Technical Issue | ആദ്യം 2 പേര്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വോട്ടിങ് മെഷീനുകള്‍ പ്രവര്‍ത്തനം മുടക്കി; വയനാട്ടിലും ചേലക്കരയിലും തിരഞ്ഞെടുപ്പ് നടപടികള്‍ വൈകി
● യന്ത്രത്തില്‍ ഇന്‍വാലിഡ് കാണിക്കുകയായിരുന്നു.
● വോട്ടിങ് യന്ത്രം മാറ്റേണ്ടി വന്നേക്കും.
● 23നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
വയനാട്/ചേലക്കര: (KasargodVartha) ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ 117 ആം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് തടസ്സപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ തകരാറാണ് കാരണം. ആദ്യം രണ്ട് പേര്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വോട്ടിങ് തടസ്സപ്പെട്ടത്.
ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്‌കൂളില്‍ 116-ാം നമ്പര്‍ ബൂത്തിലും സാങ്കേതിക പ്രശ്‌നം ഉണ്ടായി. ഇവിടെ വോട്ടിങ് യന്ത്രം മാറ്റേണ്ടി വരുമെന്നാണ് വിവരം. ബിജെപി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണന്‍ വോട്ട് ചെയ്യേണ്ട ബൂത്താണിത്. ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ യന്ത്രത്തില്‍ ഇന്‍വാലിഡ് എന്ന് കാണിക്കുകയായിരുന്നു.
തിരുവമ്പാടി മണ്ഡലത്തില്‍ രണ്ടിടത്ത് വോട്ടിങ് മെഷീനില്‍ തകരാറുണ്ടായി. അഗസ്ത്യമുഴിയിലെ 117 ആം നമ്പര്‍ ബൂത്തില്‍ രണ്ടുപേര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് ഇവിഎം തകരാറായത്. ഇവിടെ ബാറ്ററി മാറ്റി വോട്ടെടുപ്പ് പുനരാരംഭിച്ചു. ചെറുതുരുത്തി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ബൂത്ത് 31 ലെ പോളിംങ്ങ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് യന്ത്രം തകരാറായി. മോക്ക് പോളിങ്ങില്‍ തകരാറ് പരിഹരിച്ചതായിരുന്നു.
ചേലക്കരയില്‍ 6 സ്ഥാനാര്‍ത്ഥികളും വയനാട്ടില്‍ 16 സ്ഥാനാര്‍ത്ഥികളുമാണ് ജനവിധി തേടുന്നത്. വയനാട്ടില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആയി 14.71 ലക്ഷം സമ്മതിദായകരാണുള്ളത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയിലെ വോട്ടര്‍മാര്‍ക്കായി മൂന്ന് ബൂത്തുകള്‍ തയാറാക്കിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താന്‍ സൗജന്യ വാഹന സര്‍വീസ് ഏര്‍പ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തില്‍ ആകെ ആറ് സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച മണ്ഡലം രാഹുല്‍ ഗാന്ധി ഒഴിഞ്ഞതിനാലാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ്. പ്രിയങ്ക ഗാന്ധി ആദ്യമായി ജനവിധി തേടുന്ന മത്സരമാണിത്. വയനാട്ടിലെ മത്സരം പ്രിയങ്കാ ഗാന്ധിയെത്തിയതോടെ ദേശീയ ശ്രദ്ധയിലാണ്. എംഎല്‍എയായിരുന്ന കെ. രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് ജയിച്ചതുകൊണ്ടാണ് ചേലക്കര പുതിയ എംഎല്‍എയെ തിരഞ്ഞെടുക്കുന്നത്. 23നാണ് വോട്ടെണ്ണല്‍.
#WayanadBypolls #ChelakkaraBypolls #VotingMachineIssue #KeralaElections #PriyankaGandhi #ElectionDelays