Died | കൊല്ലത്ത് പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് 2 സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
മണിയാര്‍ ഇടക്കുന്ന് മുളവെട്ടിക്കോണം ഗോകുലത്തില്‍ സരോജം, മഞ്ജു ഭവനില്‍ രജനി എന്നിവരാണ് മരിച്ചത്
റബര്‍തോട്ടത്തിലെ കാട് നീക്കം ചെയ്യുന്നതിനിടെയാണ് അപകടം
പുനലൂര്‍: (KasargodVartha) പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് രണ്ട് സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. പുനലൂര്‍ നഗരസഭയിലെ കേളങ്കാവ് വാര്‍ഡില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മണിയാര്‍ ഇടക്കുന്ന് മുളവെട്ടിക്കോണം ഗോകുലത്തില്‍ സരോജം (55), മഞ്ജു ഭവനില്‍ രജനി (59) എന്നിവരാണ് മരിച്ചത്.
ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് ദുരന്തമുണ്ടായത്. പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ റബര്‍തോട്ടത്തിലെ കാട് നീക്കം ചെയ്യുന്നതിനിടെയാണ് അപകടം. ഏതാനും തൊഴിലാളികള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് മുകളിലും താഴെയുമായുള്ള രണ്ടു പുരയിടങ്ങളില്‍ കാട് നീക്കുകയായിരുന്നു.
മുകളിലെ പുരയിടത്തിലായിരുന്നു സരോജവും രജനിയും. ഇതിനിടെയാണ് മഴ തുടങ്ങിയതും ഇടിമിന്നലുണ്ടായതും. മഴ തോര്‍ന്നപ്പോള്‍ താഴെ പുരയിടത്തില്‍ ജോലി ചെയ്തിരുന്നവര്‍ ഇവരെ അന്വേഷിച്ചെത്തിയപ്പോഴാണ് മിന്നലേറ്റ നിലയില്‍ കണ്ടെത്തിയത്. ദേഹത്ത് പൊള്ളലേറ്റിരുന്നു. ഉടന്‍ തന്നെ പ്രദേശവാസികള്‍ ഓടിയെത്തി ഇരുവരെയും പുനലൂര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മൃതദേഹം പുനലൂര്‍ താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.