കോവിഡ് വ്യാപനം: സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ ജനുവരി 21 മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും
Jan 14, 2022, 17:10 IST
തിരുവനന്തപുരം: (www.kasargodvartha.com 14.01.2022) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ ജനുവരി 21 മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും. ഒന്നു മുതല്‍ ഒന്‍പതു വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാകും. 10, 11, 12 ക്ലാസുകള്‍ പ്രവര്‍ത്തിക്കും. സ്‌കൂളുകള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാക്കും. പരീക്ഷകള്‍ പിന്നീട് തീരുമാനിക്കും. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് പിന്നീട് അറിയിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. വാരാന്ത്യ നിയന്ത്രണങ്ങളും രാത്രികാല കര്‍ഫ്യൂവും ഇല്ല. സ്‌കൂളുകള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. അവലോകന യോഗത്തില്‍ വിദഗ്ധരുടെ നിര്‍ദേശപ്രകാരം തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞതായി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്. കോവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രതാ പോര്‍ടലിലൂടെ ആരോഗ്യ വകുപ്പ് പൊലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭ്യമാക്കേണ്ടതാണ്.
കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താന്‍ ജില്ലാ കലക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മറ്റു തീരുമാനങ്ങള്‍:
സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക് ഫ്രം ഹോം സംവിധാനം അനുവദിക്കും. സര്‍കാര്‍, അര്‍ധ സര്‍കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തേണ്ടതാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ കൂടുതലുള്ള ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തും. കൂടുതല്‍ പേര്‍ പങ്കെടുക്കേണ്ട നിര്‍ബന്ധിത സാഹചര്യങ്ങളില്‍ പ്രത്യേക അനുവാദം വാങ്ങണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ല്‍ കൂടുതല്‍ വന്നാല്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവദിക്കില്ല.
എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ബുകിങ്ങും വില്‍പനയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. മാളുകളില്‍ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്. ഇത് ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തണം.
കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ ജനുവരി 16 മുതല്‍ നേരത്തെ ഓണ്‍ലൈന്‍ ബുകിംഗ് ചെയ്തവര്‍ക്ക് സന്ദര്‍ശനം മാറ്റി വെയ്ക്കാന്‍ അഭ്യര്‍ഥിച്ച് സന്ദേശം അയക്കാന്‍ ബന്ധപ്പെട്ട വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ചര്‍ചയിലൂടെ നിശ്ചയിക്കും.
ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. ജില്ലകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തില്‍ വാര്‍ഡ് തല സമിതികളുടെ സഹകരണം അനിവാര്യമാണ്.
10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് വാക്‌സിന്‍ സ്‌കൂളില്‍ പോയി കൊടുക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ഏകോപിച്ച് മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Keywords: Schools to remain closed for classes 1-9 from January 21, Thiruvananthapuram, News, COVID-19, Health, School, Top-Headlines, Kerala.