Onam Celebration | തിരുവാതിരക്കളിയില്ലാതെ പിന്നെന്ത് ഓണം
കൊച്ചി: (KasargodVartha) തിരുവാതിരക്കളിയില്ലാതെ പിന്നെന്ത് ഓണം എന്നാണ് പണ്ടുകാലങ്ങളില്‍ പെണ്‍കുട്ടികള്‍ ചോദിക്കാറുള്ളത്. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഭേദമില്ലാതെ പെണ്‍കുട്ടികളും സ്ത്രീകളും ഒരുമിച്ച് മനോഹരമായി ഉടുത്തൊരുങ്ങി നടത്തുന്ന ആസ്വാദ്യകരമായ നൃത്തരൂപമാണ് തിരുവാതിരക്കളി. കെട്ടിലും മട്ടിലും എല്ലാം ഒരു പ്രത്യേകസൗന്ദര്യമാണ്.
ആഘോഷത്തിനുമപ്പുറം കേരള തനിമയുടെ അടയാളം കൂടിയാണിത്. ഓണത്തിന് പൊതുവെ എല്ലായിടത്തും തിരുവാതിരക്കളി നടത്താറുണ്ട്. മലയാളിയുടെ സാംസ്‌കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വേഷവിധാനവും താളവും ഈണവുമൊക്കെയാണ് തിരുവാതിരക്കളിയുടെ പ്രത്യേകത. എന്നാല്‍ ഈ തിരുവാതിരയ്ക്ക് പറയാനും ഒരുപാട് കഥകളുണ്ട്. തിരുവാതിര സ്ത്രീകളുടെ സംഘനൃത്തം എന്നുതന്നെ പറയാം.
ധനുമാസത്തിലെ തിരുവാതിര നാളിലാണ് തിരുവാതിര ആഘോഷവും കൈകൊട്ടിക്കളിയുമെല്ലാം സാധാരണയായി അരങ്ങേറാറുള്ളത്. അന്നാണ് പരമ ശിവന്റെ ജന്മദിനവും. മലയാള തനിമ വിളിച്ചോതുന്ന കസവ് വസ്ത്രം ധരിച്ച സ്ത്രീകളും പെണ്‍കുട്ടികളുമാണ് തിരുവാതിര കളിക്കുന്നത്. എട്ടോ പത്തോ സ്ത്രീകളായിരിക്കും ഇതില്‍ ഉള്‍പ്പെടുന്നത്. ചിലപ്പോള്‍ കൂടുതല്‍ പേരും ഉണ്ടാകാറുണ്ട്. രസകരമായ ചലനങ്ങളും ചുവടുകളുമാണ് തിരുവാതിരക്കളിയുടെ പ്രത്യേകത. വട്ടത്തില്‍ നിന്നാണ് തിരുവാതിര കളിക്കുന്നത്. ഭാവപ്രകടനങ്ങള്‍ അമിതമായി വേണ്ടെങ്കിലും മുഖത്ത് പുഞ്ചിരി പ്രധാനമാണ്. മലയാളി മങ്കമാരെ പോലെ ഒരുങ്ങി അതിസുന്ദരികളായി ആയിരിക്കും പെണ്‍കുട്ടികളും സ്ത്രീകളും എത്തുന്നത്.
ഗംഗയുണര്‍ത്തുപാട്ട്, കളംതുടിപ്പാട്ട്, സ്തുതികള്‍, ഊഞ്ഞാല്‍പ്പാട്ടുകള്‍, താലോലംപാട്ട്, പൂമൂടല്‍പാട്ട്, തുമ്പിതുള്ളല്‍പാട്ട്, കൈകൊട്ടിക്കളിപ്പാട്ട്, കുമ്മിപ്പാട്ട് എന്നിങ്ങനെ തിരുവാതിരയുടെ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് നിരവധി പാട്ടുകളുമുണ്ട്. സീത, പാര്‍വതി, ശകുന്തള, രുഗ്മിണി, സത്യഭാമ, ശീലാവതി എന്നീ പുരാണ കഥാപാത്രങ്ങളുടെ ചരിത്രമാണ് മിക്ക പാട്ടുകളുടെയും പിന്നില്‍. തിരുവാതിരപ്പാട്ടുകള്‍ രചിച്ചവരില്‍ കുഞ്ചന്‍നമ്പ്യാര്‍ മുതല്‍ വെണ്മണി നമ്പൂതിരിപ്പാടുവരെയുള്ളവരുമുണ്ട്.
തിരുവാതിരക്കളി, കുമ്മാട്ടിക്കളി, പുലികളി, തുമ്പിതുള്ളല്‍, ഓണക്കളി എന്നിങ്ങനെ പല പാരമ്പര്യ നൃത്തരൂപങ്ങള്‍ ഓണത്തിന് അരങ്ങേറുന്നുണ്ട്. കുമ്മാട്ടിക്കളി മുഖംമൂടികള്‍ വെച്ചുള്ള നൃത്തം, വീടുവീടാനന്തരം കുമ്മാട്ടികള്‍ കയറിയിറങ്ങുന്നു. തൃശ്ശൂരാണ് പ്രധാനം. പുലികളിയും തൃശ്ശൂരിന്റെ വലിയ ആഘോഷമാണ് ഓണനാളുകളില്‍. ഓണത്താര്‍, ഓണത്തപ്പന്‍, ഓണേശ്വരന്‍ എന്നീ പേരുകളില്‍ മഹാബലി പലമട്ടില്‍ ഈ അനുഷ്ഠാനങ്ങള്‍ക്കിടയില്‍ ആരാധിക്കപ്പെടുകയും ചെയ്യുന്നു.
വള്ളംകളിയും ഓണസദ്യയും ഓണത്തിന്റെ മുഖമുദ്രകള്‍ തന്നെ. കായവറുത്തത്, ശര്‍ക്കരപുരട്ടി, പപ്പടം, ഇഞ്ചിക്കറി, തോരന്‍, മെഴുക്കുപുരട്ടി, കാളന്‍, ഓലന്‍, അവിയല്‍, സാമ്പാര്‍, രസം, കിച്ചടി, പച്ചടി, ചോറ് - എന്നിങ്ങനെ പലതരം വിഭവങ്ങളാണ് സദ്യയ്ക്ക്. ഓരോ ഭവനത്തിലും ഓണത്തിന് മധ്യാഹ്നത്തില്‍ ഇത്തരം സദ്യയുണ്ടാകും. പായസം ഊണിനു ശേഷം നിര്‍ബന്ധവുമാണ്.
ഓണത്തിന് വനിതകളുടെ വേഷം കസവുസാരിയാണ്. പുരുഷന്മാര്‍ വെള്ളക്കുപ്പായമോ, കുര്‍ത്തയോ ധരിക്കുന്നു. കേരളീയ പാരമ്പര്യത്തില്‍ കസവുമുണ്ടിനും നേര്യതിനും വലിയ പ്രാധാന്യമായതിനാലാണിത്. എന്നാല്‍ ഇന്ന് പലതരം വസ്ത്രങ്ങളും ധരിക്കാറുണ്ട്. പത്തുദിവസങ്ങളുടെ ഈ ഉത്സവത്തിന് കേരളീയര്‍ അത്തം മുതല്‍ സജ്ജരാകുന്നു. പ്രഭാതത്തില്‍ത്തന്നെ കുളിച്ച് മുറ്റത്ത് പൂക്കളമൊരുക്കിക്കൊണ്ടാണ് സ്ത്രീകളും കുട്ടികളും പ്രാര്‍ത്ഥനയോടെ ഈ വിശേഷാവസരം ആരംഭിക്കുക. എവിടെയും ഉത്സാഹത്തിന്റെയും ഉണര്‍വിന്റെയും ആരവങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങുന്നു. അത്തത്തെ തുടര്‍ന്ന് ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം. തിരുവോണദിനമാണ് ഏറ്റവും സവിശേഷം.
#Thiruvathira, #Onam, #Kerala, #IndianCulture, #TraditionalDance, #Festivals, #DanceLovers, #KeralaTourism