city-gold-ad-for-blogger
Aster MIMS 10/10/2023

Opinion | റിയാസ് മൗലവി വധം: 'കോടതി വിധി നിരാശാജനകവും ദൗർഭാഗ്യകരവും'; അഭിപ്രായവുമായി വിവിധ പാർടികളും നേതാക്കളും സംഘടനകളും; ഗൂഢാലോചന അന്വേഷിച്ചില്ലെന്നും വിമർശനം

കാസർകോട്: (KasargodVartha) പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ട കോടതി വിധിയിൽ അഭിപ്രായവുമായി വിവിധ സംഘടനകളും നേതാക്കളും രംഗത്തെത്തി. വിധി നിരാശാജനകവും ദൗർഭാഗ്യകരവുമെന്നാണ് മിക്കവരും പ്രതികരിച്ചത്.
  
Opinion | റിയാസ് മൗലവി വധം: 'കോടതി വിധി നിരാശാജനകവും ദൗർഭാഗ്യകരവും'; അഭിപ്രായവുമായി വിവിധ പാർടികളും നേതാക്കളും സംഘടനകളും; ഗൂഢാലോചന അന്വേഷിച്ചില്ലെന്നും വിമർശനം

പ്രൊസിക്യൂഷന്റെയും ഒളിച്ചുകളിയുടെ പ്രതിഫലനമെന്ന് കല്ലട്ര മാഹിൻ ഹാജി

റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതിവിധി പിണറായി വാഴ്ചയിൽ ആർ എസ്‌ എസിന് പണയം വെച്ച ആഭ്യന്തരവകുപ്പിന്റെയും പ്രൊസിക്യൂഷന്റെയും ഒളിച്ചുകളിയുടെ പ്രതിഫലനമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി .ലാവ്ലിനും മാസപ്പടിയുമുൾപ്പെടെ തനിക്കും കുടുംബത്തിനും രക്ഷപ്പെടാൻ സംഘികളായ കൊലപാതകികൾക്ക് വരെ കരുത്തുപകരും വിധം സംഘ് പരിവാരത്തിന് ഭരണമപ്പാടെ അടിയറവെച്ച പിണറായി സർക്കാർ നീക്കം അത്യന്തം നിന്ദ്യവും നീചവും നികൃഷ്ടവും മാപ്പർഹിക്കാത്ത പാതകവുമാണ്.

റിയാസ് മൗലവി വധത്തിനു ശേഷമുള്ള ഇടതു സർക്കാരിന്റെ എല്ലാ നീക്കങ്ങളിലും ഈ സംഘീ പ്രീണനമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ മൃതശരീരം ചൂരിയിൽ കൊണ്ട് വരാൻ അനുവദിക്കാത്തതും വധത്തിന് പിന്നിലുള്ള ഗൂഢാലോചനയും നളിൻ കുമാർ കട്ടീൽ എം പി യുടെ പ്രസംഗം നൽകിയ പ്രേരണയും അന്വേഷിക്കാതിരുന്നതും യുഎപിഎ ചുമത്താതിരുന്നതും കൊല മദ്യത്തിന്റെ പ്രേരണയാൽ നടന്ന സ്വാഭാവിക കുറ്റകൃത്യമാക്കി കുറ്റപത്രത്തിൽ ചുരുക്കിയതുമുൾപ്പെടെ ആർ എസ്‌ എസിന് നോവാതിരിക്കാനുള്ള പിണറായി ഭരണത്തിന്റെ ജാഗ്രത ദൃശ്യമായതാണ്.

ആർ എസ്‌ എസ്‌ കാരനായ ശ്രീനിവാസൻ വധത്തിൽ 14 പേർക്ക് തൂക്കുകയർ വാങ്ങിക്കൊടുത്ത സംവിധാനം തന്നെയാണ് റിയാസ് മൗലവി വധത്തിൽ പ്രതികൾക്ക് മോചനം നല്കുന്നതുമെന്നത് പിണറായി ഭരണത്തിന്റെ ആർ എസ്‌ എസ്‌ പ്രണയവും മുസ്‌ലിം വിരോധവും ബോധ്യപ്പെടുത്തുന്നതാണ്. റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ നല്കാൻ കഴിയുന്ന വിധം നിയമപരമായ എല്ലാ വഴികളും തേടാൻ കുടുംബത്തോടൊപ്പം മുസ്ലിം ലീഗുണ്ടാകുമെന്നും മാഹിൻ ഹാജി പറഞ്ഞു.


വിധി നിരാശാജനകവും ദൗർഭാഗ്യകരവുമെന്ന് ഐ എൻ എൽ

പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളേയും വെറുതെ വിട്ടുകൊണ്ടുള്ള ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി നിരാശാജനകവും ദൗർഭാഗ്യകരവുമാണെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. പഴുതടച്ച അന്വേഷണത്തിലൂടെ പരമാവധി തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ കേസിൽ ഒരു സാക്ഷി പോലും കൂറ് മാറിയിട്ടില്ല. അതുകൊണ്ട് തന്നെയാണ് കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചത്. സംഭവം നടന്ന് ഏഴ് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. 2009 മുതൽ 2017 കാലയളവിനുള്ളിൽ പത്തോളം പേർ ജില്ലയിൽ വർഗ്ഗീയമായി കൊല്ലപ്പെട്ടിരുന്നു.

റിയാസ് മൗലവി വധക്കേസിലെ പ്രതികളെ ജയിലിലടച്ചതിന് ശേഷം ഇതുവരെ കൊലപാതകങ്ങൾ ഉണ്ടായിട്ടില്ല. സംഘർഷങ്ങളും കലാപങ്ങളും ഒഴിവാക്കാൻ വേണ്ടി മറുപക്ഷത്തുള്ളവർ ശ്രമിച്ചതിൻ്റെ ഫലമാണ് മറ്റു അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകാതിരുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാകുമായിരുന്നില്ല, അതാണിപ്പോൾ നിരാശയിലേക്ക് വഴിമാറിയിരിക്കുന്നത്. അതുകൊണ്ട് എവിടെയെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതു കണ്ടുപിടിച്ച് സർക്കാർ ഉടൻ അപ്പീൽ പോകേണ്ടതുണ്ട്. പ്രതികൾ ശിക്ഷിക്കപ്പെടുന്നതുവരെ നീതി പുലരുകയില്ലാ എന്ന് കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.


വിധി നിരാശാജനകമെന്ന് എസ്.വൈ.എസ്

റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട നടപടി നിരാശാജനകമാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. പള്ളിക്കകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന ഒരു മദ്‌റസാധ്യാപകനെ അവിടെ കയറി യാതൊരു പരിചയവുമില്ലാത്ത ആര്‍.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത് പ്രദേശത്ത് അശാന്തി പടര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ ഈ അരുംകൊല ചെയ്തതെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലും വ്യക്തമാക്കിയിട്ടുണ്ട്.

ഇളംതലമുറയ്ക്ക് മതവിദ്യാഭ്യാസവും മതസൗഹാര്‍ദത്തിന്റെ പ്രാധാന്യവും പകര്‍ന്നുനല്‍കുന്നവരാണ് മദ്‌റസാ അധ്യാപകര്‍. എവിടെയും സമാധാനം കാംക്ഷിക്കുന്നവരായ നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തുന്ന രീതി അംഗീകരിക്കാനാവില്ല. കേസില്‍ ഏഴു വര്‍ഷം ജാമ്യംപോലും ലഭിക്കാതെ ജയിലിലായിരുന്ന പ്രതികളെ വെറുതെവിട്ടത് നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.


വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് കേരള മുസ്ലിം ജമാഅത്ത്

ജില്ലയുടെ സമാധാനാന്തരീക്ഷം തകർക്കുകയെന്ന ഗൂഢ ലക്ഷ്യത്തോടെ പള്ളിയിൽ അതിക്രമിച്ചു കയറി ഇമാമിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രമാദമായ കേസിൽ എല്ലാ തെളിവുകളും പ്രതികൾക്കെതിരെ ശക്തമായി ഉണ്ടായിട്ടും മുഴുവൻ പ്രതികളെയും വെറുതെ വിട്ട കോടതി വിധി നിരാശാജനകവും നീതിന്യായ വ്യവസ്ഥയിൽ പൊതുജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുത്തുന്നതുമാണെന്ന് കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ല അടിയന്തര ക്യാബിനറ്റ് യോഗം അഭിപ്രായപ്പെട്ടു.

ശക്തമായ എഫ് ഐ ആറിന്റെ പിന്ബലത്തിൽ പ്രോസിക്യൂഷൻ നല്ല പിന്തുണ നൽകിയ കേസിൽ ഏഴ് വർഷം പ്രതികൾക്ക് മേൽ കോടതിയിൽ നിന്ന് പോലും ജാമ്യം കിട്ടാത്തത്ര സാഹചര്യം ഉണ്ടായിട്ടും പ്രതികളെയെല്ലാം വെറുതെ വിട്ടു എന്നത് ആശ്ചര്യം ഉണ്ടാക്കുന്നതാണ്. കേസിൽ അവസാന നിമിഷം പ്രതികൾക്ക് അനുകൂലമായി വിധി ഉണ്ടായത് എന്തുകൊണ്ട് എന്ന് കൂടുതൽ ആഴത്തിൽ അന്വേഷിക്കപ്പെടണം.

ജില്ലയിൽ മുമ്പ് പല കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടാതിരുന്നതാണ് ഇവിടെ കുഴപ്പങ്ങൾ വർധിക്കാൻ കാരണമായത് കേസിലെ വീഴ്ചകൾ പഠിച്ചു പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ വിധിക്കെതിരെ സർക്കാർ ഉടൻ അപ്പീൽ നൽകണമെന്നും മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് സയ്യിദ് ഹസൻ അഹദൽ തങ്ങൾ അധ്യക്ഷത വഹിച്ചു പള്ളങ്കോട് അബ്ദുൽ ഖദർ മദനി സുലൈമാൻ കരിവെള്ളൂർ തുടങ്ങിയവർ സംബന്ധിച്ചു


കോടതി വിധി ദുരൂഹതയുളവാക്കുന്നതെന്ന് അഷ്റഫ് എടനീർ

റിയാസ് മൗലവി കൊലക്കേസ് പ്രതികളായ മൂന്ന് സംഘ് പരിവാർ ക്രിമിനലുകളെ വെറുതെ വിട്ട കോടതി വിധി ദുരൂഹതയുളവാക്കുന്നതാണെന്നും ഇത് പരിശോധിക്കപ്പെടേണ്ടതാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അഷ്റഫ് എടനീർ പറഞ്ഞു.കേസിലെ ഒന്നാം പ്രതിയുടെ വസ്ത്രത്തിൽ ഉണ്ടായ രക്തക്കറ റിയാസ് മൗലവിയുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതാണ്.
 

കാസർകോട്ടെ മതേതര മനസുള്ള ജനത ഒന്നടങ്കം പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചത്.

കൊലപാതകത്തിലെ സംഘ്പരിവാർ ഗൂഢാലോചന അന്വേഷിക്കാത്തതും പ്രതികളുടെ മേൽ യു.എ.പി.എ ചുമത്താത്തതും സംസ്ഥാന സർക്കാരിൻറെ ഭാഗത്ത് നിന്നുള്ള വലിയ വീഴ്ചയാണ്. ഇതാണ് പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കിയത്. ഇത് സംബന്ധിച്ച് റിയാസ് മൗലവിയുടെ ഭാര്യ നിരന്തരമായി സർക്കാരിൻറെ വാതിലുകൾ ഒരുപാട് കയറി ഇറങ്ങിയതാണ്. അതൊന്നും ചെവികൊള്ളാൻ തയ്യാറാവാത്ത സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ല.

ഒരു ഇടതുപക്ഷ സർക്കാരിൽ പോലും ആർ.എസ്.എസിന് എത്ര മാത്രം സ്വാധീനം ഉണ്ട് എന്നതിൻറെ തെളിവ് തന്നെയായിരുന്നു ഒരു കടലാസ് തുണ്ട് കൈവശം വെച്ചതിൻറെ പേരിൽ അലനും, താഹക്കും യു.എ.പി.എ ചുമത്തിയ കേരള സർക്കാർ നാട്ടിൽ വർഗീയ കലാപം ഉണ്ടാക്കുന്നതിന് കത്തിയും കഠാരയുമായി പള്ളിയിൽ കയറി റിയാസ് മൗലവിയെ കുത്തി കൊന്ന കേസിൽ സംഘ് പരിവാർ ക്രിമിനലുകൾക്ക് യു.എ.പി.എ ചുമത്താൻ തയ്യാറാവാത്തതെന്നും അഷ്റഫ് എടനീർ പറഞ്ഞു.


കോടതി വിധി ദൗർഭാഗ്യകരമെന്ന് എസ് കെ എസ് എസ് എഫ്

റിയാസ് മൗലവി വധത്തിൽ കാസർകോട് ജില്ലാ സെഷൻസ് കോടതി പുറപ്പെടുവിച്ച വിധി ദൗർഭാഗ്യകരമാണന്നും ഇത്തരത്തിലുള്ള വിധി മൂലം നീതിപീഠത്തിനോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാൻ കാരണമാകുമെന്നും എസ്.കെ.എസ്.എസ് എഫ് കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. യോഗം ജില്ലാ പ്രസിഡണ്ട് സുബൈർ ഖാസിമി പടന്ന അദ്ധ്യക്ഷനായി. ജില്ല ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു.

ഫാറൂഖ് ദാരിമി കൊല്ലംപാടി, ജില്ല ട്രഷറർ സഈദ് അസ്അദി പുഞ്ചാവി, വർക്കിങ് 'സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, അബ്ദുറസാഖ് അസ്ഹരി മഞ്ചേശ്വരം, അബ്ദുല്ല യമാനി, സയ്യിദ് ഹംദുല്ലാ തങ്ങൾ മൊഗ്രാൽ, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ജമാൽ ദാരിമി, ശരീഫ് മാസ്റ്റർ ബാവനഗർ, അൻവർ തുപ്പക്കൽ ,

റാശിദ് ഫൈസി ആമത്തല,ഉസാമ പള്ളങ്കോട്, ഇല്യാസ് ഹുദവി മുഗു, റാസിക് ഹുദവി പേരാൽ, ലത്തീഫ് തയ്കടപ്പുറം, സ്വാലിഹ് ഹുദവി കടമ്പാർ തുടങ്ങിയവർ സംബന്ധിച്ചു.


ജുഡീഷ്യറിയുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതെന്ന് എസ്ഡിപിഐ

സംസ്ഥാനത്ത് ഏറെകോളിളക്കം സൃഷ്ടിച്ചതും ആരാധാനലയത്തിൽ കയറി പള്ളിഇമാമിനെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും ചെയ്ത റിയാസ് മൗലവി വധത്തിലെ കോടതി വിധി എറെ നിരാശാജനകവും ജൂഡിഷ്യറിയിൽ ജനങ്ങൾക്കുണ്ടാകുന്ന വിശ്വാസം നക്ഷ്ടപെടാൻ കാരണമാകുന്നതുമാണെന്ന് എസ്ഡിപിഐ കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് പറഞ്ഞു. പ്രതികളുടെ ഡിഎൻഎ അടക്കമുള്ള തെളിവുകളുണ്ടായിട്ടും നാട്ടിൽ വർഗീയധ്രൂവീകരണത്തിന് ശ്രമിച്ച സംഘ്പരിവാർ ക്രിമിനലുകളെ കേസിൽ വെറുതെ വിട്ടത് ദൗർഭാഗ്യകകരമാണ്. ഗൂഢാലോചനയടക്കമുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാത്ത പൊലീസ്

അന്വേഷണത്തിലെ പിഴവാണ് ഇത്തരം കോടതിവിധികളെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു.


കോടതി വിധി ജുഡീഷ്യൽ കൊലപാതകമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

റിയാസ് മൗലവി വധക്കേസിൽ ശാസ്ത്രീയവും സാഹചര്യ തെളിവുകളുമുണ്ടായിട്ടും സംഘ്പരിവാർ പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ട കോടതി വിധി ജുഡീഷ്യൽ കൊലപാതകമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പള്ളിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മൗലവിയെ അതിക്രമിച്ച് കടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയത് വർഗീയ സംഘർഷം ഉണ്ടാക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായിരുന്നു എന്ന് വ്യക്തമാണ്. കാസർകോട് ജില്ലയിൽ നടന്ന ആർഎസ്എസുകാർ പ്രതികളായ കൊലപാതകങ്ങളിലെ പ്രതികൾക്ക് ശിക്ഷ ലഭിക്കാത്തതാണ് കൊലപാതകങ്ങൾ വർദ്ധിക്കാൻ കാരണമായത്.

മൂന്ന് പ്രതികളെയും വെറുതെ വിട്ട വിധി അക്രമികളെ കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് നയിക്കാൻ വഴിവെക്കുന്നതാണ്. പൊലീസിൻ്റെയും പ്രോസിക്യൂഷൻ്റെയും ഭാഗത്തും ഗുരുതര വീഴ്ച ഉണ്ടായത് സംഘ്പരിവാറിന് വേണ്ടിയാണോ എന്ന് സർക്കാർ വ്യക്തമാക്കണം. പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ ഉടൻ അപ്പീൽ പോകണം. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ റാസിഖ് മഞ്ചേശ്വരം, എൻ.എം വാജിദ്, സെക്രട്ടറിമാരായ റാഷിദ് മുഹിയുദ്ദീൻ, ഷാഹ്ബാസ് കോളിയാട്ട് എന്നിവർ സംസാരിച്ചു.


ആശങ്കജനകമെന്ന് നാഷണൽ യൂത്ത് ലീഗ്

റിയാസ് മൗലവി വധക്കേസിൽ വിധി ആശങ്കജനകമെന്നും പുന:പരിശോധിക്കണമെന്നും നാഷണൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ ഹനീഫ് പി എച്ച് പറഞ്ഞു. കോടതിയുടെ വിധി അപ്രതീക്ഷിതവും മതേതര കേരളം ആശങ്കയോടെയുമാണ് വിധി നോക്കികാണുന്നത്. കഴിഞ്ഞ ഏഴുവർഷവും ഒരു ദിവസം പോലും ജാമ്യം അനുവദിക്കാതെ പ്രതികളെ റിമാൻഡിൽ തന്നെ വെക്കാൻ കഴിഞ്ഞിട്ടുള്ള അപൂർവ്വം കേസുകളിൽ ഒന്നാണിത്. കുറ്റമറ്റ രീതിയിലുള്ള അന്വേഷണം നടത്തിയാണ് പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ച സമയത്തോ വിചാരണ സമയത്തോ കുറ്റപത്രത്തെക്കുറിച്ച് എന്തെങ്കിലും അപാകത ഉള്ളതായി ഒരു വിമർശനവും ഉയർന്നിരുന്നില്ല.

റിയാസ് മൗലവിയുടെ കുടുംബവും ആക്ഷൻ കമ്മിറ്റിയും ആവശ്യപ്പെട്ടതനുസരിച്ച് തന്നെയുള്ള സ്പെഷൽ പ്രോസിക്യൂട്ടറെ സംസ്ഥാന സർക്കാർ ഈ കേസിൽ നിയോഗിച്ചിരുന്നു. വിചാരണ വേളയിൽ ഒരു സാക്ഷി പോലും കൂറുമാറിയിരുന്നില്ല. അത്തരത്തിൽ സാക്ഷികൾ ഉൾപ്പെടെ ആവശ്യമായ സുരക്ഷ സർക്കാരിന്റെ ഭാഗത്തുനിന്ന് ഏർപ്പെടുത്തിയിരുന്നു. ഡി എൻ എ ടെസ്റ്റ് ഉൾപ്പെടെ നടത്തി ശാസ്ത്രീയമായ തെളിവുകൾ ഉൾപ്പെടെ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നിട്ടും കേസിലെ പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള വിധി നിരാശജനകമാണ്. റിയാസ് മൗലവിയുടെ കുടുംബവുമായും ആക്ഷൻ കമ്മിറ്റിയുമായും ആലോചിച്ച് അപ്പീൽ നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ഹനീഫ് അഭ്യർത്ഥിച്ചു


മുസ്ലിം വംശീയ ഉന്മൂലന പദ്ധതികൾക്ക് കൂട്ടുനിൽക്കുന്ന വിധിയെന്ന് സോളിഡാരിറ്റി

എല്ലാവിധ ശാസ്ത്രീയ തെളിവുകളും ഉണ്ടായിട്ടും റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധി സംഘപരിവാറിന്റെ മുസ്ലിം രാഷ്ട്രീയ മൂലധന പദ്ധതികൾക്ക് കൂട്ട് നിൽക്കുന്ന വിധിയാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കോടതി വിധിക്കെതിരെയും പ്രോസിക്യൂഷന്റെ ശക്തമായ ഇടപെടലിന്റെ അഭാവത്തിനെതിരെയും പ്രതിഷേധങ്ങൾ ഉയരണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അദ്നാൻ മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജീർ കല്ലിങ്കാൽ, ഡോ. മിസ്ഹബ്, മുഹമ്മദ് സാബിർ എന്നിവർ സംസാരിച്ചു.


വെറുതെ വിട്ട വിധി ലോകത്തെ എട്ടാമത്തെ അത്ഭുതമെന്ന് സിദ്ദീഖ് ചേരങ്കൈ

റിയാസ് മൗലവി വധക്കേസിൽ പ്രതികളെ വെറുതെ വിട്ട വിധി ലോകത്തെ എട്ടാമത്തെ അത്ഭുതമെന്ന് കേരള കോൺഗ്രസ്‌ എം മുനിസിപ്പൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സിദ്ദിഖ് ചേരങ്കൈ പറഞ്ഞു. അതിക്രൂരവും പൈശാചികവുമായ കൊലപാതകമാണ് പ്രതികൾ നടത്തിയത്. സാഹചര്യ തെളിവുകളും സാക്ഷികളും കേസിന് അനുകൂലമായിട്ടും നീതിയും ന്യായവും ലഭിക്കേണ്ട കോടതിയിൽ അത് തെളിയാതെ പോയത് ദൗർഭാഗ്യകരമാണ്. പ്രതികളായ ആർ എസ് എസ് പ്രവർത്തകർക്ക് കോടതി നൽകിയ ക്ലീൻ ചീട്ട് ആശ്ചര്യപെടുത്തുന്നു സമൂഹത്തിന് ഭീഷണിയായ ഇത്തരം കുറ്റവാളികളെ തുറങ്കിലടക്കാൻ സർക്കാർ സംവിധാനത്തിന് കഴിയാതെ പോയതും വലിയ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.


"റിയാസ് മൗലവി വധം" പ്രതികളെ വെറുതെ വിട്ട കോടതി വിധി ക്രിമിനലുകൾക്ക് പ്രചോദനമാകും.. വെൽഫെയർ പാർട്ടി

റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധി വിചിത്രവും അമ്പരപ്പിക്കുന്നതാണെന്നും വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. തൊണ്ടിമുതലായ രക്തം പുരണ്ട മോട്ടോർ സൈക്കിൾ മകന്‍റേതാണെന്ന് മൂന്നാം പ്രതിയുടെ അമ്മ തന്നെ സമ്മതിച്ചിട്ടുണ്ട്. റിയാസ് മൗലവിയെ കുത്തിയതെന്ന് പറയുന്ന കത്തിയിൽ നിന്നുള്ള ഫൈബർ കണ്ടന്‍റ് ഒന്നാം പ്രതി എടുത്ത് കൊടുത്ത കത്തിയിൽ നിന്ന് കിട്ടിയതാണ്. ഒന്നാം പ്രതിയുടെ ശരീരത്തിൽ കണ്ട ചോരപ്പാടുകൾ കൊല്ലപ്പെട്ട റിയാസ് മൗലവിയുടേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും പ്രതികളെ വെറുതെ വിട്ടത് കേരളത്തിൽ പൊതുവിലും കാസർകോട് പ്രത്യേകിച്ചും സമാധാനാന്തരീക്ഷം ഇല്ലാതാക്കുന്നതാണെന്ന ആശങ്ക എക്സിക്യുട്ടീവ് പങ്ക് വെച്ചു.

കൃത്യം ചെയ്ത മൂന്ന് പേരിൽ മാത്രം കേന്ദ്രീകരിച്ച് കേസിനെ ദുർബലമാക്കുകയാണ് അന്വേഷണ സംഘം ചെയ്തിരിക്കുന്നത്. അതിൻ്റെ സ്വാഭാവിക പരിണിതിയാണ് വിചാരണയിൽ കണ്ടത്. സാക്ഷികളാരും കൂറുമാറാതിരുന്നിട്ടും എന്തു കൊണ്ടാണ് ഇത്തരത്തിൽ ഒരു വിധിയുണ്ടായത് എന്നതിന് പ്രോസിക്യൂഷൻ ഉത്തരം പറയണം. കേരളത്തിലെ ആഭ്യന്തര വകുപ്പും ഇടത് സർക്കാരും ഈ സംഭവത്തിന് ഉത്തരവാദികളാണ്. ആർ എസ് എസുകാർ പ്രതികളാകുന്ന കുറ്റകൃത്യങ്ങളിൽ കോടതികളിൽ നിന്ന് ഉദാസീന നിലപാടുകൾ വരുന്നത് സ്വാഭാവികമാണെന്ന് കരുതാനാവില്ല. സാധാരണ കൊലപാതക കേസുകളിൽ കീഴ്ക്കോടതികൾ കടുത്ത ശിക്ഷ വിധിക്കുന്നതാണ് നമ്മുടെ നീതിന്യായ സംവിധാനത്തിലെ പതിവ്. പിന്നീട് മേൽക്കോടതികളിലെ വിചാരണ നടപടിക്രമങ്ങളിൽ ശിക്ഷകൾ ലഘൂകരിക്കപ്പെടാറുണ്ട്.

എന്നാൽ ആർ എസ് എസ് ക്രിമിനലുകൾ പ്രതികളായി വരുന്ന കേസുകളിൽ കീഴക്കോടതികൾ തന്നെ ഏറ്റവും ലഘുവായ ശിക്ഷ പുറപ്പെടുവിക്കുകയോ കുറ്റവിമുക്തരായി പ്രഖ്യാപിക്കുകയോ ചെയ്യുന്നത് കോടതികളുടെ വിശ്വാസ്യതയെ തന്നെയാണ് ആദ്യം ബാധിക്കുന്നത്. റിയാസ് മൗലവി വധം കേവലം ഒരു കൊലപാതക കേസ് എന്നതിൽ ഉപരി സമൂഹത്തിൽ വംശീയ കലാപം ആളിക്കത്തിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത കൊലപാതകമാണ്. കോടതികൾ നീതിയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും നിയമാവാഴ്ചയുടെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിനും പകരം വംശീയ ശക്തികൾക്ക് ക്ലീൻ ചിറ്റ് നൽകി വരുന്ന പ്രവണതകൾ സമൂഹത്തിന്റെ കെട്ടുറപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും.

റിയാസ് മൗലവിയുടെ കുടുംബത്തോടൊപ്പം വെൽഫെയർ പാർട്ടി അടിയുറച്ച് നിൽക്കുന്നു. നിയമപോരാട്ടങ്ങൾക്ക് പാർട്ടിയുടെ സർവ പിന്തുണയും തുടർന്നും ഉണ്ടായിരിക്കും. വെൽഫെയർ പാർട്ടി ആക്ടിങ് പ്രസിഡന്റ് സി എച്ച് മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു. ഹമീദ് കക്കണ്ടം, മജീദ് നരിക്കോടൻ, സഫിയ സമീർ, അബ്ദുല്ലത്തീഫ് കുമ്പള തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷറഫ് പടന്ന സ്വാഗതവും സി എച്ച് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.


എന്തിനെയും മതവത്കരിച്ച് കുഴപ്പം സൃഷ്ടിക്കുക മുസ്‌ലിംകളുടെ അജണ്ടയല്ലെന്ന് മുഹമ്മദലി കിനാലൂർ

നാട്ടിൽ നടക്കുന്ന എന്തിനെയും മതവത്കരിച്ച് കുഴപ്പം സൃഷ്ടിക്കുക മുസ്‌ലിംകളുടെ ഒരു കാലത്തെയും അജണ്ടയല്ലെന്ന് എസ് വൈ എസ് നേതാവ് മുഹമ്മദലി കിനാലൂർ. ഒരു വൈകാരിക പ്രശ്നം എന്ന നിലയിലല്ല ഇന്നത്തെ കോടതി വിധിയെയും മുസ്‌ലിംകൾ കാണുന്നത്. കേരള പൊലീസ് ആരെയാണ് സമാധാനം പഠിപ്പിക്കുന്നത്. മുസ്‌ലിംകളെയോ? റിയാസ് മൗലവി കൊല്ലപ്പെട്ടപ്പോൾ വേദന പങ്കിട്ടുകൊണ്ട് തന്നെ നീതിക്ക് വേണ്ടി കാത്തിരുന്നവരാണ് ഇന്നാട്ടിലെ മുസ്‌ലിംകൾ. സമുദായത്തിലെ ഒരംഗം കുറഞ്ഞു എന്ന മട്ടിലല്ല ആ കൊലപാതകത്തെ മുസ്‌ലിംകൾ കണ്ടത്.

ഒരു പൗരൻ കൊല്ലപ്പെട്ടു. അദ്ദേഹത്തിന് കൊടുക്കാവുന്ന നീതി ആ കേസിലെ കുറ്റവാളികൾക്ക് ശിക്ഷ വാങ്ങികൊടുക്കുകയാണ്. റിയാസ് മൗലവി കേസിൽ അത് സംഭവിച്ചിട്ടില്ല. അദ്ദേഹത്തിന് നീതി കിട്ടിയില്ല. അത് വാങ്ങികൊടുക്കുന്നതിൽ വീഴ്ച ഉണ്ടായെങ്കിൽ പൊലീസ് കൂടി അതിന് ഉത്തരം പറയേണ്ടതുണ്ട്. ചെയ്യേണ്ട പണി ചെയ്യേണ്ട സമയത്ത് ചെയ്യാതെ, ഏതെങ്കിലുമൊരു കേസിൽ വിധി വരുമ്പോഴേക്കും ഇങ്ങനെ സമാധാനം പഠിപ്പിക്കാനിറങ്ങുന്നത് സാമാന്യം ബോറാണ്. ആരാണ് ഇവിടെ കാലങ്ങളായി വിദ്വേഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്നറിയാത്തവരാണോ കേരള പൊലീസ്.
 
Opinion | റിയാസ് മൗലവി വധം: 'കോടതി വിധി നിരാശാജനകവും ദൗർഭാഗ്യകരവും'; അഭിപ്രായവുമായി വിവിധ പാർടികളും നേതാക്കളും സംഘടനകളും; ഗൂഢാലോചന അന്വേഷിച്ചില്ലെന്നും വിമർശനം

ആർ എസ് എസുകാർ ഇന്ന് ശിക്ഷിക്കപ്പെട്ടിരുന്നുവെങ്കിൽ ഇതേപോലൊരു മുന്നറിയിപ്പ് കാർഡ് പൊലീസ് ഇറക്കുമായിരുന്നോ. വിദ്വേഷം പ്രചരിപ്പിക്കരുത് എന്ന് ആർ എസ് എസിനെ ഉപദേശിക്കുമായിരുന്നോ. മുൻകാലങ്ങളിൽ അങ്ങനെ സംഭവിച്ചിട്ടുണ്ടോ. കേസിൽ ആർ എസ് എസുകാരെ വെറുതെ വിടുമ്പോഴേക്ക് മുസ്‌ലിം വികാരം വ്രണപ്പെടും, അവർ ചാടിയിറങ്ങി വിദ്വേഷം പ്രചരിപ്പിക്കും എന്ന മുൻവിധി അല്ലാതെ മറ്റെന്താണ് ഈ മുന്നറിയിപ്പ് കാർഡ്. ഇനി അതല്ല, വിധിയുടെ പശ്ചാത്തലത്തിൽ ആർ എസ് എസിനെ കുറിച്ച് ആരുമൊന്നും പറയരുത് എന്നാണ് പൊലീസ് ഉദ്ദേശിച്ചതെങ്കിൽ അതങ്ങ് നാഗ്പൂരിൽ പറഞ്ഞാൽ മതിയെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.



Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Riyaz Moulavi murder: Various parties, leaders and organizations about on court verdict.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL