city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Allegation | നിറഞ്ഞ സദസില്‍ പിവി അന്‍വറിന്റെ ആദ്യ രാഷ്ട്രീയ വിശദീകരണ യോഗം; കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുകയാണെന്ന് നിലമ്പൂര്‍ എംഎല്‍എ

PV Anvar's First Political Meeting After Dispute with CPM
Photo Credit: Facebook / PV Anvar

● നിലമ്പൂര്‍ ജനതപ്പടി മുതല്‍ വെളിയന്തോട് വരെ നാലു കിലോമീറ്റര്‍ ദൂരം റോഡ് പൊലീസ് നിയന്ത്രണത്തില്‍
● പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു

മലപ്പുറം: (KasargodVartha) സിപിഎമ്മുമായി ഇടഞ്ഞ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ ആദ്യ രാഷ്ട്രീയ വിശദീകരണ യോഗം നടന്നത് നിറഞ്ഞ സദസില്‍. സിപിഎമ്മിന്റെ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന ഇഎ സുകു ആണ് പൊതുസമ്മേളനത്തിന് സ്വാഗതം ആശംസിച്ചത്. അദ്ദേഹം നേരത്തെ തന്നെ അന്‍വറിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

യോഗം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പു തന്നെ സമ്മേളന നഗരിയായ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡിനു സമീപത്തെ മൈതാനം നിറഞ്ഞിരുന്നു. നിലമ്പൂര്‍ ജനതപ്പടി മുതല്‍ വെളിയന്തോട് വരെ നാലു കിലോമീറ്റര്‍ ദൂരം റോഡ് പൊലീസ് നിയന്ത്രണത്തിലാണ്. ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു. സമ്മേളന നഗരിയിലും പരിസരങ്ങിലും നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം രക്തസാക്ഷി പുഷ്പനെ അനുസ്മരിച്ചാണ് അന്‍വര്‍ പ്രസംഗം തുടങ്ങിയത്. എന്തിനും ഏതിനും മനുഷ്യനെ വര്‍ഗീയമായി കാണുന്ന കാലത്തിലേക്ക് കേരളം നീങ്ങുകയാണെന്ന് അന്‍വര്‍ പറഞ്ഞു. അന്‍വറിന്റെ പ്രസംഗത്തിനായി കാത്തുനിന്ന പ്രവര്‍ത്തകര്‍ ഇന്‍ക്വിലാബ് സിന്ദാബാദ് വിളികളുമായാണ് യോഗസ്ഥലത്തേക്ക് വരവേറ്റത്. 

വിവിധ വിഷയങ്ങള്‍ അന്‍വര്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും അത് വായിച്ച് കേട്ടശേഷം അദ്ദേഹം നല്‍കിയ മറുപടി അടക്കം അന്‍വര്‍ തുറന്നുപറഞ്ഞു. തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുകയാണെന്നതടക്കം അദ്ദേഹം ആരോപിച്ചു. 


ഞാന്‍ പിണറായി വിജയനെ രാഷ്ട്രീയത്തില്‍ വിശ്വസിച്ച മനുഷ്യനായിരുന്നുവെന്ന് പറഞ്ഞ അന്‍വര്‍ എന്റെ ഹൃദയത്തില്‍ പിണറായി എന്റെ വാപ്പ തന്നെയായിരുന്നു എന്നും വ്യക്തമാക്കി. എത്ര റിസ്‌കാണ് അദ്ദേഹം ഈ പാര്‍ട്ടിക്കു വേണ്ടിയെടുത്തത്. പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ഉയര്‍ത്തിയ എത്ര അനാവശ്യ ആരോപണങ്ങളെ ഞാന്‍ തടുത്തു. ഒരിക്കലും ആ പാര്‍ട്ടിയെയോ പാര്‍ട്ടി പ്രവര്‍ത്തകരെയോ ഞാന്‍ തള്ളിക്കളയില്ലെന്നും അന്‍വര്‍ പറഞ്ഞു.
 

അന്‍വറിന്റെ വാക്കുകള്‍

എന്റെ നിലപാടുകള്‍ പറയാന്‍ പോവുകയാണ്. സര്‍ക്കാര്‍ പരിപാടികളില്‍ പ്രാര്‍ഥന ഒഴിവാക്കണമെന്നു നിരവധി തവണ പറഞ്ഞ കാര്യമാണ്. പാദം തൊട്ട് അര വരെ പ്ലാസ്റ്ററിട്ട വ്യക്തി പട്ടയ മേളയുടെ സദസിന്റെ മുന്നില്‍ നില്‍ക്കുകയാണ്. ഈശ്വര പ്രാര്‍ഥന നടക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം. ഈശ്വര പ്രാര്‍ഥന ഒഴിവാക്കണമെന്നു നിയമസഭയില്‍ എഴുതിക്കൊടുത്തു. സര്‍ക്കാര്‍ ചടങ്ങുകളില്‍ ഒരു പ്രാര്‍ഥനയും ഉണ്ടാകരുതെന്നാണ് അഭിപ്രായം. ബാങ്ക് വിളിക്കുന്നതില്‍ സാമുദായിക നേതാക്കള്‍ ഇടപെടണം. ബാങ്ക് വിളിയുടെ സമയം ഒന്നാക്കാന്‍ വേണ്ടിയെങ്കിലും മുജാഹിദും സുന്നിയും മറ്റുള്ളവരുമൊക്കെ ഒന്നിക്കണം.

ഒരാള്‍ വിഷയം ഉന്നയിച്ചാല്‍ വിഷയത്തിനു പകരം അവന്റെ പേരാണ് നോക്കുന്നത്. എന്റെ പേര് അന്‍വര്‍ എന്നായതുകൊണ്ട് മുസ്ലിം വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുകയാണ്. ഈ രീതിയില്‍ നിങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല. ഞാന്‍ അഞ്ചു നേരം നമസ്‌കരിക്കുമെന്ന് പറഞ്ഞതാണ് ഇപ്പോഴത്തെ ചര്‍ച്ച. 

ഓം ശാന്തി, ആകാശത്തുള്ള കര്‍ത്താവ് ഭൂമിയിലുള്ള മനുഷ്യരെ അനുഗ്രഹിക്കട്ടെ, അസലാമു അലൈകും, ലാല്‍സലാം സഖാക്കളെ, ഇതെല്ലാം ഒന്നാണ്. ബ്രീട്ടീഷുകാരോട് പോരാടി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുപാട് ത്യാഗം സഹിച്ച കുടുംബമാണ് എന്റേത്. ഇന്ത്യാ വിഭജനം നടക്കാതിരിക്കാന്‍ ധാരാളം സമ്പത്തു ചെലവഴിച്ച തറവാടാണ് എന്റേത്. 

ഒരുത്തന്റെ മുഖത്തുനോക്കി ഒരടിസ്ഥാനവുമില്ലാതെയാണ് വര്‍ഗീയവാദിയെന്നു പറയുന്നത്. ഇസ്‌ലാമിനെ മനസിലാക്കാത്തതു കൊണ്ടാണ് അങ്ങനെ പറയുന്നത്. അന്യ മതസ്ഥാപനത്തെ നെറ്റിചുളിച്ച് നോക്കരുതെന്നാണു ഖുറാന്‍ പറയുന്നത്. ഇതാദ്യം പഠിക്കണം. ആര്‍ക്കുവേണ്ടിയാണോ പോരാട്ടം നടത്തിയത് അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനം.

വര്‍ഗീയവാദിയാക്കി ചാപ്പ കുത്താന്‍ എളുപ്പമാണ്. പറഞ്ഞു പറഞ്ഞു തന്നെ മുന്നോട്ടുപോകണം. മൊബൈല്‍ ഫോണ്‍ അടിമകളാണ് ചെറുപ്പക്കാര്‍. നാട്ടില്‍ നടക്കുന്ന ഒരു കാര്യവും യുവസമൂഹം അറിയുന്നില്ല. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ഭരണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ആര്‍ക്കും സമയമില്ല. ഫാഷിസം കടന്നുവരുന്നത് മൊബൈല്‍ ഫോണിലൂടെയാണ്. 

കേരളം സ്‌ഫോടനാത്മകമായ അവസ്ഥയില്‍ നില്‍ക്കുകയാണ്. പൊലീസുകാരില്‍ 25 ശതമാനം പൂര്‍ണമായും ക്രിമിനലുകളാണ്. ക്രിമിനല്‍ വല്‍ക്കരണം രാജ്യത്തിന്റെ പൊതുമുതല്‍ പോലും അടിച്ചുമാറ്റുന്നു. വിമാനത്താവളം വഴി വരുന്ന സ്വര്‍ണം അടിച്ചുമാറ്റുന്നു. അതുമായി ബന്ധപ്പെട്ടു നാട്ടില്‍ കൊലപാതകങ്ങള്‍ നടക്കുന്നു.

പൊലീസ് നടപടി സ്വീകരിക്കുന്നതു കൊണ്ട് കള്ളക്കടത്ത് നടത്താന്‍ കള്ളക്കടത്തുകാര്‍ക്കു ബുദ്ധിമുട്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് പൊളിറ്റിക്കല്‍ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. തെളിവുണ്ടോയെന്നാണു പൊളിറ്റിക്കല്‍ സെക്രട്ടറി ചോദിച്ചത്. അത്യാധുനിക സ്‌കാനിങ് സൗകര്യമുള്ള കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്രയുമധികം സ്വര്‍ണം പൊലീസ് എങ്ങനെയാണ് പിടിക്കുന്നത്? 

എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സഖാക്കളെ കൊണ്ടാണ് അവിടുത്തെ സ്‌കാനറിനെപ്പറ്റി ഇന്റര്‍നെറ്റിലൂടെ പരിശോധിച്ചത്. എങ്ങനെ കടത്തിയാലും സ്വര്‍ണം സ്‌കാനറില്‍ പതിയുമെന്ന് കണ്ടെത്തി. പിന്നെ എങ്ങനെയാണ് ഇത്രയും സ്വര്‍ണം പൊലീസ് പിടിച്ചത്? തുടര്‍ന്ന് ഈ അന്വേഷണം സ്വര്‍ണം കൊണ്ടുവരുന്നവരെ ചുറ്റിപ്പറ്റിയായി. പലരും വിദേശത്താണ്. ചിലരെ കണ്ടെത്തി അവരുമായി സംസാരിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലാക്കുന്നത്. രണ്ടു കിലോ സ്വര്‍ണം പിടിച്ചാല്‍ എത്ര കസ്റ്റംസിന് കൊടുക്കണമെന്ന് പൊലീസുകാരാണു തീരുമാനിക്കുന്നത്.

സ്വര്‍ണപ്പണിക്കാരന്‍ ഉണ്ണി കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ടുണ്ടാക്കിയ സമ്പത്ത് അന്വേഷണ ഏജന്‍സി അന്വേഷിച്ചാല്‍ മനസിലാകും. സംസ്ഥാനത്തെ ഭരണകക്ഷിക്കോ പൊലീസിനോ ഒരു അനക്കവുമില്ല. 158 ഓളം കേസുകളാണ് പൊലീസ് ഇത്തരത്തില്‍ പിടിച്ചിട്ടുള്ളതെന്ന് മൊഴിയെടുത്തപ്പോള്‍ ഐജിയോട് പറഞ്ഞു. പത്ത് ആളെയെങ്കിലും വിളിച്ചു ചോദിക്കാന്‍ ഐജിയോട് പറഞ്ഞു. ഒരാളെ വിളിച്ചിട്ടില്ല. ഇതാണോ അന്വേഷണം ?

ഞാന്‍ ഫോണ്‍ ചോര്‍ത്തിയതിനു കേസെടുത്തു. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുകയാണ്. ഞാന്‍ പിണറായി വിജയനെ രാഷ്ട്രീയത്തില്‍ വിശ്വസിച്ച മനുഷ്യനായിരുന്നു. എന്റെ ഹൃദയത്തില്‍ പിണറായി എന്റെ വാപ്പ തന്നെയായിരുന്നു. എത്ര റിസ്‌കാണ് അദ്ദേഹം ഈ പാര്‍ട്ടിക്കു വേണ്ടിയെടുത്തത്. പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ഉയര്‍ത്തിയ എത്ര അനാവശ്യ ആരോപണങ്ങളെ ഞാന്‍ തടുത്തു. ഒരിക്കലും ആ പാര്‍ട്ടിയെയോ പാര്‍ട്ടി പ്രവര്‍ത്തകരെയോ ഞാന്‍ തള്ളിക്കളയില്ല.

വളരെ വിശദമായാണു മുഖ്യന്ത്രി എന്റെ പരാതി കേട്ടത്. 37 മിനിറ്റാണ് മുഖ്യമന്ത്രിയുടെ അടുത്ത് ഇരുന്നത്. ഒമ്പത്  പേജുള്ള പരാതി വായിച്ചുതീരാന്‍ 10 മിനിറ്റെടുത്തു. ഓരോന്നും എന്നോട് ചോദിച്ചു. എന്റെ ഉള്ളെടുക്കാനാണെന്ന് എനിക്ക് അറിയില്ലായിരുന്നു. 2021ല്‍ ഞാനടക്കം ജയിച്ചത് സിഎം കാരണമാണ്. സിഎം കത്തിജ്വലിച്ച് നിന്ന സൂര്യനായിരുന്നു അന്ന്. ഇന്ന് ആ സൂര്യന്‍ കെട്ടുപോയിട്ടുണ്ട്. 

സിഎമ്മിന്റെ ഗ്രാഫ് നൂറില്‍ നിന്നും പൂജ്യം ആയിട്ടുണ്ട്. പൊളിറ്റിക്കല്‍ സെക്രട്ടറി, അവനാണ് കാരണക്കാരനെന്ന് ഞാന്‍ പറഞ്ഞു. അജിത് കുമാര്‍ ലോ ആന്‍ഡ് ഓര്‍ഡറില്‍ ഇരിക്കുന്നതും പ്രയാസമാണെന്ന് പറഞ്ഞു. എന്റെ തൊണ്ട ഇടറി. ഞാന്‍ വല്ലാതെ വിഷമിച്ചു, കണ്ണ് ചുമന്നു. ഞാന്‍ രണ്ട് മൂന്നു മിനിറ്റ് ഇരുന്ന് കണ്ണൊക്കെ തുടച്ചാണ് സിഎമ്മിന്റെ ഓഫിസില്‍ നിന്നിറങ്ങിയത്. 

പത്രക്കാര്‍ പുറത്തുണ്ടെന്ന് പറഞ്ഞപ്പോള്‍ നീ പറഞ്ഞോയെന്നാണ് സിഎം പറഞ്ഞത്. ഞാന്‍ തൃശൂരില്‍ എത്തിയപ്പോള്‍ സുജിത്ത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന വാര്‍ത്ത വരികയാണ്. നാല് ഡി വൈ എസ് പിമാരെ ട്രാന്‍സ്ഫര്‍  ചെയ്തു. പലരും ചോദിച്ചു സന്തോഷമായില്ലേ എന്ന്, ആശ്വാസമായി എന്ന് പറഞ്ഞു. ശശിധരനു പകരം ആരെ എസ് പി ആക്കണമെന്ന് എന്നോട് ചോദിച്ചു. ആരുടെയും പേര് ഞാന്‍ പറഞ്ഞില്ല- എന്നും അന്‍വര്‍ പറഞ്ഞു.

#PVAnvar #KeralaPolitics #NilamburMLA #CPMControversy #KeralaNews #PoliticalSpeech

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia