Suspended | ഡിവൈഎസ്പി എംജി സാബുവിന്റെ സസ്‌പെന്‍ഷന്‍ വിരമിക്കാന്‍ 2 ദിവസം ബാക്കിനില്‍ക്കെ; ഗുണ്ടാനേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത മറ്റ് 3 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി

*ഗുരുതര അച്ചടക്കലംഘനമാണെന്ന് ഉത്തരവ്.
*പൊലീസിന്റെയും സര്‍കാരിന്റെയും സല്‍പ്പേരിന് കളങ്കം വരുത്തി.
*പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരം: (KasargodVartha) വിരമിക്കാന്‍ ഇനി രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെതിരെ നടപടിയെടുത്തത്. ഈ മാസം 31ന് വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് സാബു. ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നില്‍ പങ്കെടുത്തതിന് എം ജി സാബുവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ആലുവ ഡിവൈഎസ്പിയുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറങ്ങിയത്. സാബുവിന്റേത് ഗുരുതര അച്ചടക്കലംഘനമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. പൊലീസിന്റെയും സര്‍കാരിന്റെയും സല്‍പ്പേരിന് കളങ്കം വരുത്തിയെന്നും ഉത്തരവിലുണ്ട്. പൊതുജനങ്ങളെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഉദ്യോഗസ്ഥന്‍ ഗുണ്ടകളെ സഹായിക്കുന്നുവെന്ന ധാരണ പരക്കാന്‍ ഇടയാക്കുന്നതാണ് സല്‍കാരത്തില്‍ പങ്കെടുത്തതെന്നും ഉത്തരവില്‍ വ്യക്തമാക്കി.
വിരുന്നില്‍ പങ്കെടുത്ത മറ്റു മൂന്ന് പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയും വിജിലന്‍സില്‍ നിന്നുള്ള മൂന്നാമതൊരു പൊലീസ് ഉദ്യോഗസ്ഥനെയുമാണ് ആലപ്പുഴ എസ് പി സസ്‌പെന്‍ഡ് ചെയ്ത്. ഡിവൈഎസ്പി എം ജി സാബുവിന്റെ ഡെപ്യൂടികളായിരുന്നു ഇവര്‍.
കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ (എം ജെ ഫൈസല്‍-46) അങ്കമാലി പുളിയനം കാട്ടുചിറയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഡിവൈഎസ്പിയും പൊലീസുകാരും കുടുങ്ങിയത്. യാത്രയയപ്പിന്റെ ഭാഗമായി മസിനഗുഡി വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഞായറാഴ്ച വൈകിട്ട് ഡിവൈഎസ്പിയും സംഘവും ഫൈസലിന്റെ വീട്ടിലെത്തിയത്. ഇതിനിടെ ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള 'ഓപറേഷന്‍ ആഗ്' പരിശോധനയുടെ ഭാഗമായി ഫൈസലിന്റെ വീട്ടിലെത്തിയ അങ്കമാലി എസ്‌ഐയും സംഘവും അപ്രതീക്ഷിതമായി പൊലീസുകാരെ കണ്ടതോടെയാണ് സംഭവം വെളിച്ചത്താകുന്നത്.
കൊച്ചിയില്‍ ഏറ്റവുമാദ്യം കാപ ചുമത്തപ്പെട്ട ഗുണ്ടാ നേതാക്കളിലൊരാളാണ് ജോര്‍ജ് എന്ന തമ്മനം ഫൈസല്‍. എറണാകുളം തമ്മനത്തെ വീട്ടിലെ വിളിപ്പേരായിരുന്നു ഫൈസലെന്നും പിന്നീട് മാതാവിന്റെ നാടായ അങ്കമാലി പുളിയനത്തേക്ക് താമസം മാറ്റിയതോടെ തമ്മനം ഫൈസല്‍ എന്നറിയപ്പെട്ടുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.