Controversy | പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി; തീരുമാനം ഡിജിപിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ
തിരുവനന്തപുരം: (KasargodVartha) പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറുമായുള്ള വിവാദ ഫോണ്‍കോളിനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എംഎല്‍എ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്കും പിന്നാലെയാണ് നടപടി. ഇത്രയൊക്കെ കോലാഹലങ്ങള്‍ ഉയര്‍ന്നിട്ടും സസ്‌പെന്‍ഡ് ചെയ്യാത്തതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് നടപടി.
സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് കാട്ടി ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പി.വി. അന്‍വറുമായുള്ള ഫോണ്‍ സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും, എസ്പി സുജിത് ദാസ് സര്‍വിസ് ചട്ടം ലംഘിച്ചുവെന്നും കാട്ടി ഡിഐജി അജിതാ ബീഗമാണ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന് പിന്നാലെയാണ് നടപടി. സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ആദ്യം ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കുകയായിരുന്നു. പൊലീസ് ആസ്ഥാനത്ത് സുജിത് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും തസ്തിക നല്‍കിയിരുന്നില്ല.
പി.വി.അന്‍വര്‍ എംഎല്‍എയുമായി, എസ് പി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. മലപ്പുറം എസ് പിയായിരിക്കെ ഔദ്യോഗിക വസതിയില്‍നിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ് പിക്കു പി.വി.അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അന്‍വറിനെ സുജിത് ദാസ് ഫോണില്‍ ബന്ധപ്പെട്ടത്.
വിവാദ ഫോള്‍ കോള്‍ ഇങ്ങനെ:
എംഎല്‍എ എനിക്കൊരു സഹായം ചെയ്യണം. പരാതി പിന്‍വലിച്ചാല്‍ സര്‍വീസിലുള്ളിടത്തോളം കാലം കടപ്പെട്ടവനായിരിക്കും. സഹോദരനായി കാണണം. 25ാം വയസ്സില്‍ സര്‍വീസില്‍ കയറിയതാണ്. ആരോഗ്യവും ആയുസ്സുമുണ്ടെങ്കില്‍ ഡിജിപി ആയി വിരമിക്കാം. സഹായിച്ചാല്‍ എന്നും കടപ്പെട്ടവനായിരിക്കും- എന്നായിരുന്നു സുജിത് പറഞ്ഞത്. ജില്ലാ പൊലീസ് അസോസിയേഷന്‍ യോഗത്തില്‍, എസ്. ശശിധരനെതിരെ നടത്തിയ അതിരൂക്ഷ വിമര്‍ശനത്തിന് പി.വി.അന്‍വറിനെ സുജിത് ദാസ് അഭിനന്ദിക്കുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്.
പി.വി.അന്‍വര്‍ കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലും സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്ത് സ്വര്‍ണം മലപ്പുറം എസ്പിയായിരിക്കെ എസ്.സുജിത് ദാസ് അടിച്ചുമാറ്റിയെന്നാണ് അന്‍വറിന്റെ ആരോപണം.
'മുന്‍ മലപ്പുറം എസ് പി സുജിത് ദാസിന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ കള്ളക്കടത്തു സ്വര്‍ണത്തിന്റെ നല്ലൊരു ഭാഗം അടിച്ചുമാറ്റി. നേരത്തേ കസ്റ്റംസില്‍ ജോലി ചെയ്തിരുന്ന സുജിത് ദാസ് ആ ബന്ധം ഇതിനായി ഉപയോഗപ്പെടുത്തി.
സിസിടിവിയുള്ളതിനാല്‍ കസ്റ്റംസ് പിടിക്കുന്ന സ്വര്‍ണത്തില്‍ തിരിമറി നടത്താനാവില്ല. അതിനാല്‍, സ്വര്‍ണം ശ്രദ്ധയില്‍പ്പെട്ടാലും കാരിയര്‍മാരെ പിടികൂടാതെ കസ്റ്റംസ് സുജിത് ദാസിന് വിവരം കൈമാറും. എസ് പിക്കു കീഴിലുള്ള അന്വേഷണ സംഘമായ ഡാന്‍സാഫിനെ ഉപയോഗിച്ച് സ്വര്‍ണം പിടികൂടും. ഇവരെ രഹസ്യകേന്ദ്രത്തിലെത്തിച്ചു സ്വര്‍ണത്തിന്റെ നല്ലൊരു പങ്ക് എടുത്ത ശേഷം ബാക്കിയുള്ളതു കസ്റ്റംസിനു കൈമാറും. ഇതില്‍ എഡിജിപി അജിത് കുമാറിനും പങ്കുണ്ട്' - എന്നുമായിരുന്നു അന്‍വറിന്റെ ആരോപണം.
#KeralaNews, #Police, #Controversy, #Allegations, #GoldSmuggling, #Politics