കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത പരിഷ്‌കാരം; യു ടേണ്‍ സ്ഥാപിക്കും; വെള്ളായിപ്പാലം റോഡ് വണ്‍വേ ആക്കാനും ആലോചന; കോട്ടച്ചേരി മേല്‍പാലം ഉദ്ഘാടനം വേഗത്തില്‍
Feb 9, 2022, 23:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.02.2022) കോട്ടച്ചേരി മേല്‍പാലം ഉദ്ഘാടനത്തോടൊപ്പം നഗരത്തില്‍ സമഗ്ര ട്രാഫിക് പരിഷ്‌കരണവും ഏർപെടുത്തും. ഇതിന് മുന്നോടിയായി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍ എന്നിവര്‍ മേല്‍പാലം സന്ദര്‍ശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി.
മേല്‍പാലത്തില്‍ നിന്ന് നഗരത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ മേല്‍പ്പാലത്തിന്റെ ഇടതുവശം ചേര്‍ന്ന് സെര്‍വീസ് റോഡിലൂടെ പ്രധാന റോഡിലേക്കും, മേല്‍പാലത്തിലൂടെ തീരദേശത്തേക്ക് പോകുന്ന വാഹനങ്ങള്‍ കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനില്‍ നിന്ന് സെര്‍വീസ് റോഡില്‍ കയറി റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകുന്ന രീതിയിലാകും പരിഷ്‌കരണം.
കോട്ടച്ചേരി മലനാട് ടൂറിസ്റ്റ് ഹോമിന് മുന്‍വശം യു ടേൻ നിര്‍മിക്കാനും ആലോചിക്കുന്നുണ്ട്. ബൈക്, ഓടോറിക്ഷ, കാര്‍, ജീപ് തുടങ്ങിയ ലൈറ്റ് വെഹികിളുകള്‍ക്ക് ഇതുവഴി പ്രവേശിക്കാന്‍ അനുമതി നല്‍കാനുമാണ് ആലോചന. മാവുങ്കാല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളായിപ്പാലം വഴി വണ്‍വേ സംവിധാനത്തിലൂടെ കടത്തിവിടാനുമാണ് ആലോചന.
മേല്‍പാലത്തിലും, പുതുതായി ഏര്‍പെടുത്തുന്ന ക്രമീകരണങ്ങള്‍ക്കും ആവശ്യമായ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കും. പാര്‍കിംഗ്, നോ പാര്‍കിംഗ് ബോര്‍ഡുകളും സ്ഥാപിക്കും. കൂടാതെ പടന്നക്കാട് മുതല്‍ കോട്ടച്ചേരി വരെ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങള്‍ ജില്ലാ ട്രാഫിക് കമിറ്റിക്ക് നല്‍കാന്‍ നഗരസഭ ട്രാഫിക് റെഗുലേറ്ററി കമിറ്റി യോഗത്തില്‍ തീരുമാനമായി.
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി വി ബാലകൃഷ്ണന്‍, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി. എക്‌സിക്യൂടീവ് എന്‍ജിനീയര്‍ എ പ്രകാശന്‍, ആര്‍ഡി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ആര്‍ ശ്രീകല, എംഎംവി പ്രദീപന്‍ എന്നിവരും പങ്കെടുത്തു.
Keywords: Kerala, Kasaragod, News, Kanhangad, Development project, Road, Bridge, Top-Headlines, Transport reform in Kanhangad city