Discussion | ക്ഷേത്രത്തിനുള്ളിൽ മേൽവസ്ത്രം അഴിച്ച് കയറണമെന്നത് അനാചാരമെന്ന് സ്വാമി സച്ചിദാനന്ദ; പിന്തുണച്ച് മുഖ്യമന്ത്രി
● മേൽവസ്ത്രം അഴിക്കേണ്ടതില്ലെന്ന നിലപാട് സ്വാമി സച്ചിദാനന്ദ മുന്നോട്ട് വെച്ചു
● 'ശ്രീനാരായണ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളിൽ ഈ നിബന്ധന പാലിക്കുന്നില്ല'
● കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു
വർക്കല: (KasargodVartha) ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ മേൽവസ്ത്രം അഴിച്ചിരിക്കണം എന്ന ആചാരം അനാചാരമാണെന്ന് ധർമ്മസംഘം ട്രസ്റ്റ് അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു. ശിവഗിരി തീർത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ടുകാലത്ത് പൂണൂൽ കാണുന്നതിന് വേണ്ടിയാണ് ഈ സമ്പ്രദായം തുടങ്ങിയതെന്നും പല ക്ഷേത്രങ്ങളിലും ഇപ്പോഴും ഈ നിബന്ധന തുടരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സമ്പ്രദായം തിരുത്തണമെന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാടെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
മേൽവസ്ത്രം അഴിക്കുന്ന രീതി അനാചാരമാണെന്ന കാര്യത്തിൽ തർക്കമില്ലെന്നും ശ്രീനാരായണ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളിൽ ഈ നിബന്ധന പാലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാനുസൃതമായ മാറ്റം ഇക്കാര്യത്തിൽ അനിവാര്യമാണെന്നും സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.
സ്വാമി സച്ചിദാനന്ദയുടെ പ്രസംഗത്തിന് ശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടിന് പിന്തുണ അറിയിച്ചു. ക്ഷേത്രങ്ങളിൽ മേൽവസ്ത്രം അഴിച്ചേ പ്രവേശിക്കാവൂ എന്ന നിബന്ധന നിലവിലുണ്ട്. ശ്രീനാരായണ സമൂഹം ആവശ്യപ്പെടുന്ന ഈ മാറ്റം ഒരു വലിയ സാമൂഹിക ഇടപെടലിന് സാധ്യത നൽകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ആരെയും നിർബന്ധിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരാധനാലയങ്ങളിൽ ഉടുപ്പൂരിയെ കടക്കാൻ പാടുള്ളൂ എന്ന ഒരു നിബന്ധനക്ക് കാലാനുസൃതമായ മാറ്റം ശ്രീനാരായണഗുരുവിൻ്റെ സദ് പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ ഇവിടെ സമൂഹത്തിന് മുന്നിൽ നിർദേശമായി സച്ചിദാനന്ദ സ്വാമി വച്ചിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സാമൂഹിക ഇടപെടലായി മാറാൻ സാധ്യതയുണ്ട്. ഈ വഴിക്ക് പല ആരാധനാലയങ്ങളും നാളെ വരുമെന്ന കാര്യം ഉറപ്പാണ്. ആരെയും നിർബന്ധിക്കേണ്ടതില്ല.
പക്ഷേ നാട്ടിൽ നിലനിന്ന പല ആചാരങ്ങളും കാലാനുസൃതമായി മാറിയിട്ടുണ്ട് എന്നത് വസ്തുതയാണ്. അതിന് ഫലപ്രദമായി നേതൃത്വം കൊടുക്കുന്ന നിലയാണ് ശിവഗിരി മഠത്തിന്റെ ഭാഗമയിട്ട് ഉണ്ടായിട്ടുള്ളത്. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങൾ എല്ലാം ഈ നിലയാണ് സ്വീകരിച്ചു പോവുക എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങൾ മാത്രമായിരിക്കില്ല, മറ്റ് ആരാധനാലയങ്ങൾ കൂടി ആ മാതൃക പിന്തുടരാൻ ഇടയാക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
#TempleReform #KeralaTemples #ReligiousFreedom #SocialChange #PinarayiVijayan #SwamiSachidananda