നെല്ലിക്കട്ടയില്‍ ഗുണ്ടാവിളയാട്ടം; കട തകര്‍ത്തു വ്യാപാരിക്ക് പരിക്ക്; ഹര്‍ത്താല്‍
Dec 21, 2012, 16:24 IST

കാസര്‍കോട്: ബദിയഡുക്ക നെല്ലിക്കട്ടയില്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയുണ്ടായ ഗുണ്ടാവിളയാട്ടത്തില്‍ അനാദികട അടിച്ച് തകര്‍ക്കുകയും കട പൂട്ടിപോവുകയായിരുന്ന വ്യാപാരിയെ ആക്രമിച്ച് പരിക്കേല്‍പിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് നെല്ലിക്കട്ടയില്‍ വ്യാപാരികള്‍ വെള്ളിയാഴ്ച കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. ഓട്ടോ-ടാക്‌സി ജീവനക്കാരും പണിമുടക്കി.
ചെര്‍ക്കളയില്‍ നിന്നും ബൈക്കുകളിലും മറ്റു വാഹനങ്ങളിലുമായി എത്തിയ 15 അംഗസംഘമാണ് ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് ആക്രമം അഴിച്ചു വിട്ടത്. നെല്ലിക്കട്ടയിലെ നവീന്‍ കുമാറിന്റെ അനാദികട പൂര്‍ണമായും അടിച്ചു തകര്‍ത്തു. കടപൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന പച്ചക്കറി വ്യാപാരി നെല്ലിക്കട്ട ബിലാല്‍ നഗര്‍ ഹൗസില്‍ അബൂബക്കറിന്റെ മകന്‍ ടി.എ. ഹനീഫയെ (35) സംഘം ആക്രമിച്ചു പരിക്കേല്‍പിച്ചു.
വടി, സൈക്കിള്‍ ചെയ്ന്‍, പഞ്ച് തുടങ്ങിയ മാരാകായുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് കാസര്‍കോട് കെയര്‍വല്‍ ആശുപത്രിയില്‍ കഴിയുന്ന ഹനീഫ പറഞ്ഞു. ഹനീഫയുടെ താടിയെല്ല് പൊട്ടുകയും മുഖത്തും ദേഹമാസകലവും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
രണ്ടു ദിവസം മുമ്പ് നെല്ലിക്കട്ടയിലെ ഒരു യുവതിയെ ചെര്‍ക്കളയിലെ രണ്ട് യുവാക്കള്‍ ബൈക്കിലെത്തി ശല്യപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ യുവതി ബദിയഡുക്ക പോലീസില്‍ പരാതി നല്‍കുകയും ഇതേതുടര്‍ന്ന് പോലീസ് യുവാക്കളെ വിളിച്ചു വരുത്തി യുവതിയുടെ സാന്നിദ്ധ്യത്തില്‍ താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം വ്യാഴാഴ്ച രാവിലെ യുവാക്കള്‍ നെല്ലിക്കട്ടയിലെത്തി നാട്ടുകാരെ വെല്ലുവിളിക്കുകയായിരുന്നു.
ഇവരുടെ വെല്ലുവിളി വ്യാപാരികളും മറ്റും ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് രാത്രി ഒമ്പത് മണിയോടെ വാഹനങ്ങളിലെത്തിയ ഗുണ്ടാസംഘം ആക്രമം അഴിച്ചുവിട്ടത്. വിവരമറിഞ്ഞ് ബദിയഡുക്ക എസ്.ഐ. ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.