Relief Efforts | വയനാടിന് തണലൊരുക്കാൻ മാസ്: വീടുകൾ നിർമ്മിച്ച് നൽകും
ഷാർജ: (KasargodVartha) കഴിഞ്ഞ 41 വർഷക്കാലമായി യു എ ഇയിലെ ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന മലയാളി ആർട്സ് ആൻഡ് സോഷ്യൽ സെന്റർ (മാസ്) വയനാട്ടിലെ പ്രളയബാധിതർക്ക് പുനർനിർമ്മാണ സഹായമായി രണ്ട് വീടുകൾ നിർമ്മിക്കുന്നു. സംഘടനയുടെ ഭാരവാഹികളായ ബിനു കോറോം, ഷമീർ, അജിത രാജേന്ദ്രൻ, രജി ചാക്കോ, സുരേഷ് നമ്പിലാട്ട് എന്നിവരാണ് ഈ പദ്ധതിയെ കുറിച്ച് അറിയിച്ചത്.
കേരള സർക്കാരിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച്, സർക്കാരിന്റെ പുനരധിവാസ പദ്ധതികളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുക.
വയനാട്ടിൽ നിന്ന് നടുക്കുന്ന കാഴ്ചകളാണ് വരുന്നത്. പാതിരാത്രിയിൽ പോലും പെരുമഴയിലും നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾ മാതൃകാപരമാണ്. ദുരന്തത്തിൽ നിന്ന് രക്ഷപെട്ടവർക്ക് സഹായം എത്തിക്കാൻ വസ്തുവകകളുടെ ശേഖരണവും ഏകോപനങ്ങളും മാസിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്നതായി അവർ പറഞ്ഞു.
അപകടത്തിൽ നിന്ന് രക്ഷപെട്ടവരുടെ ദുഃഖവും ഭയവും പരിഹരിക്കാൻ നമുക്ക് സാധിക്കില്ലെങ്കിലും പ്രായോഗികമായി അവർക്ക് നൽകാവുന്ന എല്ലാ സഹായങ്ങളും നമുക്ക് ഒരുമിച്ച് നൽകാം.
സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാവാൻ പ്രവാസി സമൂഹവും ബാധ്യസ്ഥരാണ്. ഈ ബോധ്യത്തിൽ, പുനരധിവാസത്തിന്റെ ഭാഗമായി രണ്ടുവീടുകൾ 'മാസ്' നിർമിച്ചുനൽകും. കേരള സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസരിച്ച് സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കും.
കൂടാതെ, പുനരധിവാസ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തരമായി കഴിവിന്റെ പരമാവധി സഹായം എത്തിക്കുവാൻ മാസ് അംഗങ്ങളോടും പ്രവാസി പൊതുസമൂഹത്തോടും ഭാരവാഹികൾ അഭ്യർഥിച്ചു.
ഷാർജ, അജ്‌മാൻ, ഉം അൽ ഖുവൈൻ എമിറേറ്റുകളിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ മാസ്, പ്രളയ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകുകയും, കോവിഡ് സമയത്ത് പ്രവാസ ലോകത്തു കുടുങ്ങി കിടന്ന അർഹരായവരെ സൗജന്യമായി കൈരളി ടീവിയുമായി സഹകരിച്ച് ഫ്ലൈറ്റ് യാത്ര ഒരുക്കുകയും, 100 ഓക്സിജൻ സിലിണ്ടറുകൾ നാട്ടിലേക്ക് എത്തിക്കുകയും ചെയ്ത സംഘടനയാണ്. ഈ വർഷം മാസിന്റെ 40-ാം വാർഷികാഘോഷ സമാപനം എം വി ഗോവിന്ദൻ മാസ്റ്ററാണ് ഉദ്ഘാടനം ചെയ്തത്.
75 അംഗ സെൻട്രൽ കമ്മിറ്റിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.