Fire | കൊച്ചുവേളിയില്‍ വ്യവസായ കേന്ദ്രത്തിലെ പ്ലാസ്റ്റിക് നിര്‍മാണശാലയില്‍ വന്‍ തീപ്പിടുത്തം

സമീപത്തെ പെട്രോള്‍ പമ്പ്, ടൈറ്റാനിയം ഫാക്ടറി എന്നിവിടങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചു.
പുലര്‍ചെ മൂന്നര മണിക്കാണ് അഗ്നിബാധ ഉണ്ടായത്.
2018-ല്‍ തലസ്ഥാനത്തെ മറ്റൊരു പ്ലാസ്റ്റിക് യൂണിറ്റില്‍ തീപടര്‍ന്ന് പിടിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
തിരുവനന്തപുരം: (KasargodVartha) കൊച്ചുവേളിയിലെ വ്യവസായ കേന്ദ്രത്തിലെ കംപനിയില്‍ വന്‍ തീപ്പിടുത്തം. സൂര്യ പാക്സ് എന്ന കംപനിയിലെ പ്ലാസ്റ്റിക് നിര്‍മാണശാലയിലാണ് തീപ്പിടുത്തം ഉണ്ടായത്. തീ അണക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
അഗ്‌നിരക്ഷാസേനയുടെ നിരവധി യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. പുലര്‍ചെ മൂന്നര മണിക്കാണ് അഗ്നിബാധ ഉണ്ടായതെന്നാണ് റിപോര്‍ട്. പ്ലാസ്റ്റിക് നിര്‍മാണശാല സ്ഥാപനത്തിലെ അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കുന്ന മേഖലയിലാണ് തീപ്പിടിത്തം. ഗോഡൗണിന് സമീപത്തായി പെട്രോള്‍ പമ്പ്, ടൈറ്റാനിയം ഫാക്ടറി എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
2018 നവംബറില്‍ തലസ്ഥാനത്തെ മറ്റൊരു പ്ലാസ്റ്റിക് യൂണിറ്റില്‍ തീപടര്‍ന്ന് പിടിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. തിരുവനന്തപുരം മണ്‍വിളയിലെ പ്ലാസ്റ്റിക് നിര്‍മാണ ശാലയിലായിരുന്നു തീപ്പിടിത്തം. വന്‍ തീപ്പിടിത്തത്തിന് ഏകദേശം 10 ദിവസത്തിന് ശേഷം, രണ്ട് പേരെ തിരുവനന്തപുരം സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവര്‍ കംപനിയിലെ ജീവനക്കാരാണെന്നും അവരുടെ വേതനത്തില്‍ വന്ന കുറവാണ് അട്ടിമറിക്ക് പിന്നിലെന്നും കണ്ടെത്തിയിരുന്നു.
അന്ന് ഇന്‍ഡ്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന ക്രികറ്റ് മത്സരം നടക്കാനിരുന്ന കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് ക്രികറ്റ് സ്റ്റേഡിയത്തില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയായിരുന്നു അഗ്നിബാധയുണ്ടായ ഫാക്ടറി സ്ഥിതി ചെയ്തിരുന്നത്.