Registration | ഇനി ആർക്കും വീഡിയോ കോൺഫറൻസ് വഴി വിവാഹ രജിസ്ട്രേഷൻ നടത്താം! ദമ്പതികളിൽ ഒരാൾ വിദേശത്താവണമെന്നില്ല; കേരളത്തിനകത്തും പുറത്തുമുള്ളവർക്ക് ഗുണകരം
ദമ്പതികളിൽ ഒരാൾ വിദേശത്തായാൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ എന്ന നിയമത്തിന് ഇളവ്.
കാസർകോട്: (KasargodVartha) കേരളത്തിൽ വിവാഹ രജിസ്ട്രേഷൻ നടപടിക്രമങ്ങൾക്ക് വലിയ മാറ്റം വരുത്തിയിരിക്കുകയാണ്. വീഡിയോ കോൺഫറൻസിലൂടെ വിവാഹ രജിസ്ട്രാർക്ക് മുൻപിൽ ഹാജരാകാനുള്ള സൗകര്യം എല്ലാവർക്കും ഒരുക്കാൻ നിർദ്ദേശം നൽകിയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് കാസർകോട്ട് തദ്ദേശ അദാലത്തിൽ അറിയിച്ചു.
2019-ൽ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് വിദേശത്തുള്ളവർക്ക് ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ ഇത് ദമ്പതികളിൽ ഒരാൾ വിദേശത്തായാൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇപ്പോഴത്തെ തീരുമാനത്തോടെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും, അയൽ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഇത് വലിയ ആശ്വാസമായിരിക്കും.
നഗരസഭകളിൽ കെ സ്മാർട്ട് ഏർപ്പെടുത്തിയതോടെ നഗരങ്ങളിലെ വിവാഹങ്ങൾ ദമ്പതികൾക്ക് വീഡിയോ കെവൈസി വഴി എവിടെയിരുന്നും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ലഭ്യമായിരുന്നു. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ഈ സേവനം ലഭ്യമായിരുന്നില്ല. ഇതാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. സംസ്ഥാനത്തെ വിവാഹിതരാകുന്ന എല്ലാവർക്കും ഗുണകരമാവുന്ന തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.
#Kerala #marriage #onlineregistration #videocall #governmentinitiative #easyregistration