Theyyam | മരക്കല കഥയുടെ ഐതീഹ്യ പെരുമയുണർത്തി തെയ്യങ്ങളുടെ പുഴ സഞ്ചാരം
Dec 7, 2023, 14:24 IST
/ ചന്ദ്രൻ മുട്ടത്ത്
തെയ്യങ്ങൾ പുഴ സഞ്ചാരം നടത്തി ആരൂഢം കയറിയതോടെ വൈവിധ്യമാർന്ന ആചാര ചടങ്ങുകൾക്ക് തുടക്കമായി. കാവിനകത്ത് പ്രത്യേകം ഒരുക്കിയ വെളമഞ്ചക തറയോട് കൂടിയ താൽക്കാലിക ക്ഷേത്രത്തിൽ ഭയഭക്തിയോടെയായിരുന്നു 'കാട്ടിലെയുത്സവം' നടന്നത്. മരക്കലപ്പാട്ടിൻ്റെ ഈരടിയിൽ കാവു ഭൂമികയിൽ തമ്പാച്ചികൾ ചുകന്നപട്ടു ചുറ്റി ആടയാഭരണങ്ങൾ ധരിച്ച് ചെണ്ടമേള പെരുക്കത്തിനൊപ്പം നൃത്തം ചവിട്ടി. വാളും പരാചയുമെടുത്ത് തെയ്യങ്ങൾ ഉറഞ്ഞു തുള്ളിയപ്പോൾ ഗുളികൻ ആകാശം നോക്കി അട്ടഹാസമിട്ടു.
കൊയോങ്കര ശ്രീപയ്യക്കാൽ ക്ഷേത്രത്തിൽ നാലാം പാട്ട് ഉത്സവത്തിൽ പന്തൽ തിരുവായുധം എഴുന്നള്ളിക്കലിന് ശേഷം വിവിധ പൂജാദികർമങ്ങളോടെയായിരുന്നു ഉത്സവത്തിൻ്റെ തുടക്കം. രാവിലെ ഭഗവതിയുടെ മൂലാരുഢ സങ്കേതമായ ഇടയിലക്കാട് കാവിലേക്കുള്ള എഴുന്നള്ളത്ത് പേക്കടം ചവേല കൊവ്വലിലാണ് ആദ്യമെത്തിയത്. ഛത്രനർത്തകർ കാവ് വലം വെച്ച ശേഷം കുറുവാപ്പള്ളി ക്ഷേത്രത്തിൻ്റെ തിരുസന്നിധിയിലെത്തി. പഴയ സഞ്ചാരവഴിയുടെ ഓർമയുണർത്തി ആയിറ്റി ഭഗവതിയുടെ ഛത്രനർത്തകൻ അറയുടെ മതിലിനകത്ത് പ്രവേശിച്ചു.
വെളിച്ചപ്പാടന്മാരുടെ അകമ്പടിയിൽ കാവിലേക്ക് കൊണ്ടുവന്ന ആടയാഭരണങ്ങൾ നിറച്ച ചെമ്പുവട്ടയും തിരുസന്നിധിയിലേക്ക് എഴുന്നള്ളിച്ച് ആനയിച്ചു. കുറുവാപ്പള്ളിയിലെ സ്ഥാനീകരും കൂട്ടുവയ്ക്കാരും വാല്യക്കാരും ചേർന്നാണ് ഇടയിലക്കാടേക്ക് പുറപ്പെട്ടത്. വഴിമധ്യേ വെളിച്ചപ്പാടൻമാർ ആയിറ്റിക്കാവിലേക്ക് പോകാൻ ഒരുങ്ങവെ വാല്യക്കാർ അയ്യമ്പള്ളി കെട്ടി അവരെ തടഞ്ഞു നിർത്തി. കാവിൽ നിന്നും വൈകുന്നേരത്തോടെ തെയ്യങ്ങൾ കൊയോങ്കര പയ്യക്കാൽ ക്ഷേത്രത്തിലേക്ക് മടങ്ങി. പാട്ടുൽസവ ചടങ്ങുകൾ മാരി മാറ്റൽ ചടങ്ങുകളോടെ പര്യവസാനിക്കും.
Keywords: News, Kerala, Kasaragod, Trikkaripur, Temple Festival, Malayalam News, Theyyam, River,
Theyyam at Koyonkara Temple festival.
< !- START disable copy paste -->