ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം
ആലപ്പുഴ: (www.kasargodvartha.com 22.02.2021) മാന്നാറില്‍ ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ(32) പുലര്‍ച്ചെ രണ്ടു മണിക്കാണ് തട്ടിക്കൊണ്ടുപോയത്. നാലു ദിവസം മുന്‍പാണ് ബിന്ദു ഗള്‍ഫില്‍ നിന്നും എത്തിയത്.
ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്ത് സംഘമെന്നാണ് ബന്ധുക്കളുടെ സംശയം. ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അകൗണ്ടന്റാണ് ബിന്ദു. സംഭവത്തില്‍ മാന്നാര്‍ പൊലീസ് കേസെടുത്തു. ബിന്ദു വന്നതിനു പിന്നാലെ ചിലര്‍ വീട്ടില്‍ എത്തിയിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കി. ബിന്ദുവിനെ നിരീക്ഷിക്കാന്‍ ചിലര്‍ എത്തിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു. അവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും പൊലീസിന് കൈമാറി. ആക്രമണത്തില്‍ വീട്ടുകാര്‍ക്കും പരുക്കേറ്റു.
15 പേരടങ്ങിയ സംഘമാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് കുടുംബം പറയുന്നത്. വീടിന്റെ ഗെയ്റ്റ് തുറന്ന് അകത്തെത്തിയ സംഘം കോളിങ് ബെല്ലടിച്ചു. മുറ്റത്ത് പത്ത്-പതിനഞ്ച് പേര്‍ കമ്പി വടിയും വടിവാളുമായി നിന്നിരുന്നു. പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അതിനുമുമ്പ് വാതില്‍ പൊളിച്ച് അക്രമികള്‍ അകത്തുകടന്നു. ബിന്ദുവിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും വീട്ടുകാര്‍ പറയുന്നു.
വീട്ടിലെത്തിയവര്‍ സ്വര്‍ണം അന്വേഷിച്ചെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് ബിനോയിയും പറയുന്നു. സ്വര്‍ണം ആരും തന്നുവിട്ടിട്ടില്ലെന്ന് ബിന്ദു അറിയിച്ചെങ്കിലും ഭീഷണി തുടര്‍ന്നു. ഏഴുവര്‍ഷമായി ബിന്ദുവും താനും ഗള്‍ഫിലായിരുന്നു. എന്നാല്‍ ഇത്തരം സംഭവം ആദ്യമെന്ന് ബിനോയ് പറഞ്ഞു.
ബിന്ദുവിന്റെ പക്കല്‍ സ്വര്‍ണം ഉണ്ടോയെന്ന് അന്വേഷിച്ച് ഫോണ്‍കോളുകള്‍ വന്നിരുന്നു. എന്നാല്‍ ബിന്ദു ഇത് നിഷേധിച്ചതോടെ ആള് മാറിപ്പോയെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു. ബിന്ദുവിന്റെ ഫോണ്‍ പോലീസ് പരിശോധിച്ച് വരികയാണ്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായാമ് വിവരം. തട്ടികൊണ്ടുപോയത് സ്വര്‍ണ്ണ കടത്ത് സംഘമാണെന്നും ബിന്ദു ക്യാരിയറായി പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചു.
Keywords: News, Kerala, State, Alappuzha, Case, Police, Missing, Women, Top-Headlines, Suspected that a gold smuggling gang was behind the woman goes missing in Alappuzha