Tragedy | വയനാട് ഉരുൾപൊട്ടൽ: ദുരന്തഭൂമിയിൽ കണ്ണീർക്കാഴ്ചകൾ; മരണസംഖ്യ ഉയരുന്നു; രക്ഷാപ്രവർത്തനം ദുഷ്‌കരം; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു
സൈന്യം ദുരന്തബാധിത പ്രദേശത്തേക്ക് എത്തുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.രക്ഷാപ്രവർത്തനത്തിനായി 200 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
കൽപറ്റ: (KasargodVartha) വയനാട് ജില്ലയിലെ മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 54 ആയി ഉയർന്നു. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നീ പ്രദേശങ്ങളിലാണ് പുലർച്ചെ രണ്ട് മണിയോടെ ദുരന്തം സംഭവിച്ചത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനം അതിസങ്കീർണമാണ്. മുണ്ടക്കൈയും അട്ടമലയും പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. നാനൂറോളം കുടുംബങ്ങൾ ഇവിടെ കുടുങ്ങിക്കിടക്കുന്നു.
Heartbreaking scenes...
— Sidharth.M.P (@sdhrthmp) July 30, 2024
NDRF personnel seen carrying the mortal remains of those who've lost their lives in the terrible back-to-back landslides in #wayanad #Kerala in the wee hours today... @NDRFHQ @04NDRF pic.twitter.com/R8NkyuYej4
മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നൂറിലധികം നാട്ടുകാരും വിദേശികളും കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് സൈന്യം ദുരന്തബാധിത പ്രദേശത്തേക്ക് എത്തുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.രക്ഷാപ്രവർത്തനത്തിനായി 200 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് സമാന്തര പാലം നിർമിക്കാൻ ശ്രമം നടക്കുന്നതായി മന്ത്രി കെ രാജൻ അറിയിച്ചു.
വയനാട് രക്ഷാപ്രവർത്തനം.@airnewsalerts @airnews_tvm
— All India Radio News Trivandrum (@airnews_tvm) July 30, 2024
AIR VIDEOS: Arunvincent, PTC Wayanad pic.twitter.com/TcISMAzxjv
കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. പ്രദേശത്തെ പ്രധാന റോഡും ചൂരല്‍മല ടൗണിലെ പാലവും തകർന്നതോടെ രക്ഷാപ്രവർത്തനം ഏറ്റവും ദുഷ്കരമായി മാറിയിട്ടുണ്ട്. നിരവധി വാഹനങ്ങൾ ഒഴുകി പോയിരിക്കുകയാണ്. വയനാട്ടിലേക്ക് പോകാനാകാതെ ഹെലികോപ്റ്റർ കോഴിക്കോട്ട് ഇറക്കി. ദൗത്യസംഘം മുണ്ടക്കൈയിലേക്ക് എത്താൻ ശ്രമിക്കുകയാണ്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയതിനാൽ പ്രദേശം പൂർണമായും ഒറ്റപ്പെട്ടു. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ എൻജിനിയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക് എത്തും.
#WATCH | Buildings suffer damage in the landslide and rain-affected Chooralmala area in Kerala's Wayanad pic.twitter.com/YvBDbl9nhK
— ANI (@ANI) July 30, 2024
ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചു പോയി. ഉരുള്‍പൊട്ടലിന്റെ ഫലമായി നിരവധി വീടുകള്‍ തകര്‍ന്നു, വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. മുണ്ടക്കൈയിൽ പുലർച്ചെ ഒരു മണിക്കും, പിന്നീട് നാലു മണിക്കുമായി രണ്ട് തവണ ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചു. അര്‍ധരാത്രിയിലുണ്ടായ ഉരുള്‍പൊട്ടലിനു ശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. നിരവധി പേര്‍ അപകടത്തിൽപ്പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം.
സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ വയനാട്ടിലേക്ക് എത്തുകയാണ്. പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.