Fishermen Died | പൊന്നാനിയില്‍ കപ്പല്‍ മീന്‍പിടുത്ത ബോടിലിടിച്ച് അപകടം; കാണാതായ 2 തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ബോടിലുണ്ടായിരുന്നത് 6 മീന്‍പിടുത്ത തൊഴിലാളികള്‍.
സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍ സലാം, പൊന്നാനി സ്വദേശി ഗഫൂര്‍ എന്നിവരാണ് മരിച്ചത്.
നേവിയും കോസ്റ്റുഗാര്‍ഡും തിരച്ചില്‍ തുടരുന്നതിനിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മലപ്പുറം: (KasargodVartha) പൊന്നാനിയില്‍ കപ്പല്‍ മീന്‍പിടുത്ത ബോടിലിടിച്ച് കടലില്‍ കാണാതായ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മൃതദേഹങ്ങള്‍ കണ്ടെത്തി. ബോടിലുണ്ടായിരുന്ന മീന്‍പിടുത്തതൊഴിലാളികളായ സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍ സലാം, പൊന്നാനി സ്വദേശി ഗഫൂര്‍ എന്നിവരാണ് മരിച്ചത്.
ബോട് തകര്‍ന്നതിനെ തുടര്‍ന്ന് കാണാതായവര്‍ക്കായി നേവിയും കോസ്റ്റുഗാര്‍ഡും തിരച്ചില്‍ തുടരുന്നതിനിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെയും ദേഹത്ത് മുറിവുകള്‍ ഉള്ളതായാണ് വിവരം. ബോടിലുണ്ടായിരുന്ന ആറ് മീന്‍പിടുത്തതൊഴിലാളികളും കടലില്‍ പെട്ടുപോയെങ്കിലും നാല് പേരെ കപ്പലിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
പൊന്നാനിയില്‍ നിന്നും പുറപ്പെട്ട അഴീക്കല്‍ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള 'ഇസ്ലാഹ്' എന്ന ബോടാണ് തിങ്കളാഴ്ച (13.05.2024) പുലര്‍ചെ അപകടത്തില്‍പെട്ടത്. ചാവക്കാട് മുനമ്പില്‍ നിന്നും 32 നോടികല്‍ മൈല്‍ അകലെവെച്ചാണ് സംഭവം നടന്നത്.
സാഗര്‍ യുവരാജ് എന്ന കപ്പല്‍ ബോടില്‍ ഇടിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബോട് രണ്ടായി മുറിഞ്ഞ് കടലില്‍ താഴ്ന്നു. അപകടമുണ്ടാക്കുന്ന വിധം തീരത്തോട് ചേര്‍ന്നാണ് കപ്പല്‍ സഞ്ചരിച്ചിരുന്നതെന്ന് മീന്‍പിടുത്തതൊഴിലാളികള്‍ പറഞ്ഞു.