍ പൂര്‍ത്തിയാക്കി തൊട്ടടുത്ത മേഖലയിലേക്ക് പോകുംവിധമായിരിക്കും പരിശോധനയെന്നും എഡിജിപി പറഞ്ഞു.
ചൂരല്‍മലയില്‍ ഞായറാഴ്ച രാവിലെമുതല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. മണ്ണിനടിയില്‍ കിടക്കുന്ന ശരീരം കണ്ടെത്താന്‍ പറ്റുന്ന ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിറ്റക്ഷന്‍ സിസ്റ്റമാണ് പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്. മുന്‍ മേജര്‍ ജെനറല്‍ ഇന്ദ്രപാലന്‍, ചീഫ് ടെക്‌നികല്‍ ഓഫീസര്‍ രാജിബ് റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ആറുപേരാണുള്ളത്. ആധുനിക യന്ത്രോപകരണങ്ങളും സെന്‍സറുകളും സൈന്യത്തിന്റെ റഡാറുകളും ഉപയോഗിക്കും. തമിഴ്‌നാട് അഗ്‌നിരക്ഷാസേനയുടെ 49 അംഗ സംഘവും തിരച്ചിലിനുണ്ട്.
മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തേക്ക് ആളുകള്‍ പോകുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറുമുതല്‍ ഒമ്പതുവരെയെത്തുന്ന 1500 പേരെ മാത്രമേ ബെയ്ലി പാലം കടന്നുപോകാന്‍ അനുവദിക്കൂ. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയാണ് സന്നദ്ധപ്രവര്‍ത്തകരെ ദുരന്തമേഖലകളിലേക്ക് കടത്തിവിടുന്നത്. വിവരങ്ങള്‍ പൊലീസും സൈന്യവും കൃത്യമായി രേഖപ്പെടുത്തിയ ശേഷമാണ് സന്നദ്ധപ്രവര്‍ത്തകരെ ദുരന്തഭൂമിയിലേക്ക് കടത്തിവിടുന്നത്.
രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നുമുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷണവിതരണം സുഗമമാക്കാന്‍ പ്രദേശത്ത് നാല് ഫുഡ് സ്റ്റാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ 221 മരണങ്ങളാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഞായറാഴ്ച പരപ്പന്‍പാറയില്‍നിന്നും നിലമ്പൂരില്‍നിന്നുമായി രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. നിലമ്പൂരില്‍ നിന്ന് ഏഴും സൂചിപ്പാറ ഭാഗത്തുനിന്ന് ഒന്നും ശരീരഭാഗങ്ങള്‍ ലഭിച്ചിരുന്നു. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ചാലിയാറിലും പരിസര പ്രദേശങ്ങളിലും ചൊവ്വാഴ്ചയും തിരച്ചില്‍ നടക്കുന്നുണ്ട്.