HC Verdict | കാസർകോട്ട് ജ്വലറിയുടെ വ്യാപാര മുദ്രയുമായി ബന്ധപ്പെട്ട തർക്കം പുതിയ വഴിത്തിരിവിലേക്ക്; അവകാശം സംബന്ധിച്ച കീഴ് കോടതി വിധി ഹൈകോടതി 3 മാസത്തേക്ക് സ്റ്റേ ചെയ്തു; ട്രേഡ് മാർക് രജിസ്റ്റർ ചെയ്‌തിട്ടില്ലെന്ന് വാദം; തടസ ഹർജിയുമായി മുന്നോട്ട് പോകുമെന്ന് ജ്വലറി ഉടമ
കാസർകോട്: (KasargodVartha) ജ്വലറിയുടെ വ്യാപാര മുദ്രയുമായി ബന്ധപ്പെട്ട തർക്കം പുതിയ വഴിത്തിരിവിലേക്ക്. പേരും വ്യാപാര മുദ്രയുമായും ബന്ധപ്പെട്ട അവകാശ തർക്കത്തിൽ മെട്രോ ഗോൾഡ് ജ്വലറി ഉടമ എ അഹ്‌മദ് സാജിദിന് അനുകൂലമായി കാസർകോട് ജില്ലാ അഡീഷണൽ കോടതി (രണ്ട്) നടത്തിയ വിധി ഹൈകോടതി മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തു.
ശാനു അത്തർ മെട്രോ ഗോൾഡ് ഉടമ ശാനവാസ് എന്ന ശാനു അത്തർ നൽകിയ ഹർജിയിലാണ് ഹൈകോടതി ജഡ്ജ് ആർ ബസന്ത് കീഴ് കോടതി വിധിക്കെതിരെ മൂന്ന് മാസത്തേക്ക് സ്റ്റേ അനുവദിച്ചത്. സാജിദും ശാനവാസും അടുത്ത ബന്ധുക്കൾ കൂടിയാണ്. നേരത്തെ മെട്രോ ഗോൾഡിലെ ജോലിക്കാരനായിരുന്നു ശാനവാസ്. ഇരുവരും തമ്മിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് ശാനവാസ് ശാനു അത്തർ മെട്രോ ഗോൾഡ് എന്ന ജ്വലറി തുടങ്ങാൻ തീരുമാനിച്ചതോടെയാണ് പേരിന്റെയും വ്യാപാര മുദ്രയുടെയും പേരിൽ തർക്കമുണ്ടായത്.
ഇതുമായി ബന്ധപ്പെട്ട് സാജിദ് സിജെഎം കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം കാസർകോട് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാനവാസ് എന്ന ശാനു അത്തർ (30), മുസ്ലിം ലീഗ് നേതാവും ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ കെ ബി എം ശരീഫ് (49) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഇതിനിടയിലാണ് കീഴ് കോടതി വിധി സംബന്ധിച്ചുള്ള ഉത്തരവും പുറത്തുവന്നത്. ആദ്യം പേരും വ്യാപാര മുദ്രയും ആരാണോ ഉപയോഗിക്കുന്നത് അവർക്കാണ് അതിന്റെ ഉടമസ്ഥാവകാശം എന്നാണ് നിയമവിദഗ്ധർ പറയുന്നത്. പേരും വ്യാപാര മുദ്രയും സംബന്ധിച്ചുള്ള തർക്കം ഉണ്ടായതോടെ ഇരുവിഭാഗവും വ്യാപാര മുദ്ര രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ നടപടിയുമായി മുന്നോട്ട് പോയിട്ടുണ്ട്.
ആകെ കുഴഞ്ഞുമറിഞ്ഞ കേസിൽ ആർക്കാവും അനുകൂല തീരുമാനം ഉണ്ടാവുകയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. തന്റെ വാദം കേൾക്കാതെയാണ് ഹൈകോടതിയിൽ നിന്നും സ്റ്റേ ഉത്തരവ് ഉണ്ടായതെന്നും ഇതിന് തടസ ഹർജി നൽകുമെന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അഹ്‌മദ് സാജിദ് വ്യക്തമാക്കി.
അതേസമയം, ശാനവാസ് രണ്ടാമതാണ് തുടങ്ങിയതെന്ന രീതിയിലാണ് എതിർകക്ഷി അവതരിപ്പിച്ചതെന്നും എന്നാൽ സാജിദ് വ്യാപാര മുദ്ര രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ശാനവാസിന് വേണ്ടി ഹൈകോടതിയിൽ ഹാജരായ അഡ്വ. സാബു ജോർജ് കാസർകോട് വാർത്തയോട് പറഞ്ഞു. സിവിൽ കേസുള്ളപ്പോൾ ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നും അതുകൊണ്ട് വ്യാപാരമുദ്രയുമായി ബന്ധപ്പെട്ട് കാസർകോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Kasaragog, Train News, Indian Railway, Court, Kasaragod News, Kerala News, Mogral, Police, Fir, Ragistor Trade Mark Case: High Court stayed lower court verdict for 3 months