city-gold-ad-for-blogger

കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന് സ്ഥലപരിമിതി വിനയാകും; തുടക്കത്തില്‍ 5 പേരെ വെച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ ശുപാര്‍ശ, ആര്‍ എം എസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാല്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന് പൂര്‍ണമായ സ്ഥലസൗകര്യമാകും

കാസര്‍കോട്: (www.kasargodvartha.com 10/02/2017) കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന് സ്ഥലപരിമിതി വിനയാകുമെന്ന് ബന്ധപ്പെട്ടവര്‍ സൂചന നല്‍കി. 12 ഉദ്യോഗസ്ഥരെ വെച്ച് സേവാകേന്ദ്രം പ്രവര്‍ത്തനമാരംഭിക്കാനാണ് സര്‍ക്കാര്‍ ബജറ്റില്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനാവശ്യമായ സ്ഥലസൗകര്യം കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് ഇല്ലെന്നാണ് കോഴിക്കോട് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി മധുസൂദനന്‍ മുഖ്യപാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നത്.

ഒരു ദിവസം 200 പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യമാണ് ആവശ്യമുള്ളത്. എന്നാല്‍ നിലവില്‍ 50 പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യത്തോടെ സേവാകേന്ദ്രം ആരംഭിക്കാമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഇപ്പോള്‍ ഹെഡ്‌പോസ്റ്റ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ എം എസ് സംവിധാനം തൊട്ടടുത്ത നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സിലേക്കോ മറ്റോ മാറ്റിയാല്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഹെഡ്‌പോസ്‌റ്റോഫീസില്‍ തന്നെ പൂര്‍ണസൗകര്യത്തോടെ തുടങ്ങാന്‍ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ഇതിന് ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകുമോ എന്നതാണ് വിഷയം.

പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം (POPSK) സ്ഥാപിക്കണമെന്നുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. ഫെബ്രുവരി 28 ന് മുമ്പ് പ്രവര്‍ത്തനം തുടങ്ങണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് പെട്ടെന്ന് സാധ്യമാകില്ലെന്നാണ് കോഴിക്കോട് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ പി മധുസൂദനന്‍ പറയുന്നത്. പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം നിര്‍മ്മിക്കണമെങ്കില്‍ മിനിമം 700 സ്‌ക്വയര്‍ ഫീറ്റ് സ്ഥലമെങ്കിലും വേണം. എന്നാല്‍ ഇവിടെ അനുവദിച്ചിട്ടുള്ളത് 335 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം മാത്രമാണ്. ഇതോടനുബന്ധിച്ച് ഒരു ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ പോലും സാധിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിലവിലുള്ള സ്ഥലത്തു ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ (TCS) മൂന്ന് സ്റ്റാഫിനും പാസ്‌പോര്‍ട്ട് ഓഫീസിലെ രണ്ട് ജോലിക്കാര്‍ക്കും മാത്രമേ സൗകര്യമുള്ളൂ. ബില്‍ഡിംഗിന്റെ ഇരു വശവും റോഡായാതിനാല്‍ തന്നെ അപേക്ഷകര്‍ക്കുള്ള വിശ്രമ സ്ഥലവും സാധ്യമാകില്ലെന്നും റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പറയുന്നു.

മുഖ്യ പാസ്‌പോര്‍ട്ട് ഓഫീസറായ അരുണ്‍ കെ ചാറ്റര്‍ജിയുടെ ഉത്തരവനുസരിച്ച് ഫെബ്രുവരി 28 ന് തന്നെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തനമാരംഭിക്കണം. സേവാ കേന്ദ്രത്തില്‍ ആറ് കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് വേണം, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ നിന്നുള്ള ഒരു ടീം ലീഡറും ഒരു റെസിഡന്റ് എന്‍ജിനീയറും വേണം. ഇതു കൂടാതെ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നുള്ള രണ്ട് വെരിഫൈ ഓഫീസര്‍മാരും രണ്ട് ഗ്രാന്‍ഡിങ് ഓഫീസറുടെ സേവനവും ആവശ്യമുണ്ട്. ഇത്രയും ആളുകളുണ്ടെങ്കില്‍ ദിനംപ്രതി 200 ഓളം അപേക്ഷകള്‍ പരിഗണിക്കാന്‍ കഴിയും. എന്നാല്‍ നിലവിലെ സ്ഥലം വെച്ചു നോക്കുകയാണെങ്കില്‍ 50 അപേക്ഷകള്‍ മാത്രമേ പരിശോധിക്കാന്‍ കഴിയുകയുള്ളൂ, അതുമല്ല, ഒരു ടോയ്‌ലറ്റോ, വിശ്രമ കേന്ദ്രമോ സ്ഥാപിക്കാനുള്ള സൗകര്യവും ഇല്ല- മധുസൂദനന്‍ പറഞ്ഞു.

പി കരുണാകരന്‍ എം പി മുഖേനയാണ് വീണ്ടും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം കാസര്‍കോട് വേണമെന്നുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഈ ആവശ്യത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ട്. നിലവില്‍ കാസര്‍കോട്ടുള്ളവര്‍ അടുത്ത പ്രദേശമായ പയ്യന്നൂരാണ് അപേക്ഷക്കായി പോകുന്നത്. അവിടെ 400 ഓളം അപേക്ഷകള്‍ ഒരു ദിവസം സ്വീകരിക്കാന്‍ കഴിയും. അവിടെ ഏറ്റവും കൂടുതല്‍ വരുന്ന അപേക്ഷകര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. നവംബര്‍ 2016 വരെയുള്ള കണക്കനുസരിച്ച് 61742 അപേക്ഷകളാണ് പയ്യന്നൂരിൽ വന്നത്. അതില്‍ 44844 ഉം കാസര്‍കോട് നിന്നുള്ളവയാണ്. 2015 ല്‍ 71378 അപേക്ഷകളില്‍ 52173 ഉം കാസര്‍കോട് നിന്നുള്ളവയായിരുന്നു.

കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന് സ്ഥലപരിമിതി വിനയാകും; തുടക്കത്തില്‍ 5 പേരെ വെച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ ശുപാര്‍ശ, ആര്‍ എം എസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാല്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന് പൂര്‍ണമായ സ്ഥലസൗകര്യമാകും

കാസര്‍കോട്ട് പാസ്‌പ്പോര്‍ട്ട് ഓഫീസ് സേവാ കേന്ദ്രം വരേണ്ടത് അത്യാവശ്യമാണെന്ന് കോഴിക്കോട് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറും പറയുന്നു. നിലവിലെ സ്ഥലസൗകര്യം സംബന്ധിച്ച് സത്യസന്ധമായ റിപോര്‍ട്ട് മുഖ്യ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മുഖ്യപാസ്‌പോര്‍ട്ട് ഓഫീസറുടെ അനുമതിയുണ്ടെങ്കില്‍ തുടക്കത്തില്‍ 50 അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു.

ഹെഡ്‌പോസ്‌റ്റോഫീസിന് പിറകിലെ പോസ്റ്റല്‍ സൂപ്രണ്ടിന്റെ ക്വാട്ടേഴ്‌സ് പുതുക്കിപ്പണിതാല്‍ സേവാകേന്ദ്രം എല്ലാ സൗകര്യങ്ങളോടെയും പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്വാര്‍ട്ടേഴ്‌സിന്റെ മേല്‍കൂര ചോര്‍ന്നൊലിക്കുന്നതിനാല്‍ ഇപ്പോള്‍ ഉപയോഗിക്കാതെ കിടക്കുകയാണ്. ചുമരുകള്‍ മാത്രം നിലനിര്‍ത്തി കോണ്‍ക്രീറ്റ് മേല്‍കൂര നന്നാക്കിയെടുക്കണമെങ്കില്‍ 10 ലക്ഷത്തോളം രൂപ ചിലവുവരും. എന്നാല്‍ ഈ തുക പെട്ടെന്ന് കണ്ടെത്തണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്. എം.പിയുടെയും മറ്റും ഇടപെടല്‍ ഉണ്ടായാല്‍ തുക അനുവദിച്ചേക്കും. സൗകര്യമുണ്ടെങ്കില്‍ പൂര്‍ണമായ രീതിയിലായിരിക്കും കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കുകയെന്നും അപേക്ഷകരുടെ എല്ലാ കാര്യങ്ങളും കാസര്‍കോട്ട് വെച്ച് തന്നെ നടത്തുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kasaragod, Kerala, Post Office, Passport, Regional Passport Office under pressure to open Sevakendra in Kasaragod; but no enough facilities

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia