Suspended | 'മദ്യപിച്ച ബൈക് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തില്ല'; കേസെടുക്കാന്‍ വൈകിയതിന് തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ എസ്‌ഐമാരടക്കം 3 പേര്‍ക്ക് സസ്‌പെന്‍ഷന്‍
തൃശ്ശൂര്‍: (www.kasargodvartha.com) കേസെടുക്കാന്‍ വൈകിയതിന് എസ്‌ഐമാരടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഈസ്റ്റ് സ്റ്റേഷനിലെ എസ് ഐമാരായ അഫ്‌സല്‍, പ്രദീപ്, സി പി ഒ ജോസ്‌പോള്‍ എന്നിവരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.
മദ്യപിച്ച ബൈക് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കാതിരുന്ന സംഭവത്തിലാണ് നടപടിയെന്നാണ് വിവരം. കമിഷണറുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ ശിക്ഷിച്ചത്. അതേ സമയം യുവാവിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പോലീസ് ബൈക് മാത്രം പിടിച്ചെടുത്തതെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം.
രണ്ടാഴ്ച മുന്‍പാണ് സംഭവം നടന്നത്. തൃശ്ശൂര്‍ ശക്തന്‍ നഗറിലെ ബാറിന് സമീപത്ത് മദ്യപിച്ചെത്തിയ മുളംകുന്നത്ത് കാവ് സ്വദേശിയായ യുവാവിനെതിരെ കേസെടുക്കാതെ പൊലീസ് ബൈക് മാത്രം പിടിച്ചെടുത്ത് വിട്ടയക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയില്‍ എടുക്കാനോ രക്തം പരിശോധിക്കാനോ നടപടിയെടുക്കാനോ പൊലീസ് തയ്യാറായില്ലെന്നും തുടര്‍ന്ന് യുവാവ് പിറ്റേദിവസം ബൈക് വാങ്ങാനായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കേസെടുത്തതെന്നുമാണ് ആരോപണം. കേസെടുക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി.
അതിനിടെ തന്റെ മൊബൈല്‍ ഫോണും പേഴ്‌സും കാണാതായത് ഈ യുവാവ് പരാതിപ്പെട്ടിരുന്നു. ഈ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തില്‍ ബാറില്‍വെച്ച് പേഴ്‌സും മൊബൈലും മറ്റൊരാളാണ് എടുത്തതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് അയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.