Political Strategy | ലക്ഷ്യം മൂന്നാം പിണറായി സർക്കാർ; ന്യൂനപക്ഷങ്ങളെ വിട്ട് സിപിഎം ബിജെപിയോട് മൃദു സമീപനം സ്വീകരിക്കുന്നോ?
● ഇടതുമുന്നണിയോടൊപ്പം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളൊക്കെ ഇതിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.
● ഈ വിവാദവും, വിമർശനവും മറച്ചുവെക്കാനാണ് അജിത് കുമാറിന് ഇപ്പോൾ സംസ്ഥാന വിജിലൻസ് 'ക്ലീൻ ചീറ്റ്' നൽകിയിരിക്കുന്നത് എന്നാണ് വിമർശനം
എം എ മൂസ
കാസർകോട്: (KasargodVartha) ആർഎസ്എസ് നേതൃത്വവുമായി സിപിഎമ്മിന് വേണ്ടി ചർച്ച നടത്തിയെന്ന് ആരോപണ വിധേയനായ മുൻ എഡിജിപി എം ആർ അജിത് കുമാറിനെ പുതിയ ഡിജിപി ആക്കിയും, അജിത് കുമാറിന് സംസ്ഥാന വിജിലൻസ് ക്ലീൻ ചീറ്റ് നൽകുകയും ചെയ്തത് വഴി സിപിഎം ലക്ഷ്യമിടുന്നത് എന്ത് എന്ന ചോദ്യം രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്നു.
ബിജെപിയോട് മൃദു സമീപനം എന്നതാണ് ഇപ്പോഴത്തെ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് എന്നാണ് പ്രതിപക്ഷം പറയുന്നത്. കേന്ദ്രസർക്കാരിനെയോ, ബിജെപിയെയോ വിമർശിക്കാതെയുള്ള സമീപനമായിരിക്കും ഇനി സിപിഎം സ്വീകരിക്കുക എന്നാണ് ചില നീക്കങ്ങളിൽ നിന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നതെന്നും അവർ പറയുന്നു.
ഭരണഘടനാ ശിൽപി ബി ആർ അംബേദ്കറിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപമാനിച്ചിട്ടും സിപിഎം നേതൃത്വം മിണ്ടാതിരിക്കുന്നതും, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ വിജയരാഘവൻ പ്രിയങ്കാ ഗാന്ധിയുടെ വയനാട് വിജയത്തെ വർഗീയ വൽക്കരിച്ചു സംസാരിച്ചിട്ടും ഇതിലൊന്നും പ്രതികരിക്കാതെ നേതൃത്വം മൗനം പാലിക്കുന്നത് സിപിഎം-ബിജെപി ഡീലിന്റെ ഭാഗമാണെന്ന് ഇതിനകം തന്നെ കെ സുധാകരൻ അടക്കമുള്ളവർ ആക്ഷേപം ഉയർത്തി കഴിഞ്ഞു.
ആർഎസ്എസ് നേതൃത്വവുമായി നല്ല ബന്ധം സ്ഥാപിക്കുകയും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് വേണ്ടി ചർച്ച നടത്തുകയും ചെയ്ത എം ആർ അജിത് കുമാറിനെ ഡിജിപിയാക്കുക വഴി ബിജെപി പിന്തുണ നേടിയെടുക്കുകയാണ് സിപിഎം നേതൃത്വവും സംസ്ഥാന സർക്കാറും ചെയ്തതെന്നാണ് യുഡിഎഫിന്റെ ആരോപണം. ഇത് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു.
ഇടതുമുന്നണിയോടൊപ്പം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളൊക്കെ ഇതിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. ആർഎസ്എസ് നേതൃവുമായി ബന്ധമുള്ള ഒരാൾ സംസ്ഥാനത്ത് ഡിജിപി ആയിരിക്കുമ്പോൾ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എങ്ങനെ നീതി കിട്ടുമെന്ന ആശങ്ക ചില സംഘടനകൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഈ വിവാദവും, വിമർശനവും മറച്ചുവെക്കാനാണ് അജിത് കുമാറിന് ഇപ്പോൾ സംസ്ഥാന വിജിലൻസ് 'ക്ലീൻ ചീറ്റ്' നൽകിയിരിക്കുന്നത് എന്നാണ് വിമർശനം.
കോൺഗ്രസ് നേതാക്കൾ സമുദായ നേതാക്കളെ പിടിച്ച് നടത്തുന്ന 'മുഖ്യമന്ത്രി' പദവിക്കായുള്ള പോരാട്ടം ഒടുവിൽ പൊട്ടിത്തെറിയിൽ കലാശിക്കുമെന്നും, അത് തങ്ങൾക്ക് കൂടുതൽ എളുപ്പമാവുമെന്നും ഇടത് മുന്നണി പ്രതീക്ഷ വെച്ച് പുലർത്തുന്നുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയിൽ നിന്ന് അകലുന്നുവെന്ന തോന്നൽ സിപിഎം സമ്മേളനങ്ങളിൽ നിന്ന് നേതൃത്വത്തിന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ചില നേതാക്കൾ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതും ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഈ തിരിച്ചറിവാണ് സംസ്ഥാന സിപിഎം നേതൃത്വത്തെ മറ്റൊരു വഴിക്ക് ചിന്തിപ്പിക്കാൻ കാരണമായിരിക്കുന്നത് എന്ന് വേണം കരുതാൻ.
ബിജെപി കേന്ദ്ര നേതൃത്വത്തിനാകട്ടെ കേരളത്തിൽ കോൺഗ്രസ് ഭരണം വരുന്നതിനേക്കാൾ ഇഷ്ടപ്പെടുന്നത് തുടർന്നും ഇടതുമുന്നണി ഭരിക്കട്ടെ എന്ന് നിലപാടിലാണ്. കോൺഗ്രസിന്റെ തകർച്ചയാണ് അവർ ആഗ്രഹിക്കുന്നതും. എങ്കിൽ കേരളത്തിൽ ബിജെപിക്ക് വളരാൻ സഹായകമാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം വിശ്വസിക്കുന്നുമുണ്ട്. ഇതിനുള്ള ഒരു 'മധ്യസ്ഥൻ' ആവാൻ ഇനിയും ഡിജിപി അജിത് കുമാർ വരുമോ എന്നതാണ് കണ്ടറിയേണ്ടതെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
#Pinarayi #CPM #BJP #AjithKumar #RSS #KeralaPolitics