Reels | തിരുവല്ല മുനിസിപാലിറ്റിയിലെ ആ റീല്‍സ് ചിത്രീകരിച്ചത് അവധി ദിവസമായ ഞായറാഴ്ച; നോടീസിന് വിശദീകരണം നല്‍കി ജീവനക്കാര്‍
പത്തനംതിട്ട: (KasargodVartha) ജോലി സമയത്ത് ഓഫീസില്‍വെച്ച് റീല്‍സ് ചിത്രീകരിച്ചുവെന്ന രീതിയില്‍ വീഡിയോ വൈറലായതിന് പിന്നാലെ ജീവനക്കാര്‍ക്ക് നഗരസഭാ സെക്രടറി നോടീസ് നല്‍കി. നോടീസിന് വിശദീകരണം നല്‍കി തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍. അവധി ദിവസമായ ഞായറാഴ്ചയാണ് റീല്‍സ് ചിത്രീകരിച്ചതെന്നാണ് ജീവക്കാര്‍ നല്‍കിയ മറുപടി. നഗരസഭാ സെക്രടറി അവധിയായതിനാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് വിശദീകരണം നല്‍കിയത്.
വിശദീകരണത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. മറുപടി കണ്ടിട്ടില്ലെന്നും പരിശോധിച്ചശേഷം ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടിയെന്നും അവധിയിലുള്ള നഗരസഭാ സെക്രടറി വ്യക്തമാക്കിയിട്ടുണ്ട്.
മൂന്ന് ദിവസത്തിനുള്ളില്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ കേരള സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ചും മുന്‍സിപല്‍ ആക്ട് പ്രകാരവും ശിക്ഷാനടപടി സ്വീകരിക്കുമെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയ നോടീസില്‍ പറയുന്നത്.
മഴക്കെടുതിയെത്തുടര്‍ന്നുള്ള ദുരന്തനിവാരത്തിന്റെ ഭാഗമായി കളക്ടറുടെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു ജീവനക്കാര്‍ അവധി ദിവസമായ ഞായറാഴ്ചയും ജോലിക്കെത്തിയത്. മഴയില്ലെങ്കില്‍ തീരുമാനമെടുക്കാത്ത ഫയലുകളില്‍ നടപടി സ്വീകരിക്കാമെന്നും നിര്‍ദേശം നല്‍കിയിരുന്നു. അവധി ദിവസത്തെ ജോലിയിലെ വിരസത മാറ്റാനാണ് ഇടവേളയില്‍ റീല്‍സ് എടുത്തതെന്നാണ് ജീവനക്കാര്‍ നല്‍കിയ വിശദീകരണമെന്ന് അറിയുന്നു.
റവന്യു വിഭാഗത്തിലെ രണ്ട് വനിതകള്‍ ഉള്‍പെടെ എട്ട് ജീവനക്കാര്‍ക്കായിരുന്നു നഗരസഭാ സെക്രടറി നോടീസ് നല്‍കിയത്. ജോലി സമയത്ത് ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ചു, ഇതിനായി ഓഫീസ് സംവിധാനം ദുരുപയോഗം ചെയ്തു, ദൃശ്യങ്ങള്‍ സാമൂഹിക മാധ്യങ്ങളില്‍ പ്രചരിപ്പിച്ച് പൊതുസമൂഹത്തില്‍ നഗരസഭയ്ക്കും ജീവനക്കാര്‍ക്കുെതിരായ വികാരമുണ്ടാകാന്‍ കാരണമായി എന്നീ കുറ്റങ്ങളാണ് നോടീസില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ കലക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും സെക്രടറി ഉള്‍പെടെയുള്ള ചില ജീവനക്കാര്‍ ജോലിക്കെത്തിയില്ലെന്നും ഇവരാണ് സ്വകാര്യമായി പങ്കുവെച്ച വീഡിയോ പുറത്തെത്തിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ക്ലോക് ചതിച്ചുവെന്ന രീതിയിലാണ് റീല്‍സ് സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. ഉച്ചയ്ക്ക് 12 .30 ആണ് റീല്‍സിലെ ക്ലോകില്‍ സമയം കാണിച്ചിരുന്നത്. അവധി ദിവസം ആയിരുന്നിട്ടും ജോലിക്ക് വന്ന ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് ജോലി ചെയ്യാതെ റീല്‍സ് എടുത്ത് അര്‍മാദിക്കുന്നുവെന്ന തരത്തിലാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. റീല്‍സില്‍ ഉള്ളവരെല്ലാം യുവതി -യുവാക്കളായ ഉദ്യോഗസ്ഥരാണ്.