Outrage | ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്ന് പരാതി; വയനാട്ടില്‍ വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയതില്‍ പ്രതിഷേധം; പിന്നാലെ ട്രൈബല്‍ പ്രമോട്ടര്‍ക്ക് സസ്‌പെന്‍ഷന്‍
● പ്രമോട്ടറെ കരുവാക്കുകയാണെന്ന് ആരോപണം.
● ആംബുലന്‍സ് ലഭ്യമായിരുന്നില്ലെന്ന് ഓഫീസര്‍.
● മേലുദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ വീഴ്ച.
വയനാട്: (KasargodVartha) ആദിവാസി വയോധികയായ എടവക പള്ളിക്കല്‍ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചതായി പരാതി. മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് കിട്ടാതെ വന്നതോടെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയതിനെ ചൊല്ലി പ്രതിഷേധം ശക്തമായതോടെ നടപടിയുമായി അധികൃതര്‍. ട്രൈബല്‍ പ്രമോട്ടറെ സസ്‌പെന്‍ഡ് ചെയ്തു.
ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അറിയിച്ചിട്ടും മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്നാണ് പരാതി. സംഭവം വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി എത്തി. ഇതോടെ സംഭവത്തില്‍ വീഴ്ചയുണ്ടായെന്നാരോപിച്ച് ട്രൈബല്‍ പ്രമോട്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയ്ക്ക് ട്രൈബല്‍ പ്രമോട്ടറെ കരുവാക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി.
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടില്‍ വച്ചായിരുന്നു ചുണ്ടമ്മ മരണപ്പെട്ടത്. മരിച്ച ആദിവാസി സ്ത്രീയുടെ മൃതദേഹം വീട്ടില്‍ നിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോകാനായിരുന്നു ആംബുലന്‍സ് വേണ്ടിയിരുന്നത്. പട്ടികജാതി വകുപ്പ് മൃതദേഹം സംസ്‌കരിക്കാനായി ശ്മശാനത്തിലേക്ക് ആംബുലന്‍സ് ഏര്‍പ്പാട് ചെയ്ത് കൊടുക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. വാഹനം ലഭിക്കാതെ വന്നതോടെ മൃതദേഹം പായയില്‍ പൊതിഞ്ഞ് ഓട്ടോറിക്ഷയിലാണ് ശ്മശാനത്തിലെത്തിച്ചത്. നാല് കിലോമീറ്റര്‍ ദൂരമാണ് ഇത്തരത്തില്‍ മൃതദേഹം കൊണ്ടുപോയത്.
അതേസമയം, വാഹനം ആവശ്യപ്പെടുന്ന സമയത്ത് രണ്ട് ആംബുലന്‍സാണ് ട്രൈബല്‍ ഓഫീസില്‍ ഉണ്ടായിരുന്നതെന്നും വൈകുന്നേരം ഇവ രണ്ടും ലഭ്യമായിരുന്നില്ലെന്നും പറഞ്ഞ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, പുറത്ത് നിന്ന് ആംബുലന്‍സ് വിളിക്കാമായിരുന്നുവെന്നും എന്നാല്‍ ട്രൈബല്‍ പ്രൊമോട്ടര്‍ ഇത് ചെയ്തില്ലെന്നും കുറ്റപ്പെടുത്തി. സംഭവം മേലുദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പ്രൊമോട്ടര്‍ക്ക് വീഴ്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.
#Wayanad #tribalrights #indigenouspeoples #humanrights #protest #kerala #india