Search | തോട്ടില്‍ കാണാതായ തൊഴിലാളിക്കായി രണ്ടാം ദിനം തിരച്ചില്‍ തുടങ്ങി; തുരങ്കത്തിലേക്കിറങ്ങാന്‍ റോബോടും
തിരുവനന്തപുരം: (KasargodVartha) തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് (Thampanoor Railway Station) സമീപത്തെ ആമയിഴഞ്ചാന്‍ (Amayizhanchan) തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനത്തിനിടെ കാണാതായ തൊഴിലാളിക്കായി (Labour) രണ്ടാം ദിനം തിരച്ചില്‍ തുടങ്ങി. റോബോടുകളെ (Robot) എത്തിച്ച് ശനിയാഴ്ച (13.07.2024) രാത്രി നടത്തിയ തിരച്ചിലിലും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനമാണ് ഞായറാഴ്ച (14.07.2024) മുങ്ങല്‍ വിദഗ്ധര്‍ (Divers) ഉള്‍പെടെയുള്ള 30 അംഗ സംഘം പുനരാരംഭിച്ചത്.
എന്‍ഡിആര്‍എഫിന്റെ നിര്‍ദേശപ്രകാരമാണ് 13 മണിക്കൂറിലെറെ നീണ്ട രക്ഷാപ്രവര്‍ത്തനം ഞായറാഴ്ച പുലര്‍ചെ 1.30-ഓടെയാണ് താത്ക്കാലികമായി നിര്‍ത്തിവെച്ചത്. തുടര്‍ന്ന് രാവിലെ സ്‌കൂബാ ഡൈവിങ് സംഘം ഇറങ്ങി ഭൂഗര്‍ഭ ഓടയ്ക്കുള്ളിലെ മാലിന്യം നീക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും തിരച്ചിലിനായി രംഗത്തുണ്ട്. ജില്ലാ കളക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിന് അടിയിലുള്ള ടണലിന്റെ മറുകരയിലും സ്‌കൂബ സംഘം നടത്തിയ പരിശോധന വിഫലമായതോടെയാണ് രാത്രി റോബോടുകളെ എത്തിച്ചത്. തിരുവനന്തപുരം ടെക്‌നോപാര്‍കിലെ ജെന്‍ റോബടിക്‌സ് കംപനിയുടെ രണ്ടു റോബോടുകളെ എത്തിച്ചാണ് തിരച്ചില്‍ നടത്തിയത്.
തോട്ടില്‍ മാലിന്യം കുമിഞ്ഞുകൂടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. പാളത്തിന്റെ അടിഭാഗത്ത് 140 മീറ്റര്‍ നീളത്തില്‍ തുരങ്കത്തിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഈ തുരങ്കത്തിന്റെ ഇരുവശത്തുനിന്ന് 15 മീറ്റര്‍ ദൂരം വരെ സ്‌കൂബാ ഡൈവര്‍മാര്‍ ഉള്ളില്‍ കടന്ന് പരിശോധിച്ചു. സംരക്ഷണ വേലി പൊളിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണിക്കൂറുകള്‍ കൊണ്ട് ടണ്‍കണക്കിന് മാലിന്യം നീക്കിയശേഷമാണ് സ്‌കൂബാ ഡൈവിങ് സംഘത്തിന് പരിശോധന നടത്താനായത്. തുരങ്കത്തിനുള്ളിലേക്ക് നീന്തി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. റെയില്‍വേ പ്ലാറ്റ്‌ഫോമിലെ മാന്‍ഹോളുകളും തുറന്നു പരിശോധിച്ചു. രാത്രിയായതോടെ തിരച്ചില്‍ ദുഷ്‌കരമായ സാഹചര്യത്തില്‍ സ്‌കൂബ സംഘം തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.
നഗരമധ്യത്തില്‍, തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ വളപ്പില്‍ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ ശനിയാഴ്ച രാവിലെ 11 മണിക്കാണ് കരാര്‍തൊഴിലാളി മാരായമുട്ടം സ്വദേശി എന്‍ ജോയിയെ (47) പെട്ടെന്നുള്ള ഒഴുക്കില്‍ കാണാതായത്. മാരായമുട്ടം വടകര മലഞ്ചരിവ് വീട്ടില്‍ പരേതനായ നേശമണിയുടെയും മെല്‍ഹിയുടെയും മകനാണ് ജോയി.
മാലിന്യം നീക്കാന്‍ റെയില്‍വേയുടെ കരാറെടുത്ത ഏജന്‍സിയുടെ താല്‍ക്കാലിക തൊഴിലാളിയായി മൂന്ന് ദിവസം മുന്‍പാണ് ജോയി എത്തിയത്. രണ്ട് അതിഥിത്തൊഴിലാളികള്‍ക്കൊപ്പമാണ് ജോയി മാലിന്യം നീക്കാനിറങ്ങിയത്. കനത്ത മഴയില്‍ തോട്ടിലെ വെള്ളം പെട്ടെന്ന് കൂടിയതോടെ ഒഴുക്കില്‍പെട്ട ജോയിക്ക് കരയില്‍ നിന്ന അതിഥിത്തൊഴിലാളികള്‍ കയര്‍ എറിഞ്ഞുകൊടുത്തെങ്കിലും കരയ്ക്ക് കയറാനായില്ല.