Waste-Free | മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപനത്തിനൊരുങ്ങി ഉദുമ

● ഹരിത കേരള മിഷനുമായി സഹകരിച്ച് പ്രവർത്തനം.
● വ്യാപകമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
● പ്ലാസ്റ്റിക്, തുണി മാലിന്യങ്ങൾ ശേഖരിക്കുന്നു.
● പൊതുസ്ഥലങ്ങളിൽ മാലിന്യം ഇടുന്നവർക്കെതിരെ നടപടി.
ഉദുമ: (KasargodVartha) കേരളത്തെ മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഉദുമ ഗ്രാമപഞ്ചായത്തും മാർച്ച് 30-ഓടെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനുള്ള അവസാന തയ്യാറെടുപ്പിൽ. മാലിന്യ നിർമാർജ്ജനവുമായി ബന്ധപ്പെട്ട് വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ബോധവൽക്കരണ പരിപാടികൾ ഇതിനോടകം സംഘടിപ്പിച്ചു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് വാർഡ് തലങ്ങളിൽ പലതവണ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
ഹരിത കേരള മിഷനുമായി ചേർന്ന് 18 സ്കൂളുകളെ ഹരിത സ്കൂളുകളായും 33 അങ്കണവാടികളെ ഹരിത അങ്കണവാടികളായും 343 അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളായും, 16 പൊതു സ്ഥാപനങ്ങളെ ഹരിത ഓഫീസുകളായും, പാലക്കുന്ന്, ഉദുമ, നാലാംവാതുക്കൽ, മാങ്ങാട് ടൗണുകളെ ഹരിത ടൗണുകളായും പ്രഖ്യാപിച്ചു. ജന്മ, കോടി ബീച്ചുകൾ ഹരിത ടൂറിസം കേന്ദ്രങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട്.
2025 ഫെബ്രുവരി മാസത്തിൽ പഞ്ചായത്തിലെ 98 ശതമാനം വീടുകളിലും സ്ഥാപനങ്ങളിലും സേവനം നൽകുന്നതിന് ഹരിത കർമ്മ സേനയ്ക്ക് സാധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം വീടുകളിൽ നിന്നും തരം തിരിച്ച് ശേഖരിച്ച് എംസിഎഫിൽ എത്തിച്ച് പുനരുപയോഗിക്കുന്ന വസ്തുക്കളാക്കി മാറ്റുന്നതിന് ബന്ധപ്പെട്ട സ്ഥാപനത്തിന് നൽകുന്നു. കഴിഞ്ഞ മാസം മാത്രം 21 ടണ്ണോളം പ്ലാസ്റ്റിക് ശേഖരണം നടത്തിയതിൽ 6 ടൺ തരംതിരിച്ചു. ഫെബ്രുവരി മാസത്തിൽ 10 ടണ്ണോളം തുണിമാലിന്യവും ഹരിത കർമ്മ സേന ശേഖരിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനപ്രകാരം പഞ്ചായത്തിലെ ടൗണുകളും പൊതുസ്ഥലങ്ങളും ഓവുചാലുകളും ശുചീകരിക്കുന്നതിന് കുടുംബശ്രീ മുഖാന്തിരം 10 ശുചീകരണ തൊഴിലാളികളെ ഫെബ്രുവരി മാസം മുതൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. പഞ്ചായത്തിലെ പ്രധാന കവലകളും റോഡരികുകളും പൊതുസ്ഥലങ്ങളും ഇതിനോടകം ശുചീകരിച്ചു കഴിഞ്ഞു. വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങളിലും ഈ തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
മാലിന്യ നിർമ്മാർജ്ജന പ്രവർത്തനത്തോടൊപ്പം തന്നെ പൊതുസ്ഥലങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് നിരീക്ഷിക്കുന്നതിനും ഓഫീസുകളുടെയും വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലെയും പരിസരങ്ങൾ വൃത്തിയായി പരിപാലിക്കുന്നുണ്ടെന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വില്പന നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും നിയമ നടപടികൾ സ്വീകരിക്കുന്നതിനും പഞ്ചായത്ത് തല വിജിലൻസ് സ്ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ടീമും രൂപീകരിച്ചിട്ടുണ്ട്.
പൊതു സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സൂപ്പർമാർക്കറ്റുകൾ, ക്വാർട്ടേഴ്സുകൾ, ഹോട്ടലുകൾ തുടങ്ങിയവയിലായി 120 ഓളം സ്ഥലങ്ങളിൽ ഈ ടീം പരിശോധന നടത്തുകയും കഴിഞ്ഞ 20 ദിവസങ്ങളിലായി 35750 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. പിഴ ചുമത്തിയിട്ടും ഒടുക്കാത്തവർക്കെതിരെ റെവന്യൂ റിക്കവറി, പ്രോസിക്യൂഷൻ നടപടികളും സ്വീകരിച്ചുവരുന്നു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷി, വൈസ് പ്രസിഡണ്ട് കെ വി ബാലകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സൈനബ അബൂബക്കർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി കിരൺചാന്ദ് എസ് ഡി, അസിസ്റ്റൻ്റ് സെക്രട്ടറി, വി. ഇ ഓ., ഹെൽത്ത് ഇൻസ്പെക്ടർ, ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നത്.
മാർച്ച് 23 ന് ഉദുമ ഗ്രാമ പഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപനം നടത്തുമെന്നും അതിന് മുന്നോടിയായി എല്ലാ വാർഡുകളും മാലിന്യ മുക്തമായി പ്രഖ്യാപിക്കുമെന്നും പഞ്ചായത്തിലെ എല്ലാ ജനങ്ങളും പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങണമെന്നും ഹരിതകർമ്മ സേനയുമായി സഹകരിക്കണമെന്നും മാലിന്യം വലിച്ചെറിയരുതെന്നും പ്രസിഡണ്ട് പി ലക്ഷി അറിയിച്ചു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Uduma Grama Panchayat is all set to be declared a waste-free panchayat on March 23rd, marking significant progress towards a clean Kerala. Extensive awareness campaigns, clean-up drives, and the active involvement of Haritha Karma Sena have been key. Vigilance squads are also ensuring compliance and penalizing offenders.
#WasteFreeUduma #CleanKerala #HarithaKerala #SolidWasteManagement #Uduma #Kasaragod