Court | റിയാസ് മൗലവി വധം: മാർച് 30ന് വിധി പറയും; തീയതി നീട്ടുന്നത് ഇത് മൂന്നാം തവണ
Mar 20, 2024, 12:20 IST
കാസര്‍കോട്: (KasargodVartha) പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രമാദമായ കേസിൽ മാർച് 30ന് വിധി പറയും ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിധി പറയുന്നത്. ഇത് മൂന്നാം തവണയാണ് തീയതി മാറ്റുന്നത്. ഫെബ്രുവരി 27നാണ് ആദ്യം വിധി പറയാൻ തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് മാർച് ഏഴിലേക്ക് മാറ്റിയിരുന്നു. ഇതിന് ശേഷം കൊല നടന്ന ദിവസമായ മാർച് 20ലേക്ക് തീരുമാനിച്ചിരിക്കുകയായിരുന്നു.
2017 മാര്‍ച് 20ന് രാത്രിയിലാണ് റിയാസ് മൗലവിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ അറസ്റ്റിലായത് മുതല്‍ ജയിലില്‍ തന്നെ കഴിയുകയാണ്. പ്രതികളുടെ ജാമ്യാപേക്ഷ പലതവണ കോടതി തള്ളികളഞ്ഞിരുന്നു. നേരത്തെ കേസില്‍ വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും കേസ് പരിഗണിച്ച ജഡ്ജിന് സ്ഥലം മാറ്റം ലഭിക്കുകയുണ്ടായി.
ഇതോടെ പുതിയ ജഡ്ജ് കെ കെ ബാലകൃഷ്ണന്‍ കേസ് വീണ്ടും ആദ്യം മുതല്‍ പരിശോധിച്ച ശേഷമാണ് ഇപ്പോൾ വിധി പറയാനിരിക്കുന്നത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ആദ്യം കോഴിക്കോട്ടെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എം അശോകനെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂടറായി സർകാർ നിയമിച്ചിരുന്നു. വിചാരണ നടപടിക്കിടെ അസുഖത്തെ തുടർന്ന് അഭിഭാഷകൻ അന്തരിച്ചതിനാൽ അദ്ദേഹത്തിന്റെ ജൂനിയറായിരുന്ന അഡ്വ. ടി ഷാജിത്തിനെയാണ് സ്പെഷ്യൽ പ്രോസിക്യൂടറായി നിയമിച്ചത്. കേരളം കാതോർത്തിരിക്കുന്ന കേസിലാണ് വിധി വരാനിരിക്കുന്നത്.
Keywords: News, Kerala, Kasaragod, Court, Case, Malayalam News, Riyaz Moulavi Murder Case, Riyaz Moulavi murder: Verdict postponed to March 20.