Damaged Road | ഇരുചക്രവാഹന യാത്രക്കാർ ശ്രദ്ധിക്കുക! മഴ തുടങ്ങിയതോടെ മരണക്കെണിയായി റോഡിൽ കുണ്ടും കുഴികളും
മഴയിൽ കല്ലിളകി ഓരോ ദിവസവും കുഴിയുടെ വലുപ്പം കൂടിവരുകയാണ്
കാസർകോട്: (KasaragodVartha) കാലവർഷം ശക്തി പ്രാപിച്ചതോടെ റോഡുകൾ തകർന്നത് ഇരുചക്ര വാഹന യാത്രക്കാർക്ക് ജീവന് തന്നെ ഭീഷണി ഉയർത്തുന്നു. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ റോഡുകളിൽ കുണ്ടും കുഴികളും രൂപപ്പെട്ടിരിക്കുന്നത് വാഹന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. റോഡും കുഴിയും തിരിച്ചറിയാനാവാത്ത സ്ഥിതിയാണുള്ളത്. ഇത് ഇരുചക്രവാഹന യാത്രക്കാർക്ക് മരണക്കെണിയായി മാറിയിരിക്കുകയാണ്.
കുടുംബമായും കുട്ടികളുമായും മിക്കവരും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നത് ജീവൻ പണയപ്പെടുത്തിയാണ്. കുഴി വെട്ടിക്കുന്നതിനിടയിൽ മറ്റൊരു കുഴിയിൽ വീഴാവുന്ന സാഹചര്യമാണ് ഉള്ളത്. കുഴി ദൂരെനിന്ന് ശ്രദ്ധയിൽപ്പെടുകയുമില്ല. അതിനാൽ കുറച്ചധികം വേഗതയിൽ വരുന്നവർ അപകടത്തിൽ പെടാനുള്ള സാധ്യത കൂടുതലാണ്. മഴയിൽ കല്ലിളകി ഓരോ ദിവസവും കുഴിയുടെ വലുപ്പം കൂടിവരുകയാണ്. ആയുസിന്റെ ദൈർഘ്യംകൊണ്ടാണ് അപകടത്തിൽപ്പെടാത്തതെന്ന് പലരും പറയുന്നു.
ദേശീയപാത പ്രവൃത്തികൾ നടക്കുന്ന ഇടങ്ങളിലും വലിയ അപകട ഭീഷണികളുണ്ട്. ചില സർവീസ് റോഡുകളിൽ ജെല്ലിക്കല്ലുകൾ ചിതറിക്കിടക്കുന്നത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതിനും കാരണമാകുന്നു. ദേശീയപാത പ്രവൃത്തി നടക്കുന്ന തലപ്പാടി - ചെങ്കള റീചിലെ മൊഗ്രാൽ പുത്തൂർ കടവത്ത് ഒരു ഭാഗത്ത് റോഡ് തന്നെയില്ലാത്ത സ്ഥിതിയുമുണ്ട്. ഇവിടെ വാഹനം ഓടിക്കുന്നവർക്ക് മറുഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നതിനൊപ്പം കുഴികളും കല്ലുകളും ശ്രദ്ധിക്കേണ്ട സ്ഥിതിവിശേഷവുമുണ്ട്.
കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ സ്ഥിതിയും ദയനീയമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ ചെറുതും വലുതുമായ നിരവധി കുഴികളാണ് എങ്ങുമുള്ളത്. വളരെ സാഹസപ്പെട്ടാണ് ഈ പാതയിലൂടെ വാഹന യാത്രക്കാർ കടന്നുപോകുന്നത്. മഴയ്ക്ക് മുമ്പ് തന്നെ റോഡിൽ അറ്റകുറ്റപ്പണികൾ നടത്താത്തതും പ്രശ്‌നം സങ്കീർണമാക്കി.
ഇരുചക്ര വാഹന യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഞാണിന്മേൽകളിയാണ് മഴക്കാലത്ത് റോഡുകളിലൂടെയുള്ള യാത്ര. ചീറിപ്പാഞ്ഞുവരുന്ന മീൻ ലോറികളും ടാങ്കർ ലോറി അടക്കമുള്ള വലിയ വാഹനങ്ങളും മുമ്പിലൂടെയും പിന്നിലൂടെയും കടന്നുപോകുമ്പോൾ ഇരുചക്രവാഹനങ്ങൾക്ക് പലപ്പോഴും പരിഗണന കിട്ടാറില്ല. ഹെൽമെറ്റും മഴക്കോട്ടും ധരിച്ച് യാത്ര ചെയ്യുക എന്നത്, പ്രത്യേകിച്ചും രാത്രിയിൽ ഏറെ അപകടം നിറഞ്ഞതാണ്. മുമ്പിലെ കാഴ്ചകൾ തന്നെ മറയാറുമുണ്ട്. ചെറിയൊരു പിഴവ് പോലും വലിയ അപകടത്തിലേക്ക് തള്ളിവിട്ടേക്കാം.
മഴയെ തുടർന്ന് വെള്ളത്താൽ മൂടപ്പെട്ട കുഴികളുടെ ആഴം എത്രയെന്ന് അറിയാൻ യാത്രക്കാർക്കാകില്ല. പലരും ഇത്തരം കുഴികളിൽ എത്ര ശ്രദ്ധിച്ചാലും ചെന്നുവീഴുന്നുണ്ട്. പലപ്പോഴും ജെല്ലിക്കല്ലുകൾ കൊണ്ട് വന്ന് പാകിയാണ് കുഴികൾ അടക്കാറുള്ളത്. ഇത് ഏറെ അപകടകമാണ് സൃഷ്ടിക്കുന്നത്. ഇടയ്ക്കിടെ കനത്ത മഴയുള്ളതിനാൽ കല്ലുകൾ ഒലിച്ചുപോകുകയും റോഡിൽ ചിതറികിടക്കുകയും ചെയ്യുന്നു. ഇത് ഇരുചക്ര വാഹന യാത്രക്കാർക്ക് വലിയ വെല്ലുവിളിയാണ്, പലപ്പോഴും ഇരുചക്രവാഹനങ്ങൾ തെന്നിമാറുന്നതിന് കാരണമാകുന്നു.
ദേശീയപാതയിൽ മിക്കയിടത്തും വെള്ളം ഒഴുകിപ്പോകുന്നതിന് സംവിധാനം ഇല്ലാത്തതിനാൽ വെള്ളക്കെട്ടും രൂക്ഷമാണ്. ഇരുചക്ര വാഹന യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇത് പേടിസ്വപ്നമാണ്. ആളുകൾ അപകടത്തിൽപ്പെടുമ്പോൾ മാത്രമേ അധികൃതർ റോഡിലെ കുഴികളെക്കുറിച്ചും മറ്റും ആലോചിക്കുകയുള്ളൂവെന്നാണ് ആക്ഷേപം. മഴക്കാലത്ത് ഏറ്റവും കൂടുതൽ അപകടത്തിൽപെടുന്നതും മരണപ്പെടുന്നതും ഇരുചക്ര വാഹന യാത്രക്കാരാണ്. അപകടം കുറയ്ക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്നും നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.