Disaster | കാണാനാകുന്നത് സംസ്ഥാനം ഇന്നോളം കാണാത്ത ദുരിതസ്ഥിതി, ദുരന്തമുഖത്തേക്ക് ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല, റിസോര്‍ടില്‍ കുടുങ്ങിക്കിടക്കുന്നത് 300 ഓളം പേര്‍
എങ്ങും കാണാനാകുന്നത് മനുഷ്യനേക്കാള്‍ ഉയരമുള്ള കൂറ്റന്‍പാറകള്‍, തകര്‍ന്നുവീണ കെട്ടിടങ്ങള്‍, ചുറ്റും ചെളിയും മണ്ണും
വീണ്ടും ഉരുള്‍ പൊട്ടല്‍ ഉണ്ടായെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
കല്പറ്റ: (KasargodVartha) ഉരുള്‍ പൊട്ടലുണ്ടായ (Landslides) വയനാട്ടില്‍ (Wayanad) നിന്നും ഓരോ മിനുട്ടിലും എത്തുന്നത് ദുരന്ത വാര്‍ത്ത. എങ്ങും കാണാനാകുന്നത് മനുഷ്യനേക്കാള്‍ ഉയരമുള്ള കൂറ്റന്‍പാറകള്‍, തകര്‍ന്നുവീണ കെട്ടിടങ്ങള്‍, ചുറ്റും ചെളിയും മണ്ണും. ചൊവ്വാഴ്ച പുലര്‍ചെ ഒരുമണിയോടെയാണ് സംസ്ഥാനത്തെ ഒന്നാകെ നടുക്കിയ ദുരന്തം (Disaster) ഉണ്ടായത്. അതിനിടെ വീണ്ടും ഉരുള്‍ പൊട്ടല്‍ ഉണ്ടായെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ദുരന്തം നടന്ന് 10 മണിക്കൂറുകള്‍ പിന്നിടുമ്പോഴും രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തെത്താന്‍ കഴിയാത്ത അവസ്ഥയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാലാണ് അവിടേക്ക് എത്തിപ്പെടാന്‍ സാധിക്കാത്തത്. ഇതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. വ്യോമസേന സുലൂരില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായി നില്‍ക്കുന്നത് എയര്‍ലിഫ്റ്റിങിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും അകപ്പെട്ടതായി സംശയം. ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളെ ഒന്നാകെ വിഴുങ്ങിയിരിക്കയാണ് ഉരുള്‍പ്പൊട്ടലില്‍. സംസ്ഥാനം ഇന്നോളം കാണാത്ത ദുരിതസ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. പൊട്ടിയൊലിച്ച ഉരുളില്‍ ചാലിയാറിലൂടെ കിലോമീറ്ററുകളോളം മൃതദേഹങ്ങള്‍ ഒഴുകിയെത്തി. 24 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇതില്‍ പലതിലും ശരീര ഭാഗങ്ങള്‍ പലതും നഷ്ടമായ നിലയിലാണ്. കുട്ടികളുടെ മൃതദേഹങ്ങളും ഒഴുകി എത്തിയവയില്‍ കാണാം. ഇത് കരളലിയിക്കുന്ന കാഴ്ച തന്നെയാണ്.
ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സജ്ജീകരിക്കുക എന്ന ലക്ഷ്യവുമായി സൈന്യത്തിന്റെ എന്‍ജിനിയറിങ് ഗ്രൂപ് വയനാട്ടിലേക്കെത്തും. ബംഗ്ലൂരില്‍ നിന്നും സംഘം എത്തുന്നതോടെ മേഖലയുമായുള്ള ബന്ധം പുനസ്ഥാപിക്കാനും രക്ഷാദൗത്യത്തിലേക്ക് കടക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. വയനാട് ജില്ലയില്‍ ചുവപ്പ് ജാഗ്രത നിലനില്‍ക്കുന്നതും മഴ തുടരുന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിന് കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (DSC) സെന്ററിലെ സൈനികരും കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലില്‍ നിന്നുള്ള മെഡികല്‍ സംഘവും കോഴിക്കോട് നിന്ന് ടെറിറ്റോറിയല്‍ ആര്‍മിയിലെ സൈനികരും മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. 200 ഓളം സൈനികരാണ് സംഘത്തിലുള്ളത്. ഇതില്‍ ആദ്യ സംഘം ചൂരല്‍മലയിലെത്തിയിട്ടുണ്ട്.
സമയം മുന്നോട്ട് പോകും തോറും ആശങ്ക വര്‍ധിക്കുകയാണ്. പകല്‍വെളിച്ചം നിലക്കുന്നതോടെ രക്ഷാപ്രവര്‍ത്തനം വീണ്ടും പ്രതിസന്ധിയിലാകും. ഗുരുതരമായി പരുക്കേറ്റവരടക്കം ഒറ്റപ്പെട്ട അവസ്ഥയിലാണ്. വരും മണിക്കൂറുകളില്‍ കാലവസ്ഥ അനുകൂലമായാല്‍ എയര്‍ലിഫ്റ്റിങിനും മേഖലയുമായി ബന്ധപ്പെടുന്നതിന് ബദല്‍ സംവിധാനങ്ങളും ഒരുക്കാന്‍ സാധിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണുള്ളത്.
ചൊവ്വാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് ജില്ലയെ ഇളക്കി മറിച്ചുകൊണ്ടുള്ള ഭയാനകമായ ശബ്ദം കേട്ട് പ്രദേശവാസികള്‍ ഞെട്ടി ഉണര്‍ന്നത്. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല. എല്ലാവരും ഓടി കുന്നിന്‍ മുകളിലുള്ള റിസോര്‍ട്ടില്‍ കയറുകയായിരുന്നു. രാത്രിയായതുകൊണ്ട് എങ്ങോട്ട് ഓടണമെന്നു പോലും ആര്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല.
മുണ്ടക്കൈ നിവാസിയും അഭിഭാഷകനുമായ അശ്വിന്റെ വീടും ഒഴുകിപ്പോയതായി അദ്ദേഹം പറയുന്നു. ദുരന്തം നേരിട്ട് കണ്ടതിന്റെ ഞെട്ടലില്‍ നിന്നും അദ്ദേഹം ഇതുവരെ മോചിതനായിട്ടില്ല. നിരവധി പേര്‍ പരുക്കേറ്റ് റിസോര്‍ട്ടില്‍ കഴിയുന്നതായും ആരും തന്നെ ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നും അശ്വിന്‍ പറയുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പെടെ 300 ഓളം പേരാണ് റിസോര്‍ട്ടിലുള്ളതെന്നും അശ്വിന്‍ പറയുന്നു.
മഴ ശക്തമായാല്‍ തങ്ങള്‍ നില്‍ക്കുന്ന ഇടം പോലും സുരക്ഷിതമായിരിക്കില്ല. മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ട്. ആകെ പത്തു വീടുകളാണ് ഇനി മുണ്ടക്കൈയില്‍ അവശേഷിക്കുന്നതെന്നും അശ്വിന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ പോലും സാധിക്കാത്ത വിധം മണ്ണിടിച്ചില്‍ സംഭവിച്ചിരിക്കുകയാണ് മുണ്ടക്കൈ റിസോര്‍ട്ടിനും ചുറ്റും.