Extension | റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷ വാർത്ത: മസ്റ്ററിംഗ് സമയപരിധി നീട്ടി; ഒക്ടോബർ 25 വരെ അവസരമെന്ന് ഭക്ഷ്യ മന്ത്രി
● കിടപ്പ് രോഗികൾ, വിദേശത്തുള്ളവർ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന
● എല്ലാ റേഷൻ കടകളിലും മസ്റ്ററിംഗ് നടപടികൾ പുരോഗമിക്കുന്നു
● സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മസ്റ്ററിംഗ് നടപടികൾ ആരംഭിച്ചത്.
തിരുവനന്തപുരം: (KasargodVartha) സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട റേഷന്‍ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബര്‍ 25 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ അറിയിച്ചു. ഇ കെ വിജയന്‍ എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കല്‍ നോടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സർകാർ നിശ്ചയിച്ച സമയപരിധി ഒക്ടോബർ എട്ടിന് അവസാനിച്ച സാഹചര്യത്തില്‍ ധാരാളം ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ളതിനാലാണ് ഈ തീരുമാനം.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) ഗുണഭോക്താക്കളുടെ മസ്റ്ററിങ് മസ്റ്ററിംഗ് ആരംഭിച്ചത്. എന്നാല്‍, ഒക്ടോബര്‍ എട്ട് വരെ 79.79% മുന്‍ഗണനാ ഗുണഭോക്താക്കളുടെ മസ്റ്ററിങ് മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്.
മുന്‍ഗണന കാർഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേര്‍ക്കും മസ്റ്ററിംഗില്‍ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുമുണ്ടെന്നും മന്ത്രി അറിയിച്ചു.
മസ്റ്ററിംഗിനായി റേഷന്‍കടകളിലെത്താന്‍ കഴിയാത്ത കിടപ്പ് രോഗികള്‍, ഇ-പോസില്‍ വിരലടയാളം പതിയാത്തവര്‍, പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ മസ്റ്ററിംഗിന്റെ ആദ്യഘട്ടത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. രണ്ടാം ഘട്ടത്തില്‍, റേഷന്‍ വ്യാപാരികളുടെ സഹായത്തോടെ വീടുകളില്‍ നേരിട്ടെത്തി ഐറിസ് സ്കാനര്‍ ഉപയോഗിച്ച് മസ്റ്ററിങ് നടത്തുന്നതിനാവശ്യമായ നിര്‍ദേശം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.
പഠനാവശ്യം മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതാത് സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് നടത്താന്‍ കഴിയുമെന്നാണ് കേന്ദ്രസര്‍കാര്‍ അറിയിച്ചിട്ടുള്ളത്. ഇതിനായി പരമാവധി സമയം അനുവദിക്കുന്നതാണ്. തൊഴില്‍ ആവശ്യാർത്ഥം വിദേശത്ത് താമസിക്കുന്നവര്‍ക്ക് എൻആർകെ സ്റ്റാറ്റസ് (നോണ്‍ റസിഡന്റ് കേരള) നല്‍കി കാർഡില്‍ നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്.
അതിനോടൊപ്പം മുന്‍ഗണനാപട്ടികയിലുള്ള മുഴുവന്‍ അംഗങ്ങളുടെയും മസ്റ്ററിംഗ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീര്‍ഘിപ്പിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കുമെന്നും മന്ത്രി സഭയില്‍ അറിയിച്ചു. എല്ലാ റേഷൻ കടകളിലും കാർഡ് അംഗങ്ങൾ എത്തിയാൽ മസ്റ്ററിംഗ് നടത്താം. ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ നൽകണം. കാർഡിൽ ഉൾപ്പെട്ടവർ നേരിട്ടെത്തി ഇ-പോസിൽ വിരൽ പതിക്കേണ്ടതാണ്.
#Kerala #rationcard #mustering #deadlineextension #keralagovt #socialwelfare