Concern | കാസർകോട്ട് രണ്ടിടത്ത് പുലിയെ കണ്ടതായി വെളിപ്പെടുത്തൽ; വനം വകുപ്പ് കാമറകൾ സ്ഥാപിച്ചു; നേരിട്ട് കണ്ടെന്ന് ഓടോറിക്ഷ ഡ്രൈവർ; നടപടി ഇല്ലെങ്കിൽ പ്രധിഷേധ സമരമെന്ന് കോൺഗ്രസ്
ബുധനാഴ്ച രാത്രി പ്രദേശത്ത് വീണ്ടും പുലിയിറങ്ങി തൊഴുത്തിൽ കെട്ടിയ മൂന്ന് പശുക്കുട്ടികളിൽ ഒന്നിനെ കൊന്ന് ഭക്ഷിച്ചതായും ഒരു മാസം മുന്നേ കല്ലപ്പള്ളി ഭീരു ദണ്ഡിലും, രംഗത്ത് മലയിലും പുലിയിറങ്ങി പട്ടികളെ കൊലപ്പെടുത്തിയാതായും പ്രദേശവാസികൾ പറയുന്നു.
കാസർകോട്: (KasaragodVartha) പനത്തടി പഞ്ചായതിലെ കല്ലപ്പള്ളിയിലും മുളിയാർ പഞ്ചായതിലെ ഇരിയണ്ണിയിലും പുലിയെ കണ്ടതായി പ്രദേശവാസികൾ വെളിപ്പെടുത്തി. പനത്തടി കല്ലപ്പള്ളിയിലെ പ്ലാന്റേഷൻ കോർപറേഷന്റെ സ്ഥലത്താണ് പുലിയെ കണ്ടത്. ഇവിടെ പശുക്കുട്ടിയെ പുലി ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് രണ്ട് കാമറ സ്ഥാപിച്ചതായി ഫോറസ്റ്റ് റേൻജ് ഓഫീസർ കെ രാഹുൽ കാസർകോട് വാർത്തയോട് പറഞ്ഞു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശേഷപ്പ ഉൾപെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. പഞ്ചായത് പ്രസിഡന്റ് പ്രസന്ന പ്രസാദ് സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. കുറെ ദിവസമായി പനത്തടിയിലും പരിസര പ്രദേശങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞതായി പഞ്ചായത് പ്രസിഡന്റ് കാസർകോട് വാർത്തയോട് പ്രതികരിച്ചു. പല സ്ഥലങ്ങളിലും പുലിയുടെ സാന്നിധ്യം ഉണ്ടെന്ന റിപോർടിന്റെ അടിസ്ഥാനത്തിൽ പുതുതായി അഞ്ചു കാമറകൾ വാങ്ങിച്ചിട്ടുണ്ടെന്ന് ഡി എഫ് ഒ കെ അശ്റഫ് പറഞ്ഞു.
കല്ലപ്പള്ളിയിലെ ദൊഡമനയിൽ വീടിന്റെ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് പുലി കടിച്ച് കൊന്നത്. ബുധനാഴ്ച രാത്രി പ്രദേശത്ത് വീണ്ടും പുലിയിറങ്ങി തൊഴുത്തിൽ കെട്ടിയ മൂന്ന് പശുക്കുട്ടികളിൽ ഒന്നിനെ കൊന്ന് ഭക്ഷിച്ചതായും ഒരു മാസം മുന്നേ കല്ലപ്പള്ളി ഭീരു ദണ്ഡിലും, രംഗത്ത് മലയിലും പുലിയിറങ്ങി പട്ടികളെ കൊലപ്പെടുത്തിയാതായും പ്രദേശവാസികൾ പറയുന്നു.
ബുധനാഴ്ച പുലി പശുക്കുട്ടിയെ ആക്രമിച്ച വിവരം അറിഞ്ഞ് പഞ്ചായത് പ്രസിഡന്റിനോടൊപ്പം സ്റ്റാൻഡിങ് കമിറ്റി ചെയർമാന്മാരായ ലതാ അരവിന്ദ്, ബി രാധാകൃഷ്ണ ഗൗസ, പരപ്പ ബ്ലോക് പഞ്ചായത് അംഗം അരുൺ രംഗത്ത് മല, പഞ്ചായത് അംഗം സൗമ്യമോൾ പി കെ എന്നിവരും സ്ഥലം സന്ദർശിച്ചു. മൃഗഡോക്ടർ അരുണിൻ്റെ നേതൃത്വത്തിൽ പശുക്കുട്ടിയെ പോസ്റ്റ്മോർടം നടത്തി. സ്ഥലത്ത് പുലിയുടെ കാൽപാടുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. കഴുതപ്പുലി ആവാനും സാധ്യതയുണ്ടെന്നും വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
അതിനിടെ കാനത്തൂർ ഇരിയണ്ണിയിലും പുലിയെ കണ്ടതായി പ്രദേശവാസികൾ വെളിപ്പെടുത്തി. രാവിലെ അഞ്ചുമണിയോടെ പേരടുക്കം ഒട്ടച്ചാൽ ഭാഗത്ത് ഓടോറിക്ഷ ഡ്രൈവർ ദിവാകരനാണ് പുലിയെ റോഡിൽ നേരിട്ട് കണ്ടതെന്നാണ് പറയുന്നത്. കുറെ ദിവസങ്ങളായി കാനത്തൂരിലും പരിസര പ്രദേശങ്ങളിലും പുലിയെ കണ്ടതായി പറയുന്നുണ്ട്. വിവരം അറിച്ചതിന്റെ അടിസ്ഥാനത്തിൽ റാപിഡ് ആക്ഷൻ ഫോഴ്സ് ജയകുമാറിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി.
പുലിയെ പിടികുടാൻ അധികൃതർ നടപടി എടുത്തില്ലെങ്കിൽ ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് പേരടുക്കം യൂണിറ്റ് കോൺഗ്രസ് കമിറ്റി യോഗം വ്യക്തമാക്കി. മഹാത്മാജി വായനശാല ആൻഡ് ഗ്രന്ഥാലയം, നവഭാരത് ഗ്രാമ വികസന കലാകായിക കേന്ദ്രം എന്നിവയുമായി സഹകരിച്ചായിരിക്കും സമര പരിപാടികൾ ആരംഭിക്കുക.
യോഗത്തിൽ യൂണിറ്റ് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ പേരടുക്കം അധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്റ് രഘു കണ്ണംഗോൾ മുളിയാർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ പി രാധാകൃഷ്ണൻ, നവഭാരത് ഗ്രാമ വികസന കലാകായിക കേന്ദ്രം പ്രസിഡന്റ് കെ ഗിരീഷ് കുമാർ, ജനശ്രീ മണ്ഡലം കൺവീനർ രവി, കെ പാണ്ടി, സത്യൻ കെ, സാജു ടി, രജീഷ് ടി വി, സനോജ് ടി, വനിത വേദി പ്രസിഡന്റ് ശാന്തകുമാരി, മധു പാണ്ടി തുടങ്ങിയവർ സംസാരിച്ചു.
മുളിയാർ പഞ്ചായതിലെ പാണൂർ, കാനത്തൂർ, ബീട്ടിയടുക്കം, നെയ്യംകയം, പയർപ്പള്ളം, ഇരിയണ്ണി, കുണിയേരി, ബേപ്പ് മഞ്ചക്കൽ, കോട്ടൂര്‍ തുടങ്ങി പല ഭാഗങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു.
#KasaragodTigerSighting #KeralaWildlife #TigerAttack #ForestDepartment #India #WildlifeConservation