Street vendors | കാസർകോട് നഗരത്തിലെ വ്യപാരികൾക്കെതിരെ പ്രതിഷേധ സമരം നടത്തി തെരുവ് കച്ചവടക്കാർ; തൊഴിൽ സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കണമെന്ന് എസ് ടി യു
കാസർകോട്: (KasargodVartha) നഗരത്തിലെ വ്യപാരികൾക്കെതിരെ പ്രതിഷേധ സമരം നടത്തി തെരുവ് കച്ചവടക്കാർ. തെരുവ് കച്ചവട തൊഴിലാളികൾക്കെതിരെ വ്യാപാരി സംഘടന നേതാക്കൾ കുപ്രചാരണങ്ങൾ നടത്തുന്നുവെന്നാരോപിച്ച് സ്ട്രീറ്റ് വെൻഡേഴ്സ് യൂണിയൻ എസ് ടി യു കാസർകോട് യൂണിറ്റ് കമിറ്റിയുടെ നേതൃത്വത്തിലാണ് അതിജീവന സമരം നടന്നത്.
ഇൻഡ്യയിലെ സുപ്രധാന നിയമനിർമാണമായ 2014ലെ തെരുവ് കച്ചവട സംരക്ഷണ നിയമം നടപ്പിലാക്കിയ കാസർകോട് നഗരത്തിൽ തൊഴിലാളികളുടെ സംരക്ഷണവും പുനരധിവാസവും ഉറപ്പ് വരുത്തണമെന്ന് സമരം ഉദ്‌ഘാടനം ചെയ്ത് എസ് ടി യു സംസ്ഥാന ട്രഷറർ കെ പി മുഹമ്മദ് അശ്റഫ് ആവശ്യപ്പെട്ടു. തെരുവ് കച്ചവടാവകാശം ആരുടെയും ഔദാര്യമല്ല.പുനരധിവാസം നടപ്പിലാക്കുന്നത് വരെ തൊഴിൽ സംരക്ഷണം ഉറപ്പാക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. തൊഴിലാളികൾക്കും സംഘടനക്കും നേതാക്കൾക്കുമെതിരെ നടത്തുന്ന കുപ്രചാരണങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്നും തൊഴിലാളികൾക്ക് പരിപൂർണ സംരക്ഷണം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
.
ജീവിക്കാൻ വേണ്ടി വെയിലും മഴയും കൊണ്ട് ചെറുനാരങ്ങ വിറ്റ് ഉപജീവനം കഴിക്കുന്നവരും അമ്പത് കൊല്ലം വരെ കച്ചവടം നടത്തി വരുന്നവരുമായ തൊഴിലാളികളെ ശത്രുക്കളായി കണക്കാക്കി അവർക്കെതിരെ സമരം നടത്തുകയും സംഘടനക്കും നേതാക്കൾക്കുമെതിരെ അപവാദ പ്രചരണങ്ങൾ നടത്തുകയുമാണെന്നും കുപ്രചാരണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു..
യൂനിയൻ പ്രസിഡന്റ് അശ്റഫ് എടനീർ അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി കെ എ മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു. എസ് ടി യു സംസ്ഥാന സെക്രടറി ശരീഫ് കൊടവഞ്ചി, ജില്ലാ ജെനറൽ സെക്രടറി മുത്വലിബ് പാറക്കെട്ട്, സംസ്ഥാന കമിറ്റി അംഗം സുബൈർ മാര, കെ ടി അബ്ദുർ റഹ്‌മാൻ, വി മുഹമ്മദ് ബേഡകം, മുഹമ്മദ് ചെമനാട്, അബ്ദുൽ ഖാദർ ആസിഫ് തുടങ്ങിയവർ സംസാരിച്ചു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Traders, Malayalam News, Kasaragod Merchant Association, STU, Street vendors held protest against traders