Transfer | ടിപി വധക്കേസ് പ്രതികളുടെ ശിക്ഷായിളവ്; കെകെ രമയുടെ മൊഴിയെടുത്ത എഎസ്‌ഐയ്ക്ക് സ്ഥലംമാറ്റം
കൊളവല്ലൂര്‍ സ്റ്റേഷനിലെ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി.
ശിക്ഷായിളവ് നീക്കത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത.
കണ്ണൂര്‍: (KasargodVartha) ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നടപടികളുടെ മുന്നൊരുക്കമായി കെ കെ രമ എംഎല്‍എയുടെ മൊഴിയെടുത്ത എഎസ്‌ഐക്ക് സ്ഥലംമാറ്റം. രമയുടെ മൊഴിയെടുത്ത കൊളവല്ലൂര്‍ സ്റ്റേഷനിലെ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. പ്രതി ട്രൗസര്‍ മനോജിന് ശിക്ഷായിളവ് നല്‍കുന്നതിന്റെ ഭാഗമായാണ് രമയുടെ മൊഴിയെടുത്തത്.
ഈ സംഭവം പ്രതിപക്ഷനേതാവ് നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് പൊലീസുകാരനെതിരേ നടപടി ഉണ്ടായിരിക്കുന്നത്. പ്രതികളെ ശിക്ഷായിളവിന് ശിപാര്‍ശചെയ്ത മൂന്ന് ഉദ്യോഗസ്ഥരെ നേരത്തെ മുഖ്യമന്ത്രി ഇടപെട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസി.സൂപ്രണ്ട് ഗ്രേഡ് വണ്‍ ബി ജി അരുണ്‍, അസി. പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
അതിനിടെ ശിക്ഷായിളവ് നീക്കത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. പട്ടിക ചോര്‍ന്നതിലാണ് നടപടിയുണ്ടാകുക. സംഭവത്തില്‍ പാനൂര്‍, ചൊക്ലി സ്റ്റേഷനുകളിലെ രണ്ട് ഉദ്യോഗസ്ഥരെ കൂത്തുപറമ്പ് എസിപി ചോദ്യം ചെയ്തു. സിപിഒമാരായ പ്രവീണ്‍, ഷാജു എന്നിവരെയാണ് ചോദ്യം ചെയ്തത്. പട്ടിക ചോര്‍ന്നതിന് പിന്നില്‍ ഇവരാണെന്ന് പ്രാഥമിക നിഗമനം.