Rajmohan Unnithan | കോൺഗ്രസിൽ വെടിപൊട്ടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ; പാർടി പുന:സംഘടന വൈകുന്നതിൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത്; 'കേരളത്തിൽ കോൺഗ്രസിന്റെ പോക്ക് അപകടത്തിലേക്ക്; ഉത്തരവാദികൾ ഇപ്പോഴത്തെ നേതൃത്വം'
Dec 29, 2022, 12:48 IST
കാസർകോട്: (www.kasargodvartha.com) കോൺഗ്രസിൽ പുന:സംഘടന വൈകുന്നതിൽ ശക്തമായ പ്രതിഷേധവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. കേരളത്തിൽ കോൺഗ്രസിന്റെ പോക്ക് അപകടത്തിലേക്കാണെന്നും ഉത്തരവാദികൾ ഇപ്പോഴത്തെ നേതൃത്വമാണെന്നും കണ്ണൂരിൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. അസുഖത്തെ തുടർന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കുറച്ച് നാളുകളായി സംഘടനാ പ്രവർത്തനം ശരിയായി മുന്നോട്ട് കൊണ്ടുപോകാനായിട്ടില്ല. സുധാകരനെ ലക്ഷ്യമാക്കിയാണ് ഉണ്ണിത്താൻ വെടിപൊട്ടിച്ചതെന്നാണ് സൂചന.
കോൺഗ്രസിൽ വീണ്ടും ഗ്രൂപ് പോരിന് തുടക്കമിടാനുള്ള നീക്കം പാർടിക്കുള്ളിലെ എ, ഐ ഗ്രൂപുകൾ നടത്തിവരുന്നുണ്ട്. ഇതിന്റെ തുടക്കമാണ് ഉണ്ണിത്താന്റെ പ്രതികരണമെന്ന് വിലയിരുത്തുന്നുണ്ട്. ഇ പി ജയരാജന് എതിരെയുള്ള പി ജയരാജന്റെ അഴിമതി ആരോപണവും സിപിഎമിൽ അതുണ്ടാക്കിയിട്ടുള്ള പ്രതിസന്ധിയും മുതലെടുക്കാൻ പാർടിയുടെ ഇപ്പോഴത്തെ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന വിമർശനം നില നിൽക്കുന്നുണ്ട്. ഇക്കാര്യങ്ങൾ ഉയർത്തി സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുകച്ചു പുറത്തുചാടിക്കാനുള്ള ശക്തമായ നീക്കം പാർടിക്കുള്ളിൽ നടക്കുകയാണ്.
'വിനാശകാലേ വിപരീത ബുദ്ധി എന്ന സ്ഥിതിയാണ്. ഒന്നര വർഷമായി പാർട്ടിയിൽ ഒരുതട്ടിലും പുന:സംഘട ഉണ്ടായിട്ടില്ല. വീഴ്ചയുടെ കുറ്റവും പിതൃത്വവും ഈ നേതാക്കൾ ഏറ്റെടുക്കണം', ഉണ്ണിത്താൻ ചാനലിനോട് പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരെ നിയമിച്ചു. എന്നാൽ ഡിസിസികൾ പുനസംഘടിപ്പിച്ചില്ല, ബ്ലോക് പ്രസിഡൻ്റുമാരേയും മണ്ഡലം പ്രസിഡൻ്റുമാരേയും ഇതുവരെ പുന:സംഘടിപ്പിക്കാൻ സാധിച്ചിട്ടില്ലെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.
ഇക്കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർ മറുപടി പറയണം. അടിയന്തരമായി പുന:സംഘടന പൂർത്തിയാക്കണം. ഇല്ലെങ്കിൽ കാര്യങ്ങൾ അപകടത്തിലാവും. പാർടിയുടെ താഴെത്തട്ട് വരെയുള്ള പുനസംഘടന പൂർത്തിയാക്കിയേ മതിയാവൂ. ഈ അവസ്ഥയ്ക്ക് കാരണം ഇപ്പോഴത്തെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വമാണ്. ആ നേതൃത്വത്തിൽ ആരൊക്കെ ഉൾപ്പെടുന്നോ അവരെല്ലാം ഈ അവസ്ഥയ്ക്ക് മറുപടി പറഞ്ഞേ മതിയാവൂവെന്നും ഉണ്ണിത്താൻ ശക്തമായി തന്നെ പ്രതികരിച്ചു.
Keywords: Rajmohan Unnithan against Congress leadership, Kerala,Kasaragod,news,Top-Headlines,Latest-News,Rajmohan Unnithan,Congress,KPCC-president.