city-gold-ad-for-blogger

ശബരിമല നട തുറന്നു: ഇനി അയ്യപ്പന്റെ സന്നിധിയിൽ മണ്ഡലകാല പ്രഭ

Sabarimala temple opened for Mandalam pilgrimage.
Photo Credit: Facebook/ Sabarimala Ayyappa Temple

● കണ്ഠരര് മഹേഷ് മോഹനര് തന്ത്രിയുടെ സാന്നിധ്യത്തിൽ പഴയ മേൽശാന്തിയാണ് നട തുറന്നത്.
● തിങ്കളാഴ്ച വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കും.
● പ്രതിദിനം 90000 പേർക്കാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
● 70,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 20,000 പേർക്ക് സ്പോട്ട് ബുക്കിങ് വഴിയുമാണ് ദർശനം.
● ചാലക്കുടി ഇ.ഡി.പ്രസാദ് നമ്പൂതിരി ശബരിമലയിലും എം.ജി.മനു നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി അവരോധിക്കപ്പെട്ടു.
● മണ്ഡലപൂജ ഡിസംബർ 27 നാണ്; മകരവിളക്ക് ജനുവരി 14 നും.

പത്തനംതിട്ട: (KasargodVartha) മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല അയ്യപ്പ ക്ഷേത്ര നട തുറന്നു. ഇതോടെ മലയാളക്കരയ്ക്ക് ഇനി ആത്മീയപ്രഭയുടെ പുണ്യ മണ്ഡലകാലം ആരംഭിക്കുകയാണ്. തന്ത്രിമാരായ കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ സ്ഥാനം ഒഴിയുന്ന മേൽശാന്തി അരുൺകുമാർ നമ്പൂതിരി വൈകിട്ട് അഞ്ചിനാണ് തിരുനട തുറന്നത്.

ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച് അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യം അറിയിച്ചു. തുടർന്ന് മാളികപ്പുറം ക്ഷേത്രം തുറക്കുന്നതിനായി അവിടുത്തെ മേൽശാന്തി വാസുദേവൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കി. അയ്യപ്പ സന്നിധിയിലേക്ക് ശിരസ്സിൽ ഇരുമുടിക്കെട്ടും നാവിൽ ശരണമന്ത്രങ്ങളുമായി ഭക്തരുടെ ഒഴുക്ക് തുടങ്ങി.

പുതിയ മേൽശാന്തിമാർ ചുമതലയേറ്റു

നട തുറന്നശേഷം നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരി പതിനെട്ടാംപടി ഇറങ്ങി നേരെ ആഴിക്ക് സമീപം എത്തി അഗ്നി പകർന്നു. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആചാരങ്ങളിൽ ഒന്നാണ് ആഴിയിൽ നാളികേരം അർപ്പിക്കുന്നത്. മനുഷ്യശരീരത്തിലുണ്ടാകുന്ന എല്ലാ അഹന്തകളെയും പ്രശ്‌നങ്ങളെയും നശിപ്പിക്കുന്ന ഒന്നാണ് ആഴിയെന്നാണ് വിശ്വാസം. ഈ ആഴി, മണ്ഡല മകരവിളക്ക് ഉത്സവം അവസാനിക്കുന്നത് വരെ കെടാതെ നിൽക്കും.

അതിനുശേഷം ഭക്തർക്കായി പതിനെട്ടാംപടിയുടെ വാതിൽ തുറന്നു. നിയുക്ത മേൽശാന്തിമാരാണ് ആദ്യം പതിനെട്ടാംപടി കയറിയത്. ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി.പ്രസാദിനെ (47) ശബരിമലയിലും കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മട്ടത്തുമഠത്തിൽ എം.ജി.മനു നമ്പൂതിരിയെ (47) മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി അവരോധിച്ചു.

ചടങ്ങുകൾ പൂർത്തിയായി

സോപാനത്തു വിളക്കുവച്ചു ശ്രീകോവിലിൽ നിന്നു ദീപം പകർന്നു. തുടർന്നു കളംവരച്ചു കലശങ്ങൾ വച്ചു. തന്ത്രിയുടെ കാർമികത്വത്തിൽ ഒറ്റക്കലശം പൂജിച്ചു. നിയുക്ത ശബരിമല മേൽശാന്തി ഇ.ഡി.പ്രസാദിനെ പീഠത്തിൽ ഇരുത്തി തന്ത്രി അഭിഷേകം ചെയ്തു. തുടർന്നു കൈപിടിച്ചു ശ്രീകോവിലിൽ കൊണ്ടുപോയി അയ്യപ്പസ്വാമിയുടെ മൂലമന്ത്രം ചൊല്ലിക്കൊടുത്തു. അതിനുശേഷം മാളികപ്പുറത്തെ സോപാനത്തിൽ തന്ത്രിയുടെ കാർമികത്വത്തിൽ കലശം പൂജിച്ച് എം.ജി.മനു നമ്പൂതിരിയെ അഭിഷേകം ചെയ്‌തു. അവിടെയും ശ്രീകോവിലിൽ കൊണ്ടുപോയി മാളികപ്പുറത്തമ്മയുടെ മൂലമന്ത്രം പറഞ്ഞുകൊടുത്താണ് ചടങ്ങ് പൂർത്തിയാക്കിയത്.

ദർശന സമയം, ബുക്കിങ് രീതി

തിങ്കളാഴ്ച വൃശ്ചികപ്പുലരിയിൽ പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാരാണ് ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നത്. അതോടെ മണ്ഡലകാല തീർഥാടനത്തിന് ഔദ്യോഗികമായി തുടക്കമാകും. ദർശന സമയം എല്ലാ ദിവസവും പുലർച്ചെ മൂന്ന് മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയും, വൈകീട്ട് മൂന്ന് മുതൽ രാത്രി 11 വരെയും ആയിരിക്കും. രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും.

പ്രതിദിനം 90000 പേർക്കാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുക. 70,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 20,000 പേർക്ക് സ്പോട്ട് ബുക്കിങ് വഴിയുമാണ് ദർശനത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ദർശനത്തിനായി www(dot)sabarimalaonline(dot)org എന്ന വെബ്സൈറ്റിലാണ് ഓൺലൈൻ ബുക്കിങ് ചെയ്യേണ്ടത്. പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിങ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

മണ്ഡല-മകരവിളക്ക് തീയതികൾ

ഡിസംബർ 26 നാണ് അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കുക. മണ്ഡലപൂജ ഡിസംബർ 27 നാണ്. 27 ന് രാത്രി നടയടക്കുന്നതോടെ മണ്ഡലകാലം പൂർത്തിയാകും. തുടർന്ന് ഡസംബർ 30 ന് വൈകിട്ടാണ് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുക. ജനുവരി 14 നാണ് മകരവിളക്ക്. ജനുവരി 19 വരെ തീർഥാടകർക്ക് ദർശം നടത്താം. ജനുവരി 20 ന് രാവിലെ നടയടയ്ക്കുന്നതോടെ ഈ വർഷത്തെ ഉത്സവം പൂർത്തിയാകും.

നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി ഈ ശബരിമല വാർത്ത പങ്കുവെക്കുക.

Article Summary: Sabarimala Temple opened for Mandalam pilgrimage with new priests taking charge.

 #Sabarimala #Mandalam #Makaravilakku #KeralaTemple #Ayyappa #Pilgrimage
 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia