Fire Accident | ഫാന്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ തീ ആളിപ്പടര്‍ന്നു; തിരുവനന്തപുരത്ത് വീട് കത്തിനശിച്ചു
*വീട്ടില്‍ ആരും ഉണ്ടാകാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
*സ്വിച് ബോര്‍ഡില്‍ നിന്നാണ് തീപ്പിടിച്ചത്.
*ചാക്കയില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തിരുവനന്തപുരം: (KasargodVartha) ഷോര്‍ട് സര്‍ക്യൂടിനെ തുടര്‍ന്ന് വീടിന് തീപ്പിടിച്ച് കത്തിനശിച്ചു. വലിയതുറ വള്ളക്കടവ് പതിനാറേകാല്‍ മണ്ഡപം ടിസി 3542ല്‍ ഹയറുന്നിസയുടെ വീട്ടിലായിരുന്നു അഗ്നിബാധയുണ്ടായത്. ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. ഈ സമയം വീട്ടില്‍ ആരും ഉണ്ടാകാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
സമീപത്തെ വീടിന്റെ മേല്‍ക്കൂരയില്‍നിന്ന് തീ ഉയരുന്നത് അയല്‍ വീട്ടുകാരാണ് ആദ്യം കണ്ടത്. ഇവര്‍ അഗ്നിരക്ഷാസേനയെ അറിയിച്ചശേഷം പ്രദേശവാസികളെ വിളിച്ചുകൂട്ടി തീ അണയ്ക്കാന്‍ ശ്രമിച്ചു. പിന്നാലെ ചാക്കയില്‍നിന്ന് അഗ്നിരക്ഷാസേനയും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വീടിനുള്ളിലെ സ്വിച് ബോര്‍ഡില്‍ നിന്നാണ് തീപടര്‍ന്നത്. വീടിന്റെ വരാന്തയിലുണ്ടായിരുന്ന ഫാനില്‍നിന്ന് പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ തീ ആളിപ്പടര്‍ന്നു. ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂര ഭാഗികമായും എസി ഇന്‍വെര്‍ടര്‍, ടിവി, സ്റ്റാന്‍ഡ്, കസേര, മേശ, വസ്ത്രങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും കത്തിചാമ്പലായി. സാധനസാമഗ്രികള്‍ നശിച്ച് ഏകദേശം ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി അധികൃതര്‍ പറഞ്ഞു.